ജീവനും ശാസ്ത്രവും
സർവജീവജാലങ്ങളുടെയും പെറ്റമ്മയുംപോറ്റമ്മയുമാണ് ഭൂമി. സസ്യങ്ങളും ജന്തുക്കളുമാണ് സർവംസഹയായ ഭൂമിയുടെ സന്തതികൾ. ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇവയും പരിസ്ഥിതിയും തമ്മിലുള്ളബന്ധത്തെക്കുറിച്ചും ജീവശാസ്ത്രം പ്രതിപാദിക്കുന്നു. പുരാതന ശാസ്ത്രങ്ങളിൽ ഒന്നാണിത്.
ഈ ശാസ്ത്രത്തിലെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായി പറയാനുള്ള തെളിവുകളില്ല എന്നതാണ് സത്യം. അതിനാൽ ചരിത്രാതീതകാലത്തുതന്നെ ജീവശാസ്ത്രവും പിറന്നിരിക്കാം എന്നാണ് നിഗമനം.
സൂക്ഷ്മാണു സിദ്ധാന്തം
സൂക്ഷ്മാണുക്കളെക്കുറിച്ച് പഠനം നടത്തിയ പ്രമുഖ ജീവശാസ്ത്രജ്ഞരാണ് ലൂയിപാസ്ച്ചറും റോബർട്ട് കോച്ചും. ഇവരുടെ ഗവേഷണങ്ങളാണ് സൂക്ഷ്മാണു സിദ്ധാന്തത്തിന്റെ രൂപീകരണത്തിന് വഴി തെളിച്ചത്.
ചിലസാംക്രമിക രോഗങ്ങൾ ഉണ്ടാക്കുന്നത് സൂക്ഷ്മ ജീവികളാണെന്ന് സൂക്ഷ്മാണു സിദ്ധാന്തം വ്യക്തമാക്കുന്നു.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മാണുക്കൾ മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്നു. ശരീരത്തിനുള്ളിൽ അവ പെറ്റുപെരുകുന്നത് പല രോഗങ്ങൾക്കും കാരണമാകുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയാണ് സൂക്ഷ്മാണുക്കൾ.
പത്തോളജി
രോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളെ രോഗകാരി അഥവാ പഥോജൻ എന്ന് പറയുന്നു. രോഗങ്ങളെക്കുറിച്ചും അവ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള പഠനമാണ് പത്തോളജി.
ജീനോമിക്സ്
ജീവശാസ്ത്രത്തിലെ പുതിയ ശാഖയാണ് ജീനോമിക്സ്. ജീനുകളെ വിശകലനം ചെയ്തുകൊണ്ടുള്ള പഠനമാണിത്. ജീവികളെ ജീനുകൾ കൊണ്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ ജീനുകളുടെ അനുക്രമവും ഘടനയും ജീനോം എന്നറിയപ്പെടുന്നു. ജീനോമിനെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ജീനോമിക്സ്.
1970-80 കാലഘട്ടത്തിൽ ഇംഗ്ളീഷ് ശാസ്ത്രജ്ഞനായ ഫ്രെഡറിക് സൻഗർ ആണ് ജീനോമിക്സിന് അടിത്തറയിട്ടത്. സൂക്ഷ്മ ജീവികളിലാണ് ആദ്യം ജീനോമിക്സ് പഠനം തുടങ്ങിയത്.
വിവിധ ശാഖകൾ
ജീവശാസ്ത്രത്തിന്റെ പ്രധാന ശാഖകൾ ബോട്ടണി, സുവോളജി, മോർഫോളജി, ഫിസിയോളജി എന്നിവയാണ്. സസ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് ബോട്ടണി. ജന്തുക്കളെക്കുറിച്ചുള്ള പഠനം സുവോളജി. മോർഫോളജി ചെടികളുടെയും ജന്തുക്കളുടെയും രൂപത്തെക്കുറിച്ചുള്ള പഠനം. ജീവനുള്ള വസ്തുക്കളിലെ അടിസ്ഥാന പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് ഫിസിയോളജി.
ജൈവരസതന്ത്രം
ജീവികളിൽ നടക്കുന്ന രാസപ്രക്രിയകളെക്കുറിച്ച് പഠിക്കുന്ന ജീവശാസ്ത്രശാഖയാണ് ജൈവരസതന്ത്രം. ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്നത് ഒരു രാസപ്രക്രിയയാണ്. ഭക്ഷണത്തിലെ ചില പ്രത്യേക ജീവശാസ്ത്രപരമായ കണികകളെ ജീവശക്തി എന്ന് വിശേഷിപ്പിക്കുന്നു. ഈ കണികകളെ ജീവശക്തിക്ക് ആധാരമായ പ്രത്യേക കണികകളാക്കിമാറ്റാനുള്ള കഴിവ് ജീവികൾക്ക് മാത്രമാണെന്ന് വളരെക്കാലം ജീവശാസ്ത്രം വിശ്വസിച്ചിരുന്നു. ഈ വിശ്വാസം തെറ്റാണെന്ന് 1829ൽ ജർമ്മൻ രസതന്ത്രജ്ഞൻ ഫ്രഡറിക് വോഹ്ലർ തെളിയിച്ചു. ഇദ്ദേഹം യൂറിയ അജൈവ പ്രക്രിയയിലൂടെ സംശ്ളേഷണം ചെയ്തു. അതോടെയാണ് ജീവശാസ്ത്രത്തിലെ ഒരു പുതിയ ശാഖയായി ജൈവരസതന്ത്രം സ്ഥാനം നേടിയത്.
ഈജിപ്തുകാർ മുന്നിൽ
എഴുത്തുവിദ്യ ആദ്യം വികസിപ്പിച്ചത് ഈജിപ്തുകാരാണ്. ജീവശാസ്ത്രത്തിൽ തങ്ങളുടെ കണ്ടെത്തലുകൾ അവർക്ക് എഴുതി സൂക്ഷിക്കാൻ കഴിഞ്ഞു. ഹയറോഗ്ളിഫ്സ് എന്ന ചിത്ര ലിപിയിലാണ് അവർ എഴുതിയിരിക്കുന്നത്. പുണ്യചിത്രങ്ങൾ എന്നാണ് ഈ വാക്കിന്റെ അർത്ഥം. പേപ്പർ ആദ്യമായി ഉണ്ടാക്കിയതും അവരാണ്. വൈദ്യശാസ്ത്രത്തിലും ഈജിപ്തുകാർ മുന്നിലായിരുന്നു. അവരുടെ മമ്മികൾ (മൃതശരീരം) കേടുകൂടാതെ സൂക്ഷിക്കുന്നതിന്റെ തെളിവാണ്. ദൈവത്തിലോ മറ്റ്നിഗൂഢ ശക്തിയിലോ ഉള്ള വിശ്വാസത്താൽ രോഗം ഭേദമാക്കുന്ന വിശ്വാസ ചികിത്സയുടെ പ്രചാരകരായിരുന്ന അവർ ശസ്ത്രക്രിയയിലും ശവപരിശോധനയിലും സമർത്ഥരായിരുന്നു.
ഗ്രീക്കുകാരുടെ സംഭാവന
ഗ്രീക്കുകാരാണ് ജീവശാസ്ത്രത്തെ ഒരു ശാസ്ത്രശാഖയായി വളർത്തിയതെന്ന് കരുതപ്പെടുന്നു. അതിനും മുമ്പേ ഇന്നത്തെ ഇറാക്കായ മെസ പൊട്ടേമിയയിലും ഈജിപ്തിലും ജീവശാസ്ത്ര സ്പന്ദനങ്ങളുണ്ടായിരുന്നു. അസീറയയിൽ നിന്നും ബാബിലോണിയയിൽ നിന്നും കണ്ടെടുത്ത കൊത്തുപണികളിലും മറ്റും മൃഗവൈദ്യത്തെക്കുറിച്ചുള്ള സൂചനകൾകാണാം. ആൺ സസ്യങ്ങളിലെ പൂമ്പൊടി പെൺപൂവുകളിൽ വീണാണ് ഈന്തപ്പനയുടെ പ്രജനനം നടക്കുന്നതെന്ന് ബാബിലോണിയക്കാർ മനസിലാക്കിയിരുന്നു.
സൂക്ഷ്മ ജീവശാസ്ത്രം
ജീവശാസ്ത്രത്തിൽ വൻപുരോഗതിയുണ്ടായത് 17-ാം നൂറ്റാണ്ടിൽ സൂക്ഷ്മദർശിനി കണ്ടുപിടിച്ചതോടെയാണ്. സൂക്ഷ്മദർശിനി ജീവശാസ്ത്രത്തിൽ സൃഷ്ടിച്ച പ്രത്യേക ശാഖയാണ് സൂക്ഷ്മ ജീവശാസ്ത്രം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലുമായി റോബർട്ട് ഹുക്ക്, നെഹ്മിയഗ്രൂ, ആന്റൺ വോൺലീവൻ ഹോക്ക് എന്നിവർ നടത്തിയ നിരീക്ഷണങ്ങൾ സൂക്ഷ്മ ജീവശാസ്ത്രത്തിന് വിലപ്പെട്ടസംഭാവനകൾ നൽകി.
1632-ൽ ഹോളണ്ടിൽ ജനിച്ച ആന്റൺ വോൺ ലീവൻ ഹോക്ക്.സൂക്ഷ്മദർശിനകൾ പരിഷ്കരിക്കുന്നതിൽ വിലപ്പെട്ട സംഭാവന നൽകി. അദ്ദേഹമാണ് സൂക്ഷ്മദർശിനിയിലൂടെ ആദ്യമായി ഏകകോശജീവികളെ നിരീക്ഷിക്കുന്നതും. പേശീനാരുകൾ, സൂക്ഷ്മധമനികളിലൂടെയുള്ള രക്തപ്രവാഹം എന്നിവയും സൂക്ഷ്മദർശനിയിലൂടെ ലീവൻഹോക്ക് നിരീക്ഷിച്ചു.
അരിസ്റ്റോട്ടിൽ
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലാണ് ആദ്യത്തെ യഥാർത്ഥ ജീവശാസ്ത്രജ്ഞൻ. ജീവികളെക്കുറിച്ച് ശാസ്ത്രീയ പഠനം തുടങ്ങിയതും അദ്ദേഹമാണ്.ബി.സി നാലാം നൂറ്റാണ്ടിലാണ് അരിസ്റ്റോട്ടിൽ ജീവശാസ്ത്ര പഠനങ്ങൾ നടത്തിയത്. ആ കണ്ടെത്തലുകൾ ആധുനിക ജീവശാസ്ത്ര പഠനങ്ങളെ വളരെയധികം സഹായിച്ചു. ജന്തുക്കളെ രക്തമുള്ളവയെന്നും ഇല്ലാത്തവയെന്നും അദ്ദേഹം രണ്ടായി തിരിച്ചു. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ, ഉഭയജീവികൾ എന്നിവ രക്തമുള്ള ജീവികൾ. പ്രാണികൾ, കക്കകൾ പോലെ കട്ടിയേറിയ പുറംതോടുള്ള ജീവികൾ രക്തമില്ലാത്തവയെന്നും അദ്ദേഹം തരം തിരിച്ചു.
പാപ്പിറസ്
ബി.സി 2700 നോടടുത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഇംഹോതെപ് പുരാതന ഈജിപ്ഷ്യൻ വൈദ്യശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നു.
ലോകത്ത് ഇന്ന് അവശേഷിക്കുന്നതിൽ ഏറ്റവും പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥമായ പാപ്പിറസ് ഇദ്ദേഹമാണ് രചിച്ചത്. രോഗ ചികിത്സ, രോഗശമനം എന്നിവയ്ക്ക് പുറമേ ശരീര ശാസ്ത്രപരമായ നിരീക്ഷണങ്ങളും ഹൃദയവ്യവസ്ഥയെക്കുറിച്ചുള്ള സൂചനകളും ഈ ഗ്രന്ഥത്തിലുണ്ട്. 1862ൽ എഡ്വിൻ സ്മിത്ത് എന്ന അമേരിക്കക്കാരനാണ് ഈഗ്രന്ഥം കണ്ടെടുത്തത്.
അതിനാൽ എഡ്വിൻസ്മിത്തിന്റെ പാപ്പിറസ് എന്നും ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നു.
ഹിപ്പോക്രേറ്റ്സ്
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത് ഗ്രീക്ക് ഫിസിഷ്യനായ ഹിപ്പോക്രേറ്റ്സ് ആണ്. വൈദ്യ ശാസ്ത്രത്തെ ദൈവ വിശ്വാസത്തിൽ നിന്ന് മോചിപ്പിച്ചത് അദ്ദേഹമാണ്.
ഔഷധങ്ങളല്ല, ദൈവാനുഗ്രഹമാണ് രോഗങ്ങൾഭേദമാക്കുന്നതെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്നു. രോഗശമനത്തിന് ഔഷധങ്ങളാണ് ആവശ്യമെന്ന് ഹിപ്പോക്രേറ്റ്സ് വാദിച്ചു. ശരീര ദ്രവസിദ്ധാന്തം ഹിപ്പോക്രേറ്റ്സിന്റെ കണ്ടെത്തലാണ്.
പരിസ്ഥിതികൾ മനുഷ്യ സ്വഭാവത്തെ സ്വാധീനിക്കുന്നതായും അദ്ദേഹം തെളിയിച്ചു. ഹിപ്പോക്രേറ്റ്സിന്റെ വൈദ്യശാസ്ത്ര ഗവേഷണങ്ങളാണ് 'ദി ഹിപ്പോക്രേറ്റിക് കോർപ്പസ്" എന്ന കൃതിയിൽ. രോഗനിർണയം, സാംക്രമികരോഗങ്ങൾ, ബാലചികിത്സ, പോഷകാഹാരം, ശസ്ത്രക്രിയ എന്നീമേഖലകളെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.