തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഗവർണർ പി.സദാശിവം. കേരള നിയമസഭയുടെ പതിനാലാം ബഡ്‌ജറ്റ് സമ്മേളനത്തിലെ നയപ്രയഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും, സ്പീക്കറും, പാർലമെന്ററി കാര്യമന്ത്രി എ.കെ.ബാലനും ,ചീഫ് സെക്രട്ടറി ടോം ജോസും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്.
ഗവർ പ്രളയബാധിതരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്റെ പ്രസംഗം കേൾക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് പ്രതിപക്ഷം നിശബ്ദരാവുകയായിരുന്നു. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഗവർണർ കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ നിലയ്ക്കല്ല പോകുന്നതെന്നും വ്യക്തമാക്കി. വികസന പ്രഖ്യാപനങ്ങളിൽ സർക്കാരിന് ഗവർണറുടെ പ്രശംസ. പ്രളയം നേരിടാൻ സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്തു. കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ഇടപെടൽ അഭിമാനകരമാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ദുരിതത്തിൽ 31000കോടിയുടെ നഷ്ടമാണ് ഉണ്ടായത് എന്നാൽ 3000കോടിയുടെ സഹായം മാത്രമാണ് കേന്ദ്ര ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ലഭിച്ചത്. പുരോഗതി ചൂണ്ടിക്കാട്ടി അർഹമായ സഹായങ്ങൾ നിഷേധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ലിംഗസമത്വം നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. വനിതാമതിൽ ലിംഗനീതിക്ക് വേണ്ടിയാണെന്നും പ്രസംഗത്തിൽ പരാമർശിച്ചു. സർക്കാർ അധികാരത്തിലേറി ആയിരം ദിവസം പിന്നിടുമ്പോൾ നല്കിയ വാഗ്ദാനങ്ങൾ പലതും നിറവേറ്റാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന്..
ഗ്രീൻ ക്യാംപസ് പദ്ധതി തുടങ്ങും.
സോളർ, ബയോഗ്യാസ് പദ്ധതി തുടങ്ങും.
മാനവശേഷി സൂചികകളിൽ കേരളം മുന്നിൽ.
വായനയും ശാസ്ത്രനിരീക്ഷണവും പ്രോത്സാഹിപ്പിക്കും.
കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമായി മാറി.
കെഎസ്ആർടിസി വരുമാനം വർധിച്ചു.
ടൂറിസം, ഐടി മേഖലകളെ ഹർത്താൽ ബാധിക്കില്ല.
പുതിയ നിർമാണങ്ങൾ ദുരന്ത അതിജീവന ശേഷിയുള്ളതാകും.
ആദിവാസി കുടുംബങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകും.
പട്ടിക ജാതിയിൽ പെട്ട പ്രളയബാധിതർക്ക് പ്രത്യേ പദ്ധതി.
ക്ഷേത്രങ്ങളിൽ പിന്നോക്ക വിഭാഗത്തിൽ പെട്ട ശാന്തിക്കാരെ നിയമിക്കും.
മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരെ സർക്കാർ സഹായിക്കും.
പ്രളയ ദുരന്തനിവാരണത്തിൽ മത്സ്യതൊഴിലാളികൾക്ക് പ്രശംസ.
ജൈവ കൃഷിക്ക് പ്രത്യേക പരിഗണന.
തദ്ദേശീയ സ്ഥാപനങ്ങളിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ആരംഭിക്കും.
ദേവസ്വം ബോർഡിൽ 10% മുന്നോക്ക സവരണം നടപ്പാക്കി.
പ്ലംബിങ്ങിലും മറ്റും 15,000സ്ത്രീകൾക്ക് പരിശീലനം നൽകും.
ഇടുക്കിയിൽ പുതിയ ജലവൈദ്യുത പദ്ധതി നടപ്പാക്കും.
എല്ലാ പൊലീസ് സ്റ്രേഷനുകളും ജനമൈത്രി സ്റ്രേഷനുകളാക്കി മാറ്റും.
നാല് വനിതാ പൊലീസ് സ്റ്രേഷനുകൾ കൂടി അനുവദിക്കും.
പൊലീസിൽ 15%സ്ത്രീകളെ നിയമിക്കും.
ആറന്മുള കണ്ണാടിയുണ്ടാക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകും.
തൃശൂരിൽ അന്താരാഷ്ട്ര സാഹിത്യ സമ്മേളനം നടപ്പാക്കും.
സോളാർ പദ്ധതി വ്യാപിപ്പിക്കും 15മെഗാവാട്ടാണ് ലക്ഷ്യം.
എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഗവർണർ പ്രസംഗം അവസാനിപ്പിച്ചു. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ ഇന്നത്തേക്ക് പിരിയും. നിയമസഭയുടെ പതിനാലാം സമ്മേളനമാണിത്. ഒൻപത് ദിവസമാണ് സമ്മേളനത്തിന്റെ കാലാവധി. ഈ മാസം 31നാണ് ബജറ്റ് അവതരണം നടക്കുക. നയപ്രഖ്യാപനത്തിന് മേലുളള നന്ദിപ്രമേയ ചർച്ചയ്ക്കും ബജറ്റിന് മേലുളള പൊതുചർച്ചയ്ക്കും മൂന്ന് ദിവസം വീതമാണ് നീക്കിവച്ചത്. ഫെബ്രുവരി ഏഴിന് സമ്മേളനം സമാപിക്കും.