ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ നടൻ മോഹൻലാലിനെ മത്സരിപ്പിക്കാൻ കച്ചകെട്ടി ബി.ജെ.പി സംസ്ഥാന നേതൃത്വം. രാഷ്‌ട്രീയത്തിൽ തനിക്ക് താൽപര്യമില്ലെന്ന് ലാൽ വ്യക്തമാക്കിയിരുന്നെങ്കിലും താരത്തെ ഏതുതരത്തിലും സ്വന്തം പാളയത്തിലാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിച്ചാൽ വിജയം സുനിശ്‌ചിതമാണെന്ന വിലയിരുത്തലാണ് ഇതിനു പിന്നിൽ.
മാതാപിതാക്കളുടെ പേരിലുള്ള ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതു മുതലാണ് ബി.ജെ.പിയ്‌ക്കു വേണ്ടി ലാൽ മത്സരരംഗത്തിറങ്ങുമെന്ന അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്. എന്നാൽ പലതവണയായി മോഹൻലാൽ തന്നെ ഇത് നിഷേധിക്കുകയുണ്ടായി. മത്സരത്തിനുള്ള വിസമ്മതം നേരിട്ടല്ലാതെ താരം പാർട്ടിയെ അറിയിച്ചെന്നാണ് വിവരം.
രാഷ്‌ട്രീയ താൽപര്യങ്ങൾ ഇല്ലെന്ന് വ്യക്തമാക്കിയെങ്കിലും അവസാന ശ്രമമെന്ന നിലയിൽ പ്രധാനമന്ത്രി മുഖേന സമ്മർദ്ദം ചെലുത്തി ലാലിനെ ഗോദയിലിറക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. സ്ഥാനാർത്ഥിയായില്ലെങ്കിൽ രാജ്യസഭാംഗമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.