ന്യൂഡൽഹി: ഉത്തർപ്രദേശിൽ നഷ്ടപ്പെട്ട പ്രതാപകാലം വീണ്ടെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധിയെ രാഷ്ട്രീയത്തിലേക്കിറക്കിയ കോൺഗ്രസിന്റെ നീക്കം ബി.ജെ.പിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം വരെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രിയങ്കയ്ക്ക് പാർട്ടി നൽകിയ ആദ്യത്തെ ദൗത്യത്തിന്റെ അണിയറ നീക്കം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ബി.ജെ.പി.
ബി.ജെ.പിയിൽ വരുൺ ഗാന്ധിയെ അടർത്തിയെടുത്ത് കോൺഗ്രസിലേക്ക് എത്തിക്കാനാണ് പാർട്ടിയുടെ നീക്കം. ഇക്കാര്യം പ്രിയങ്ക ഭംഗിയായി നിർവഹിക്കുമെന്നും രാഹുൽ ഉൾപ്പെട്ട നേതൃത്വത്തിന് വിശ്വാസമുണ്ട്. നിലവിൽ സുൽത്താൻപൂരിലെ ബി.ജെ.പി എം.പിയായ വരുണിനെ പാർട്ടിയിൽ തഴയുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇത് മുതലെടുത്ത് പുറത്തുചാടിക്കാനാണ് കോൺഗ്രസ് നീക്കം.
എന്നാൽ വരുണിന്റെ അമ്മയും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി ഈ നീക്കത്തിന് തടസമായിരിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതേസമയം, മനേക ഗാന്ധിയ്ക്ക് ഇത്തവണ ബി.ജെ.പി മത്സരിക്കാൻ അവസരം നൽകിയില്ലെങ്കിൽ കോൺഗ്രസ് നീക്കത്തിന് കരുത്ത് പകർന്നേക്കും. മനേകയും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലെങ്കിലും രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവർക്ക് വരുണുമായി ഉറച്ച സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രസംഗങ്ങളിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കണമെന്ന ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യം എക്കാലവും വരുൺ നിഷേധിച്ചിരുന്നു.