കൊച്ചി: പിറവംപള്ളി തർക്ക കേസിൽ അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല. പള്ളി തർക്ക കേസിൽ യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കേൾക്കുന്നതിൽ നിന്ന് മൂന്നാമത്തെ ഡിവിഷൻ ബഞ്ചും പിന്മാറി. ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം, ടി.വി അനിൽ കുമാർ എന്നിവരടങ്ങുന്ന ബഞ്ചാണ് പിന്മാറിയത്. പ്രത്യേക കാരണങ്ങൾ ഒന്നും വ്യക്തമാക്കാതെയായിരുന്നു ബഞ്ചിന്റെ പിന്മാറ്റം. പള്ളി ഭരണം തങ്ങൾക്ക് അനുകൂലമായി കിട്ടുന്നതിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനായി യാക്കോബായ വിഭാഗം ഹൈക്കോടതിയെയും പൊലീസിനെയും സമീപിച്ചിരുന്നു.
നേരത്തേ ആർ.രാമചന്ദ്രൻ, ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസിൽ ഹർജി പരിഗണിക്കാനിരുന്നത്. എന്നാൽ ദേവൻ രാമചന്ദ്രൻ മുൻപ് സഭാ തർക്ക കേസിൽ ഒരു വിഭാഗത്തിന് വേണ്ടി ഹാജരായതാണെന്ന് യാക്കോബായ സഭക്ക് വേണ്ടി ഹർജി സമർപ്പിച്ച വ്യക്തി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് കടുത്ത വിമർശനങ്ങൾക്കൊടുവിൽ ബഞ്ച് പിന്മാറുകയായിരുന്നു.
ശേഷമാണ് കേസ് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിലേക്ക് എത്തിയത്. തുടർന്ന് ജസ്റ്റിസ് ചിദംബരേഷും പള്ളി തർക്ക കേസിൽ ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് രണ്ടാമത്തെ ബഞ്ചും കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി. പിന്നീടാണ് സി.കെ അബ്ദുൾ റഹിം, ടി.വി അനിൽ കുമാർ അടങ്ങുന്ന മൂന്നാമത്തെ ബഞ്ചിലേക്ക് കേസ് എത്തിയത്. കാരണങ്ങൾ വ്യക്തമാക്കാതെ മൂന്നാമത്തെ ഡിവിഷണൽ ബഞ്ചും പിന്മാറിയതിനാൽ കേസ് ഏത് ബഞ്ചാണ് ഇനി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.