കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പ് മുൻവർഷങ്ങളിലേപ്പോലെ മികച്ച ഒരു കലാവിരുന്നാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്. ബിനാലെ കണ്ടുവെന്ന് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോസഹിതം പോസ്റ്റു ചെയ്ത് സംതൃപ്തരാവുന്നതിലും അപ്പുറത്തേക്ക് (ഇതു തെറ്റാണെന്നു പറയുന്നില്ല) ബിനാലെ നിർബന്ധമായും കാണാൻ മറ്റനേകം കാരണങ്ങളുണ്ട്.
സർഗസൃഷ്ടികളുടെ സർപ്രൈസ്
ബിനാലെയുടെ ഏറ്റുവും വലിയ സവിശേഷത ഈ പ്രദർശനം നമുക്കായി ഒളിച്ചുവച്ചിരിക്കുന്ന സർപ്രൈസുകൾ തന്നെയാണ്.ഫോട്ടോകളുടെയും വീഡിയോകളുടെയും പ്രതിഷ്ഠാപനങ്ങളുടെയുമൊക്കെ രൂപത്തിൽ സർഗസൃഷ്ടികൾ നാം കണ്ടുകഴിഞ്ഞു. കയറും തുണിയും പായലും പെയിന്റിങ്ങും കൊളാഷും മൊണ്ടാഷും സിറാമിക്കുമെല്ലാം കലാപ്രദർശനത്തിനുള്ള മാധ്യമമായി ബിനാലെയിൽ കോർത്തിണക്കിയിരിക്കുകയാണ്. സംവദിക്കാനായി കലാകാരൻ കണ്ടെത്തുന്ന മാധ്യമത്തിനപ്പുറത്തേയ്ക്ക് ഡോക്യുമെന്ററി ചെയ്യാൻ കലയെ ഉപയോഗിക്കുന്നതും പദപ്രശ്നങ്ങൾ സർഗസൃഷ്ടിയായി അവതരിപ്പിക്കുന്നതും സാങ്കേതികവിദ്യയും സംഗീതവും വൈദ്യുതിയും ശബ്ദവുമൊക്കെചേർന്ന് പുതിയ ആസ്വാദനതലം സൃഷ്ടിക്കുന്നതുമെല്ലാം ബിനാലെയുടെ സവിശേഷതകളാണ്. കലയുടെ ഭാഗമാകാനും അനുഭവിക്കാനും കലാസൃഷ്ടിയുടെ ചെറിയ ഒരു അംശം വീട്ടിലേക്ക് കൂടെ കൊണ്ടുപോകാനുമൊക്കെ സാധിക്കുന്ന തരത്തിൽ സർഗാത്മകമായി ഒട്ടനവധി സർപ്രൈസുകൾ നമ്മുടെചേതനയെ ഉണർത്താൻ ബിനാലെയിൽ ഒരുക്കിയിട്ടുണ്ട്.
മാറി ചിന്തിക്കാനിടം
ചില രാജ്യങ്ങളെക്കുറിച്ചുകേൾക്കുമ്പോൾ യുദ്ധവും ഭീകരതയും പേടിയുമൊക്കെയായിരിക്കും മനസിൽ നിറയുക. ഈ പരമ്പരാഗത ചിന്തകൾക്കപ്പുറത്തേയ്ക്ക് സന്തോഷവും സ്നേഹവും പങ്കുവച്ച് ലക്ഷക്കണക്കിനുപേർ അവിടെ കഴിയുന്നുണ്ടെന്ന് നമുക്ക് ഊഹിക്കാൻ ഒരുപക്ഷേ സാധിക്കുന്നില്ല. സമൂഹവും മാദ്ധ്യമങ്ങളും നമ്മെ പഠിപ്പിക്കുന്ന ഇപ്രകാരമുള്ള പൊതുധാരണകൾക്കപ്പുറത്തേക്ക് മാറി ചിന്തിക്കാൻ മറന്നു തുടങ്ങുന്ന സമൂഹത്തെ ഉണർത്താൻ ബിനാലെക്ക് സാധിക്കുന്നു. നമ്മളിൽ ഉറച്ചുപോയ തോന്നലുകൾക്കും നാം വിഭാവനം ചെയ്യാൻ പഠിച്ച സങ്കൽപ്പങ്ങൾക്കപ്പുറത്തേക്കുള്ള ലോകം കാണിച്ചുതരാൻ സാധിക്കുന്നുവെന്നത് ബിനാലെയുടെ വലിയൊരു കരുത്തുതന്നെയാണ്.
മാനവികതയുടെ മുഖം
2018 ലെ ബിനാലെയുടെ പ്രമേയം 'അന്യതയിൽ നിന്നും അന്യോന്യതയിലേക്ക് "എന്നതാണല്ലോ. മുഖമില്ലാത്ത, ശബ്ദമില്ലാത്ത, നിസഹായരായ ഒരു കൂട്ടം ആളുകളുടെ ചിത്രം നമുക്ക് ബിനാലെയിൽ കാണാം. ഇവരെയൊക്കെ മുഖ്യധാരയിലേക്കും ഒറ്റപ്പെടാതെ ജീവിക്കാനുള്ള അവസരങ്ങളിലേക്കും കൈപിടിച്ചുയർത്തേണ്ടതിന്റെ സന്ദേശമാണ് ബിനാലെ മുൻപോട്ടുവയ്ക്കുന്നത്. കൂടാതെ അനിതാ ദുബെ ക്യൂറേറ്റ് ചെയ്യുന്ന 2018-19ലെ കൊച്ചി മുസിരിസ് ബിനാലെയിൽ പകുതിയോളം വനിതാ കലാകാരികളുടെ ആശയങ്ങളാണ് ഇൻസ്റ്റലേഷനുകളായുള്ളത്. സ്ത്രീകൾനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചും മടുപ്പിനെയും വെറുപ്പിനെയും കുറിച്ചുമുള്ള വേദന നിറഞ്ഞ എന്നാൽ കരുത്തുള്ള സന്ദേശങ്ങൾ ഈ സൃഷ്ടികളിൽ കാണാം. അതിജീവനത്തിന് എല്ലാവർക്കും അവസരം ഒരുക്കാനുള്ള മാനവികതയുടെ മുഖം തന്നെയാണ് ഈ വർഷത്തെ ബിനാലെയുടെ കാതൽ.
ഓർമ്മകളിലേക്കുള്ള യാത്ര
തങ്ങളുടെ ഓർമ്മകളായിരിക്കാം ഒരു പക്ഷേ ഓരോ വ്യക്തിയേയും ബിനാലെ സൃഷ്ടികളുമായി ബന്ധിപ്പിക്കുന്നത്. കലാകാരനെ ഏറ്റവുമധികം സ്വാധീനിക്കുന്നതും തന്റെ ഗതകാല സ്മരണകൾ ആയിരിക്കുമല്ലോ? മനസിലെ ഈ ചരിത്രം സൃഷ്ടിക്കുന്ന സ്വാധീനം ബിനാലെയിലുടനീളം നമുക്ക് കാണാം. മൺമറഞ്ഞുകൊണ്ടിരിക്കുന്ന സംസ്കാരത്തേയും കലയേയും എപ്പോഴോ കേട്ടുമറന്ന അറിവുകളേയും ഒരുകാലത്ത് പ്രിയപ്പെട്ടതായിരുന്ന എന്നാൽ ഇന്ന് മറവി മറച്ചുവച്ച നമ്മുടെ ഇഷ്ടങ്ങളേയുമൊക്കെ ബിനാലെ തൊട്ടുണർത്തുന്നു. പഴയകാലത്തിന്റെ നന്മയിലേക്കും സന്തോഷങ്ങളിലേക്കും ഒരു ഉന്മേഷം നിറഞ്ഞ മടങ്ങിപ്പോക്ക് ബിനാലെ സാധ്യമാക്കുന്നു. ഈ യാത്ര പകരുന്ന സംതൃപ്തിയും തിരിച്ചറിവും ഇതുവഴി നമുക്ക് ലഭിക്കുന്ന ആത്മവിശ്വാസവും സ്വത്വബോധവുമൊക്കെ വളരെ വലുതാണ്.
ബിനാലെ എന്ന പ്രചോദനം
അതെ ബിനാലെ നിങ്ങളെ തീർച്ചയായും പ്രചോദിപ്പിക്കും. ചൂഷണത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രതികരിക്കാൻ പ്രോത്സാഹനം നൽകും. നമ്മുടെ ആശയങ്ങൾ ശരിയാണെന്ന ബോധ്യം വരുത്തി മുൻപോട്ടുള്ള യാത്രയ്ക്ക് പ്രതിബന്ധമായ മനസിന്റെ മതിൽക്കെട്ടുകൾ നീക്കി കുതിച്ചുപായാൻ ആവേശം നൽകും. മികവിലേക്കും പരിപൂർണതയിലേക്കും പുതിയ പ്രതീക്ഷകളിലേക്കും മുന്നേറാൻ വേണ്ട ഊർജ്ജം നമുക്ക് ബിനാലെയിൽ നിന്നും ലഭിക്കും. പുതിയ ആശയങ്ങളാണല്ലോ ലോകത്തെ നയിക്കുന്നതും മാറ്റുന്നതും. പുതിയ ആശയങ്ങളുടെയും വേറിട്ട ചിന്തകളുടെയും സമന്വയമായ നൂറോളം കലാസൃഷ്ടികളിലൂടെ കടന്നുപോകുമ്പോൾ മനസിന്റെ വാതിലുകൾ തുറന്ന് ഉണർവോടെയും ഊർജസ്വലതയോടെയും പ്രവർത്തിക്കാനുള്ള ഊർജംം നമുക്ക് ലഭിക്കും. നമ്മുടെ കലാസാംസ്കാരിക വൈജ്ഞാനിക രംഗങ്ങളിൽ കാലത്തെ അതിജീവിക്കുന്ന പുതിയ ഉണർവു നൽകാൻ ബിനാലെയ്ക്ക് സാധിക്കട്ടെ. ബിനാലെ സർഗസൃഷ്ടികളുടെ വൈവിദ്ധ്യതയും ആശ്ചര്യവുമെല്ലാം അടുത്ത 90 ദിവസങ്ങളിൽ അനുഭവിച്ചറിയാൻ എല്ലാവർക്കും കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു.
( ലേഖകൻ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടറാണ് )