kalpana

മലയാളത്തിന്റെ പ്രിയനടി കൽപന വിസ്‌മൃതിയിലായിട്ട് മൂന്ന് വർഷം. 2016 ജനുവരി 25ന് ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു ആകസ്‌മികമായുള്ള കൽപനയുടെ മരണം. മൂന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള കൽപനയെ തേടി ഒടുവിൽ ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. എന്നാൽ ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും ലഭിക്കേണ്ട അംഗീകാരമോ പരിഗണനയോ കൽപനയ്‌ക്ക് സിനിമാ ലോകം കൊടുത്തിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. ഒരിക്കൽ കൗമുദി ടിവിയ്‌‌ക്ക് നൽകിയ അഭിമുഖത്തിൽ കൽപന തന്നെ അത് സൂചിപ്പിക്കുകയും ചെയ്‌തു.

'ഇത്രയും പടങ്ങൾ ചെയ്‌തിട്ടും ഹ്യൂമർ ഇത്രയൊക്കെ ചെയ്‌തിട്ടും എനിക്ക് ഒരു അംഗീകാരവും ആരും തന്നിട്ടില്ല. എല്ലാവരും പറയും ഹ്യൂമർ ഭയങ്കര പാടാ, എടുത്തു മറിക്കണം, കോമഡിക്ക് വാല്യൂ ഒന്നും ഇവിടെ ആരും തന്നിട്ടൊന്നുമില്ല. എന്നാൽ അങ്ങനെയാണെങ്കിൽ ഇവിടെ ഏറ്റവും നല്ല നടനുള്ള അവാർഡ് പല പ്രാവശ്യം കിട്ടേണ്ടത് ജഗതിയ്‌ക്കാണ്. ജഗതിയായിരുന്നു വാങ്ങേണ്ടിയിരുന്നത്. എവിടെ കിട്ടി. എവിടെ പ്രാധാന്യമുണ്ട്. തമിഴ്നാട്ടിൽ പോലും പറയുന്നത് സിരിപ്പ് നടികൈ എന്നാണ്. നമ്മുടെ നാട്ടിൽ അതില്ലല്ലോ'- കൽപനയുടെ വാക്കുകളായിരുന്നു ഇത്.

1965 ഒക്ടോബർ അഞ്ചിന് ജനിച്ച കൽപ്പന ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ അവർ അവിസ്‌മരണീയമാക്കി.

ഭാഗ്യരാജിനൊപ്പം 'ചിന്നവീട്' എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച കൽപ്പന 'സതി ലീലാവതി' ഉൾപ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. കന്നടയിലും, തെലുങ്കിലും അവരുടെ വേഷപ്പകർച്ചകളുണ്ടായി. സ്വഭാവനടി എന്ന നിലയിൽ തെന്നിന്ത്യയിൽ അവർ ചെയ്‌ത വേഷങ്ങളെല്ലാം വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. ഒരു ഹാസ്യനടി എന്ന നിലയിൽ നിന്ന് തന്മയത്വമുള്ള ശക്തമായ വേഷങ്ങളിലേക്കുള്ള കൂടുമാറ്റത്തിനിടെയാണ് മരണം അവരെ കൂട്ടികൊണ്ടു പോയത്.