ലോകചരിത്രം യുദ്ധത്തിന്റെയും രാഷ്‌ട്രീയ സംഘർഷങ്ങളുടെയും കൂടി ചരിത്രമാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ തുടങ്ങിവച്ച ശത്രുത ഇന്നും കനലുകളായി അവശേഷിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച വെഴ്‌സായിലസ് കരാർ രണ്ടാം ലോകമഹായുദ്ധത്തിനും മറ്റ് സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്. ജപ്പാനും റഷ്യയും തമ്മിലുള്ള യുദ്ധം ഇപ്പോഴും ഔദ്യോഗികമായി അവസാനിച്ചിട്ടില്ല. അമേരിക്കയുടെ അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള പിന്മാറ്റം സംഘർഷം ഉയർത്തിയിട്ടേയുള്ളൂ. ഹംഗറിയിലെ തീവ്രവലതുപക്ഷ ഭരണവും വെനസ്വേലയുടെ പ്രതിസന്‌ധിയും എല്ലാം പരസ്‌പരം ബന്‌ധപ്പെട്ടവയാണ്.
വെഴ്സായിലസ് 100 വർഷം
ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ചത് 1919 ജനുവരി മുതൽ ജൂൺ വരെ പാരീസിലെ വെഴ്‌സായിലസ് സമാധാന സമ്മേളനത്തോടെ എത്തിച്ചേർന്ന കരാറിലാണ്. ലോകത്ത് യുദ്ധങ്ങൾ അവസാനിപ്പിക്കാനും ജനാധിപത്യം സുരക്ഷിതമാക്കാനും തീരുമാനമെടുത്തുകൊണ്ട് ലീഗ് ഓഫ് നേഷൻസ് നിലവിൽ വന്നു. കൂടുതൽ സുരക്ഷിതവും സമ്പന്നവുമായ ലോകമായിരുന്നു ലക്ഷ്യം. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്ന് തൊട്ടടുത്ത വർഷങ്ങളിലെ സംഭവങ്ങൾ തെളിയിച്ചു. ഹിറ്റ്ലറെയും മുസോളിനിയെയും അധികാരത്തിലേറ്റി ആദ്യത്തേതിനേക്കാൾ രൂക്ഷമായ യുദ്ധത്തിലേക്ക് 1939 ൽ ലോകം വഴുതിവീണു. ഒന്നാംലോക മഹായുദ്ധം അവസാനിപ്പിച്ച കരാർ യുദ്ധത്തിന്റെ മുറിവുകൾ ഉണക്കാൻ പര്യാപ്‌തമല്ലായിരുന്നു. ജർമ്മനി അപമാനിക്കപ്പെട്ടെന്ന തോന്നൽ , ഫ്രാൻസിനും ബെൽജിയത്തിനും മറ്റ് വിജയികൾക്കും അർഹമായ നഷ്‌ടപരിഹാരം കിട്ടിയില്ലായെന്ന പരിഭവം, ഓസ്‌ട്രിയ, ഹംഗറികളുടെ നഷ്‌ടപ്രതാപം, റഷ്യയിലെ വിപ്ളവവീര്യം എല്ലാംകൂടി ചേർന്ന് യൂറോപ്പിനെ മറ്റൊരു യുദ്ധത്തിന് തയാറാക്കി. യുദ്ധം അവസാനിച്ചപ്പോൾ ഐക്യരാഷ്‌ട്രസഭയ്‌ക്ക് രൂപം നൽകി സമാധാനം ഉറപ്പിക്കാൻ വിജയസഖ്യം മുന്നിട്ടിറങ്ങി. അമേരിക്കൻ മേധാവിത്വത്തിലുള്ള ലോകക്രമം നിലവിൽ വന്നെങ്കിലും സംഘർഷങ്ങളും യുദ്ധവും ഒഴിവായിട്ടില്ല. വെഴ്‌സായിലസ് കരാറിന്റെ നൂറാം വാർഷികത്തിൽ 1919 ൽ നിലവിലുണ്ടായിരുന്ന ലോകസാഹചര്യങ്ങൾക്ക് സമാനമാണ് കാര്യങ്ങൾ. സ്വന്തം സ്ഥാനം ഉറപ്പിക്കാൻ പെടാപ്പാടു പെടുന്ന അമേരിക്ക, നഷ്‌ടപ്രതാപം വീണ്ടെടുക്കാൻ റഷ്യ, ഒന്നാംസ്‌ഥാനം മോഹിക്കുന്ന ചൈന, കൂടുതൽ അധികാരത്തിനും സ്ഥാനലബ്‌ധിക്കുമായി മത്സരിക്കുന്ന ഇടത്തരം ശക്തികൾ, കൊട്ടിയടയ്‌ക്കപ്പെടുന്ന അതിർത്തികൾ, ലംഘിക്കുന്ന ആഗോളകരാറുകൾ, അപ്രസക്തമാകുന്ന യു.എൻ - ഏത് നിമിഷവും ലംഘിക്കപ്പെടാവുന്ന സമാധാനമാണ് ലോകത്ത് നിലനിൽക്കുന്നത്.
റഷ്യ- ജപ്പാൻ യുദ്ധം അവസാനിക്കുമോ
ഔദ്യോഗികമായി റഷ്യയും ജപ്പാനും തമ്മിലുള്ള രണ്ടാംലോക മഹായുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിനു ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. 1945 മേയ് എട്ടിന് ജർമ്മനി കീഴടങ്ങുന്നതോടെയാണ് രണ്ടാംലോകമഹായുദ്ധം അവസാനിക്കുന്നത്. എന്നാൽ പല രാജ്യങ്ങളും തമ്മിലുള്ള വൈര്യം പിന്നെയും തുടർന്നു. റഷ്യയും ജപ്പാനും തമ്മിലുള്ള ശത്രുത തുടരാനുള്ള പ്രധാനകാരണം ജപ്പാനോട് ചേർന്ന് കിടക്കുന്ന കുർലേ ദ്വീപുകളുടെ ഉടമസ്ഥാവകാശ തർക്കമാണ്. രണ്ടാംലോക മഹായുദ്ധ സമയത്ത് ഈ ദ്വീപ് സമൂഹത്തിലെ, ഷിൽ കോത്താം , ഹാബോമെയ്‌ൽ, ഇത്താറൂപ് , കുണാഷിർ, - റഷ്യ കൈവശമാക്കി. 1956 ൽ സോവിയറ്റ് യൂണിയനും ജപ്പാനും നടത്തിയ സംയുക്ത പ്രസ്‌താവന പ്രകാരം സമാധാനക്കരാർ ഒപ്പിടുന്ന സമയത്ത് രണ്ട് ദ്വീപുകൾ - ഷിൽകോത്താം , ഹാബോമെയ്‌ൽ - ജപ്പാന് കൈമാറാമെന്ന് റഷ്യ ഉറപ്പുനൽകി. എന്നാൽ യുദ്ധം കഴിഞ്ഞ് 75 വർഷമായിട്ടും ഇത് സംബന്‌ധിച്ച് തീരുമാനമെടുത്തിട്ടില്ല. ഇപ്പോൾ റഷ്യൻ പ്രസിഡന്റ് പുട്ടിനും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയും തമ്മിലുള്ള അടുപ്പമാണ് സമാധാനക്കരാർ ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത്. ദ്വീപുകൾ വീണ്ടുകിട്ടുക എന്നത് ജപ്പാനിലെ വലിയ ജനകീയ ആവശ്യമാണ്. എല്ലാ ദ്വീപുകളും വേണമെന്നതാണ് ജപ്പാൻ നിലപാട്. എന്നാൽ ഇത് നടക്കാൻ സാദ്ധ്യതയില്ല. പ്രധാനകാരണം 1905 ലെ ജപ്പാൻ - റഷ്യ യുദ്ധത്തിൽ റഷ്യയിൽ നിന്ന് ജപ്പാൻ കൈക്കലാക്കിയതാണ് ഇവ. ഇന്ന് റഷ്യയും ജപ്പാനും തമ്മിൽ നടക്കുന്ന സമാധാന ചർച്ചകളും സംഘർഷങ്ങളും പൂർവകാല യുദ്ധങ്ങളുടെ സന്തതിയാണ് .
അഫ്‌ഗാനിസ്‌ഥാനിൽ യുദ്ധം മതിയാക്കി അമേരിക്ക
2001 ആരംഭിച്ച അമേരിക്കയുടെ അഫ്‌ഗാനിസ്ഥാനിലെ കടന്നുകയറ്റം ബാക്കി സൈനികരെ പിൻവലിച്ചുകൊണ്ട് അവസാനിപ്പിക്കുകയാണ്. അഫ്‌ഗാനിസ്‌ഥാനിൽ ജനാധിപത്യവും സുരക്ഷയും ഉറപ്പാക്കാനും തീവ്രവാദം തുടച്ചുമാറ്രാനും ഇറങ്ങിത്തിരിച്ച അമേരിക്ക ഇവയൊന്നും നേടാതെ പിൻവലിയുകയാണ്. 80,000 കോടി യു.എസ്. ഡോളർ യുദ്ധത്തിനും 10000 ൽ പരം കോടി യു.എസ്. ഡോളർ അഫ്‌ഗാൻ പുനർനിർമ്മാണത്തിനും ചിലവാക്കിയ അമേരിക്ക ഫലത്തിൽ അഫ്‌ഗാനിസ്ഥാനെ തരിപ്പണമാക്കിയാണ് പിൻമാറുന്നത്. ഇന്ന് അഫ്‌ഗാനിസ്ഥാന്റെ 50 ശതമാനം പ്രദേശം താലിബാൻ നിയന്ത്രണത്തിലാണ്. അഫ്‌ഗാൻ സേനയ്‌ക്ക് ഏറ്റവും നാശനഷ്‌ടമുണ്ടായ വർഷമായിരുന്നു 2018. കഴിഞ്ഞ ദിവസം സൈനിക കേന്ദ്രത്തിൽ നടന്ന അക്രമത്തിൽ 125 ൽ പരം സൈനികരാണ് കൊല്ലപ്പെട്ടത്. 2018 ഒക്‌ടോബറിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനന്തമായി നീട്ടിവച്ചിരിക്കുകയാണ്. ഇന്ത്യയെ സംബന്‌ധിച്ച് ഒട്ടും സുഖകരമല്ല അഫ്‌ഗാനിലെ അവസ്ഥ. അമേരിക്ക പിൻവാങ്ങുന്ന സാഹചര്യത്തിൽ താലിബാൻ അധികാര കേന്ദ്രമാകും. ചൈനയ്‌ക്കും പാക്കിസ്ഥാനും അനുകൂലമായ അവസ്ഥ ഇത് സൃഷ്‌ടിക്കും. കാശ്‌മീരിലെ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയെന്ന് വരാം. അനാവശ്യമായ മറ്റൊരു യുദ്ധത്തിന്റെ ബാക്കിപത്രമാണ് ഈ സുരക്ഷാ ഭീഷണി.
ഹംഗറിയിലെ ട്രംപ്
യൂറോപ്പിലെ താരതമ്യേന ചെറിയ രാജ്യമാണ് ഹംഗറി. എന്നാൽ അവിടുത്തെ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ തീവ്ര വലതുപക്ഷ പ്രധാനമന്ത്രിയാണ്,. 2010 മുതൽ അധികാരത്തിലിരിക്കുന്ന ഒർബാൻ 2018 ൽ നടന്ന തിരഞ്ഞെടുപ്പിലും തീവ്രവലതുപക്ഷ തേരിൽ അധികാരം പിടിച്ചെടുത്തു. കുടിയേറ്റ വിരുദ്ധതയാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തിന്റെ മുഖമുദ്ര. ഇതുവരെ ഒരു അഭയാർത്ഥിയെപ്പോലും ഹംഗറി സ്വീകരിച്ചിട്ടില്ല. ജനാധിപത്യമൂല്യങ്ങളിൽ തെല്ലും വിശ്വാസമില്ലാത്ത ഒർബാന് റഷ്യയിലെ പുട്ടിനും ടർക്കിയിലെ എർഡോഗാനുമാണ് മാതൃകാഭരണാധികാരികൾ. ജനസഞ്ചയ രാഷ്‌ട്രീയ നിലപാടുകളിൽ ട്രംപിന് മുൻപേ വന്നവൻ എന്നാണ് വിശേഷണം. രണ്ടുതരം യൂറോപ്പ് ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഒന്ന് ക്രിസ്‌ത്യനും മുസ്ളിമും സഹവസിക്കുന്ന യൂറോപ്പ്, രണ്ട്, ക്രിസ്‌ത്യൻ യൂറോപ്പ് , ക്രിസ്‌ത്യൻ യൂറോപ്പിന്റെ വക്താവാണ് ഒർബാൻ. അതിനാൽത്തന്ന അഭയാർത്ഥികളെ പ്രത്യേകിച്ചും ക്രിസ്‌ത്യാനികളല്ലാത്തവരെ ഒട്ടും പഥ്യമല്ല. ഹംഗറിയിലെ ഈ കിറുക്കൻ ട്രംപ് സ്വന്തം രാജ്യത്തിന് മാത്രമല്ല, ലോകജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഒന്നാംലോക മഹായുദ്ധകാലത്തെ പ്രതാപം വീണ്ടെടുക്കണമെന്ന ആഗ്രഹവും ഇദ്ദേഹത്തിനുണ്ട്.
വെനസ്വേല തിളയ്‌ക്കുന്നു
വെനസ്വേലൻ രാഷ്‌ട്രീയം തിളച്ചുമറിയുകയാണ്. നിലവിലെ പ്രസിഡന്റ് നിക്കോളോസ് മഡുറോയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വൈഥോ നാഷണൽ അസംബ്ളി റാലി നടത്തി ആക്‌ടിംഗ് പ്രസിഡന്റായി സ്വയം സ്ഥാനമേറ്റിരിക്കുകയാണ്. 2013ൽ ജനകീയ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണശേഷം കടുത്ത രാഷ്‌ട്രീയ പ്രതിസന്‌ധിയിലാണ് വെനസ്വേല. പ്രധാനകാരണം അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ഇപ്പോഴത്തെ പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകളും സാമ്പത്തിക കെടുകാര്യസ്ഥതയുമാണ് . 2015 ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിപക്ഷത്തെ അംഗീകരിക്കാതെ ഭരണഘടന ഭേദഗതി ചെയ്‌ത് പുതിയ അസംബ്ളി രൂപീകരിച്ച് അധികാരം കൈയിലൊതുക്കുകയാണ് മഡൂറോ ചെയ്‌തത്. 2018 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തി ആറ് വർഷത്തേക്ക് കൂടി പ്രസിഡന്റായി അധികാരമേറ്റു. ഇതേ കൃത്രിമത്വം 2019 ലെ അസംബ്ളി തിരഞ്ഞെടുപ്പിലും ആവർത്തിച്ചു. ഇതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ അവസാന ഏടിലാണ് പ്രതിപക്ഷ നേതാവ് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഷാവോസിന്റെ കാലം മുതൽക്കേ അമേരിക്കയിലെ കണ്ണിലെ കരടാണ് വെനസ്വേല. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാവിനെ പ്രസിഡന്റായി അമേരിക്ക അംഗീകരിച്ചു കഴിഞ്ഞു. അമേരിക്കയുമായുള്ള നയതന്ത്രം വിച്ഛേദിച്ചാണ് മഡൂറോ പ്രതികരിച്ചത്. ലോകരാഷ്‌ട്രങ്ങളുടെ ഇടയിൽ ഇത് ചേരിതിരിവ് സൃഷ്‌ടിച്ചു കഴിഞ്ഞു. അമേരിക്കയോടൊപ്പം കാനഡ, ബ്രസീൽ, പെറു ചിലി തുടങ്ങിയ രാജ്യങ്ങൾ പുതിയ പ്രസിഡന്റിനെ പിന്തുണയ്‌ക്കുമ്പോൾ റഷ്യ, ടർക്കി, ക്യൂബ , മെക്‌സിക്കോ ഇവ മറുചേരിയിലാണ്. ആഭ്യന്തരവും അന്താരാഷ്‌ട്രീയവുമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നതാണ് വെനസ്വേലയിലെ രാഷ്‌ട്രീയപ്രതിസന്‌ധി. മാത്രവുമല്ല, ആഭ്യന്തരയുദ്ധത്തിനുള്ള സാദ്ധ്യത വളരെയേറെയുമാണ്.