പാറ്റ്ന: ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച സോണിയ ഗാന്ധിയുടെ മകളും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി വാദ്രയ്ക്കെതിരെ വിമർശനവുമായി ബീഹാർ മന്ത്രി വിനോദ് നാരായൺ ജാ രംഗത്ത്. പ്രിയങ്ക ഗാന്ധിക്ക് നല്ല ഭംഗിയുള്ള മുഖമുണ്ടായിരിക്കും, പക്ഷേ അവർക്ക് രാഷ്ട്രീയത്തിൽ ഇന്ന് വരെ ഒരു നേട്ടവും കൈവരിക്കാനായിട്ടില്ലെന്ന് വിനോദ് നാരായൺ പറഞ്ഞു. അതേസമയം, മന്ത്രിയുടെ പരാമാർശം വിവാദത്തിന് വഴിയൊരുക്കാനുള്ള സാദ്ധ്യതയുണ്ട്.
സൗന്ദര്യമുള്ള മുഖത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് നേടാൻ കഴിയില്ല. അതിനെല്ലാം ഉപരി അവർ ഭൂമി തട്ടിപ്പ് കേസിലും അഴിമതിക്കേസിലും പ്രതിയായ റോബേർട്ട് വാദ്രയുടെ ഭാര്യയാണ്. അവർക്ക് രാഷ്ട്രീയത്തിൽ ഒരു നേട്ടവും കൈവരിക്കാനാവില്ലെന്നും വിനോദ് നാരായൺ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന്റെ രണ്ടാം ദിവസമാണ് പരാമർശവുമായി ബീഹാർ മന്ത്രി രംഗത്തെത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും നേരിടാനാണ് പ്രിയങ്ക ഗാന്ധിയെ കോൺഗ്രസിന്റെ തുറുപ്പ് ചീട്ടായി സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറക്കിയത്. പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് അദ്ധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയാണ് നിയമിച്ചത്. പ്രിയങ്ക ആദ്യമായാണ് പാർട്ടിയുടെ ഔദ്യോഗിക പദവിയിൽ എത്തുന്നത്. ഇപ്പോൾ ന്യൂയോർക്കിലുള്ള പ്രിയങ്ക മടങ്ങിയെത്തിയ ശേഷം ഫെബ്രുവരി ആദ്യവാരം ചുമതലയേൽക്കും. പ്രധാനമന്ത്രി മോദിയുടെ വാരണാസി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂർ എന്നീ മണ്ഡലങ്ങൾ കിഴക്കൻ യു.പിയിൽ ആണെന്നതു തന്നെ പ്രിയങ്കയുടെ ഭാരിച്ച ഉത്തരവാദിത്വം വ്യക്തമാക്കുന്നു.