bhanupriya

ചെന്നൈ: 14കാരിയെ ജോലിക്ക് നിറുത്തി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടി ഭാനുപ്രിയക്കെതിരെ കേസ്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ്‌ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിയുടെ പേരിൽ ഭാനുപ്രിയ പീഡിപ്പിച്ചെന്നും പറഞ്ഞുറപ്പിച്ച ശമ്പളം നൽകിയില്ലെന്നും കാണിച്ച് സമാൽകോട്ട്‌ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

മാസം 10,000 രൂപയായിരുന്നു പെൺകുട്ടിക്ക് ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ പതിനെട്ട് മാസമായി പെൺകുട്ടിക്ക് ഇവർ തുക നൽകിയിരുന്നില്ലെന്നും, വീട്ടുകാരുമായി ബന്ധപ്പെടുന്നതിനുള്ള അവസരം പോലും നിഷേധിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാൽ, പെൺകുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നൽകിയതായി സമാൽകോട്ടേ സ്റ്റേഷൻ എസ്.ഐ വ്യക്തമാക്കി. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ പെൺകുട്ടി തന്റെ വീട്ടിൽ നിന്നുംമോഷ്ടിച്ചുവെന്നും പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും താരം നൽകിയ പരാതിയിൽ പറയുന്നു.

ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിർത്തുന്നത് രണ്ടു വർഷം തടവും അൻപതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.