തിരുവനന്തപുരം: സംവിധായകൻ പ്രിയനന്ദനെതിരെ സംഘപരിവാർ നടത്തിയ ആക്രമണം സമൂഹത്തിൽ അസഹിഷ്ണുതയുടെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അപലപനീയമാണെന്നും സമൂഹത്തിൽ അസഹിഷ്ണുത വളർന്നുവരുന്നതിന്റെ അടയാളമാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇത്തരത്തിലുള്ള സംഘപരിവാർ അജണ്ട കേരളത്തിൽ അനുവദിക്കില്ലെന്നും ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക കേരളസഭയുടെ പിന്നിൽ ധൂർത്താണ് നടക്കുന്നതെന്ന ആരോപണം തെറ്റാണ്. ഭാവി വികസനത്തിൽ വലിയ ഇടം നൽകുന്നതാണ് കേരള സഭയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ കഴിഞ്ഞ തവണ സർക്കാർ ചെലവിൽ നടന്നതിനാലാണ് അത് സർക്കാർ ധൂർത്തെന്ന് പറയുന്നത്. എന്നാൽ ഇത്തവണ സംഘടകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. യാത്രാ ചെലവുകൾ മാത്രമാണ് സർക്കാരിനുള്ളതെന്നും മറ്റൊരു വിധത്തിലുള്ള ചെലവുകളും സർക്കാർ ഭാഗത്ത‌് നിന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കാര്യങ്ങളിലെ വസ്തുത മനസ്സിലാക്കിയ ശേഷം മാത്രമേ പ്രതികരിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് കേരള സഭയ്ക്ക് എതിരാണെന്ന വാദം തെറ്രാണ്. അദ്ദേഹം ഇതിനെ അനുകൂലിക്കുന്ന വ്യക്തിയാണ്. സ്വകാര്യ വിഷയത്തിൽ പങ്കെടുക്കാനുള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം ഇത്തവണ സഭയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന കാര്യം അറിയിച്ചത്. അദ്ദേഹത്തിന് പകരം മറ്റാരെങ്കിലുമായിരിക്കും ഇത്തവണ പങ്കെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.