manju-warrior

തിരുവനന്തപുരം: നടി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക്. കോൺഗ്രസിന് വേണ്ടി പ്രചരണ രംഗത്തേക്ക് ഇറങ്ങുന്നുവെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഉന്നത നേതൃത്വവുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ഇതുമായി ബന്ധപ്പെട്ട് മ‌ഞ്ജുവാര്യരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

തിരഞ്ഞെടുപ്പിൽ മഞ്ജുവിനെ മത്സരിപ്പിക്കാതെ പ്രചരണത്തിൽ മഞ്ജുവിനെ സജീവമാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം മറ്റ് പാർട്ടികൾക്ക് തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തൽ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അവർക്ക് വേണ്ടി രംഗത്തിറങ്ങിയത് അഭിനേത്രി എന്നതിലുപരി മഞ്ജു വാര്യരുടെ ജനപ്രീതി ഉയർത്തിയതിന് വലിയ ഒരു കാരണമായിരുന്നു.

താരസംഘടനായായ 'അമ്മ'യെ വെല്ലുവിളിച്ച് വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കപ്പെട്ടതിലും മഞ്ജുവിന് മുഖ്യപങ്കുണ്ട്. മലയാള സിനിമയിൽ ജനപിന്തുണയുള്ള നടിമാരിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ളയാളാണ് മഞ്ജു വാര്യർ. ഈ ഘടകം കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്കും പ്രളയസമയങ്ങളിലും മഞ്ജു വാര്യർ പലപ്പോഴായി നടത്തിയ ഇടപെടലുകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.


നേരത്തെ, സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ മതിലിന് മഞ്ജു വാര്യർ പിന്തുണ അറിയിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീയ നിറം വന്നുചേർന്നത് അറിഞ്ഞിരുന്നില്ല. രാഷ്ട്രീയ നിറമുള്ള പരിപാടികളിൽ നിന്ന് അകന്നുനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാ മതിലിന്റെ കാര്യത്തിലുമുള്ളതെന്നും മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതിയായിരുന്ന ഷീ ടാക്സിയുടെ ബ്രാൻഡ് അംബാസിഡർ മഞ്ജുവായിരുന്നു.