''അയ്യോ..."
ശിവദാസൻ ഇരുളിൽ എവിടെയോ മുഖമടിച്ചു വീണു...
കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു അയാൾ...
പക്ഷേ വഴുവഴുക്കലുള്ള ഏതോ ദ്രാവകത്തിൽ എന്നവണ്ണം കൈപ്പത്തികൾ തെന്നിപ്പോയി....
ഒപ്പം എന്തോ അപരിചിതമായ ഒരു ഗന്ധവും അയാൾക്കനുഭവപ്പെട്ടു.
''മരിയേ... എടീ, ഒന്നു പിടിച്ചെണീൽപ്പിക്കെടീ..."
അവിടെ കിടന്നുകൊണ്ട് അയാൾ ചീറി.
പക്ഷേ പ്രതികരണമൊന്നും ഉണ്ടായില്ല...
വല്ല വിധേനയും ശിവദാസൻ എഴുന്നേറ്റു. കൈകളിൽ പറ്റിയ നനവ് മുണ്ടിൽ തുടച്ചു.
കോട്ടേജിലെ ലൈറ്റിന്റെ സ്വിച്ച് എവിടെയാണെന്ന് അയാൾക്ക് ഊഹമുണ്ടായിരുന്നു.
കാരണം ഒന്നിലധികം തവണ നേരത്തെ അയാൾ ഇവിടെ വന്നിട്ടുണ്ട്.
ഇരുളിൽ തപ്പി അയാൾ ഭിത്തിക്കരുകിലെത്തി. പിന്നെ ഭിത്തിയിൽ പരതി സ്വിച്ച് കണ്ടെത്തി ലൈറ്റിട്ടു.
മുറിയിൽ വെളിച്ചം പരന്നതും താൻ വീണ ഭാഗത്തേക്ക് അയാൾ നോക്കി.
''ഹാ..." അലറിയുയർന്ന ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി വീണു.
അവിടെ തറയിൽ...
അത്തപ്പൂവു കണക്കെ കിടക്കുന്ന ചോരയുടെ വലയം....
അതിനുള്ളിൽ ചായത്തിൽ കുളിച്ചതുപോലെ ഒരു ശരീരം!
സ്ത്രീയുടെ!
ശ്വാസം നിലച്ചു പോകുന്ന അവസ്ഥയിലും ശിവദാസൻ സൂക്ഷിച്ചു നോക്കി.
മരിയ...!
മരിയ ഫെർണാണ്ടസ്....!!!
വിവശതയോടെ അയാൾ ഭിത്തിയിലേക്കു ചാരി.
മരിയയുടെ കണ്ണുകൾ തുറിച്ചുന്തി നിന്നിരുന്നു. പല്ലുകൾ കോർത്തു പിടിച്ചതു മാതിരി...
കഴുത്തിനു മുന്നിൽ തേങ്ങ പൂളിയതുപോലെ ഒരു ചുവന്ന പാട്. അതിലൂടെ പതച്ചുവരികയാണ് രക്തം...
മരിയ ഫെർണാണ്ടസ് മരിച്ചിട്ട് അധികനേരം ആയിട്ടില്ലെന്നു വ്യക്തം.
താൻ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ഭീകരാവസ്ഥ മനസ്സിലാക്കുവാൻ സെക്കന്റുകളേ വേണ്ടിവന്നുള്ളൂ ശിവദാസന്.
അയാൾ പെട്ടെന്ന് ഫോണിനായി പോക്കറ്റിൽ പരതി. പക്ഷേ കണ്ടില്ല.
ഞൊടിയിടയിൽ പിൻതിരിഞ്ഞ് വാതിൽ തുറക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. തന്നെ തള്ളിയിട്ട ആൾ അത് ലോക്കു ചെയ്തിരിക്കുകയാണ്.
ശിവദാസൻ കുടുകുടെ വിയർത്തു. അയാൾ തൊട്ടടുത്ത മുറിയിലേക്കു പാഞ്ഞു.
കിച്ചൺ ഭാഗത്തെ വാതിൽ തുറക്കുവാൻ. എന്നാൽ അതും പൂട്ടിയ നിലയിലായിരുന്നു.
ശിവദാസൻ ജനാല തുറന്ന് പുറത്തേക്കു നോക്കി.
തെങ്ങിൻ തോപ്പ് വിജനമാണ്. കടലിൽ നിന്നടിച്ചു വരുന്ന ഉപ്പുള്ള കാറ്റ് മുറിക്കുള്ളിലേക്ക് പാഞ്ഞുകയറി.
പെട്ടെന്നു കണ്ടു...
കോൺവോയ് കണക്കെ അഞ്ചാറു വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നു..
അതിൽ ഒന്നിനു മുകളിൽ പോലീസിന്റെ നീലയും ചുവപ്പുമുള്ള ബീക്കൺ ലൈറ്റുകൾ മിന്നുന്നു!
വന്ന വേഗത്തിൽത്തന്നെ വാഹനങ്ങൾ തെങ്ങിൻ തോപ്പിലേക്കു വെട്ടിത്തിരിഞ്ഞു.
കോട്ടേജിനു പുറത്ത് അവ ബ്രേക്കിട്ടു.
ശിവദാസൻ ജനാലയ്ക്കൽ നിന്ന് തെന്നി മാറി ഭിത്തിയിൽ ഒട്ടിയതു പോലെ നിന്നു.
പിന്നെ മുഖം അല്പം നീട്ടി നോക്കി.
പോലീസ് വാഹനത്തിൽ നിന്ന് കാക്കിധാരികൾ ചാടിയിറങ്ങുന്നു..
മറ്റ് വാഹനങ്ങളിൽ നിന്ന് ക്യാമറയും മറ്റുമായി മീഡിയക്കാരും...
''ഇതിനുള്ളിൽതന്നെ ആണെന്നാ വിവരം കിട്ടിയത്."
ആരോ പറയുന്നു...
ശിവദാസൻ ശ്വാസമടക്കി.
പോലീസുകാർ സിറ്റൗട്ടിലേക്കു കയറി. വാതിലിന്റെ ലോക്കു നീക്കുന്ന ശബ്ദം....
ഒപ്പം തന്നെ ജനാലയിലൂടെ ക്യാമറകളുടെ കനത്ത വെളിച്ചം അകത്തേക്കു പാളിവീണു കഴിഞ്ഞു.
ആ സെക്കന്റിൽ ശിവദാസൻ കേട്ടു, പിൻഭാഗത്തെ വാതിലിന്റെ ലോക്ക് ആരോ തുറക്കുന്നതുപോലെ... ഒരു ശബ്ദം. അല്ലെങ്കിൽ കാറ്റിൽ അനങ്ങിയതാവാം...
അവിടേക്കു നീങ്ങാനുള്ള നേരം കിട്ടിയില്ല...
പോലീസിനൊപ്പം ചാനലുകാരും അകത്തെത്തി.
അവർ ആദ്യം കണ്ടത് മരിയ ഫെർണാണ്ടസിന്റെ മൃതദേഹം.
പിന്നെ കണ്ടത് ഭിത്തിയിൽ ചാരി നിൽക്കുന്ന ശിവദാസനെ!
സർവരും ഒരുനിമിഷം അമ്പരന്നു...
(തുടരും)