murder

കോട്ടയം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന തെളിവുകളിലൊന്നായ മൊബൈൽ ഫോൺ കണ്ടെത്തി. ഇന്നലെ നടത്തിയ അന്വേഷണത്തിലാണ് പിക്കപ്പ് വാനിൽ ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെത്തിയത്. മൊബൈൽ സിംകാർഡ് കടിച്ച് വളച്ചശേഷം ഫോൺ എറിഞ്ഞുകളഞ്ഞുവെന്നാണ് പ്രതി മാലം കുഴിനാഗനിലത്തിൽ അജേഷ് (36) ആദ്യദിവസം പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് ഒരു മണിക്കൂറോളം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ഹോളോബ്രിക്സ് ഫാക്ടറിയിലെ പിക്കപ്പ് വാനിലുള്ളിൽ മൊബൈൽഫോൺ ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. പ്രതിയുമായി എത്തി ഫാക്ടറി വളപ്പിൽ കിടന്നിരുന്ന വാനിനുള്ളിൽ നിന്ന് ഫോൺ കണ്ടെടുക്കുകയായിരുന്നു. അതേസമയം പെൺകുട്ടിയെ വീട്ടിൽ നിന്ന് ഹോളോബ്രിക്സ് ഫാക്ടറിയിൽ എത്തിച്ച ഓട്ടോഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു. താൻ പെൺകുട്ടിയെ ഫാക്ടറിയിൽ എത്തിച്ചതായി അയർക്കുന്നം അരീപ്പറമ്പിലുള്ള ഓട്ടോഡ്രൈവർ സമ്മതിച്ചതായാണ് അറിയുന്നത്. കൃത്യത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഈസ്റ്റ് സി.ഐ ടി.ആർ.ജിജു പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ വീണ്ടും ഹാജരാക്കും.