ന്യൂഡൽഹി: ചാലിശേരി സെന്റ് പീറ്രേഴ്സ് പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ യാക്കോബായ സഭയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് വിധി അട്ടിമറിക്കാൻ ശ്രമിക്കരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. അന്തിമവിധി പറഞ്ഞ കേസിൽ ഹർജിയുമായി വന്നാൽ ചിലവ് നൽകേണ്ടി വരുമെന്നും ജസ്റ്രിസ് അരുൺ മിശ്ര മുന്നറിയിപ്പ് നൽകി.
തൃശൂർ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് പള്ളി കേസിൽ യാക്കോബായ വിഭാഗം നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പ്രതികരണം. മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളും 1934ലെ ഭരണഘടന പ്രകാരം ഭരിക്കാനായിരുന്നു സുപ്രീം കോടതിയുടെ അന്തിമവിധി.
സുപ്രീം കോടതി ഉത്തരവനുസരിച്ച് പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ശ്രമിച്ച ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായക്കാർ പലയിടങ്ങളിലും തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു. കോതമംഗലം ചെറിയ പള്ളിയിലും പിറവം സെന്റ്‌മേരീസ് പള്ളിയിലും മാന്ദാമംഗലം പള്ളിയിലും ഇതിനേത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.