ഉപ്പൂറ്റിയും ചുണ്ടും വിണ്ടുകീറൽ, ത്വക്കിന്റെ രൂക്ഷത കൂടുക, നിറവ്യത്യാസം, ചൊറിച്ചിൽ തുടങ്ങി പലതും ഈ കാലാവസ്ഥയിൽ കാണുന്ന പ്രശ്നങ്ങളാണ്. പ്രമേഹം, കരൾ രോഗങ്ങൾ, അലർജി രോഗങ്ങൾ, അധികമായി തണുപ്പ് ഏൽക്കുക, ജന്മനാ വരണ്ട ചർമ്മം എന്നിവ ഈ ബുദ്ധിമുട്ടുകൾക്ക് കാരണമാകുകയും ഉള്ളതിനെ വർദ്ധിപ്പിക്കുകയും ചെയ്യും.
ഇത്തരം ബുദ്ധിമുട്ടുകൾ വർഷാവർഷം ഉണ്ടാകുന്നവർ തണുപ്പ് ആരംഭിക്കുന്നതിനു മുമ്പുതന്നെ ചികിത്സ തുടങ്ങുന്നത് നല്ലതാണ്. തണുപ്പ് തീരുംവരെ വളരെ ശ്രദ്ധചെലുത്തുകയും വേണം. ചുണ്ടും പാദവും ഉൾപ്പെടെ വെടിച്ച് കീറി പലപ്പോഴും ചോര വരികയോ അണുബാധ ഉണ്ടാവുകയോ ചെയ്യും. രൂക്ഷതയേറിയ ത്വക്കിനെ മരുന്നുകൾ പുരട്ടിയും മറ്റും ഈർപ്പമുള്ളതാക്കുകയും പാദങ്ങൾ സൂക്ഷ്മതയോടെ ഉരച്ച് കഴുകുകയും രോഗത്തിന്റെ തീവ്രതയനുസരിച്ച് മരുന്നുകൾ ഉപയോഗിക്കുകയും ചെയ്താൽ പരിപൂർണമായും രേഖപ്പെടുത്താം.
പാദം ഉരയ്ക്കുന്നത് വളരെ സൂക്ഷിച്ചുവേണം. പ്രത്യേകിച്ചും പ്രമേഹരോഗികൾ. പാദം കഴുകിത്തുടച്ച് ചെറിയ ഈർപ്പമുള്ളപ്പോൾ തന്നെ മരുന്ന് പുരട്ടുകയാണ് വേണ്ടത് .ചുണ്ടുകളിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതിയാകും. സർക്കാർ ആയുർവേദ ഡിസ്പെൻസറികളിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന മരുന്നുകളും മറ്റ് ആയുർവേദ ലേപനങ്ങളും രോഗാരംഭത്തിൽ തന്നെ ഉപയോഗിക്കുകയാണ് വേണ്ടത്.
ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ
ഓഫീസർ
ഗവ.ആയുർവേദ
ഡിസ്പെൻസറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം
ഫോൺ:9447963481