kollam

കൊല്ലം: നിരവധി മോഷണ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഇരുട്ട് രാജീവ് എന്ന് അറിയപ്പെടുന്ന എഴുകോൺ ചീരങ്കാവ് പരുത്തൻപാറ കിഴക്കേ മുകളിൽ വീട്ടിൽ രാജീവ് പൊലീസ് പിടിയിലായി. പാരിപ്പള്ളി, കുണ്ടറ, പരവൂർ, കൊട്ടിയം, കിളികൊല്ലൂർ, കൊല്ലം വെസ്‌റ്ര്, കല്ലമ്പലം സ്‌‌റ്റേഷനുകളിലായി 15 കവർച്ചാ കേസുകളിൽ രാജീവ് പ്രതിയാണ്. പാരിപ്പള്ളി പൊലീസും കൊല്ലം സിറ്റി ഷാഡോ ടീമും ചേർന്ന് ഇന്നലെ കണ്ണനല്ലൂരിൽ നിന്നാണ് രാജീവിനെ പിടികൂടിയത്.

പ്രായമായവർ മാത്രമുള്ള വീടുകൾ തെരഞ്ഞെടുത്തായിരുന്നു രാജീവ് കവർച്ച നടത്തിയത്. പാരിപ്പള്ളി പ്ലാവിൻമൂട്ടിലെ ഒരു വൃദ്ധയുടെ ഒരു പവൻ വീതമുള്ള രണ്ട് വളകൾ കവർന്ന കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ജൂവലറിയുടെ സ്വർണാഭരണ സമ്മാന സ്‌കീമിൽ സമ്മാനം കിട്ടിയിട്ടുണ്ടെന്ന വ്യാജേന വൃദ്ധയെ സമീപിച്ച് ആഭരണത്തിൽ കൊത്തിയിട്ടുള്ള കോഡ് നമ്പർ ഒത്ത് നോക്കണമെന്ന് പറഞ്ഞ് സ്‌ത്രീയുടെ രണ്ട് വളകളും ഊരി വാങ്ങിയ ശേഷം കടന്ന് കളയുകയായിരുന്നു. പരവൂർ തെക്കുംഭാഗത്ത് സമാന രീതിയിൽ ഒരു വൃദ്ധന്റെ ഒരു പവൻ തൂക്കമുള്ള മോതിരവും കഴിഞ്ഞ ദിവസം ഇയാൾ കവർന്നു.

രണ്ട് സംഭവങ്ങളിലും നഷ്‌ടപ്പെട്ട ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മറ്റ് കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ബാറുകളിൽ മദ്യപിക്കാനെന്ന വ്യാജേന കയറി അടുത്ത് മേശകളിൽ ഇരിക്കുന്നവരുടെ സംഭാഷണം ശ്രദ്ധിച്ച് അവരുടെ വ്യക്തിപരമായ വിവരങ്ങൾ മനസിലാക്കിയ ശേഷം ബാറിന് പുറത്ത് വച്ച് ഫോൺ ചെയ്യാനെന്ന വ്യാജേന അവരുടെ വിലപ്പെട്ട ഫോൺ കൈക്കലാക്കി മുങ്ങിയ സംഭവങ്ങളും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ബാറിൽ നടന്ന സംഭവങ്ങൾ ആയതിനാൽ മാന്യത നഷ്‌ടപ്പെടുമെന്ന് ഭയന്ന് പലരും വിവരം പൊലീസിൽ അറിയിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ഇത്തരം പരാതികൾ ഉള്ളവർ പാരിപ്പള്ളി പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു.

പാരിപ്പള്ളി എസ്.ഐ പി.രാജേഷ്, കൊല്ലം സിറ്റി ഷാഡോ എസ്.ഐ യു.പി.വിപിൻ കുമാർ, എ.എസ്.ഐ മാരായ ദിലീപ്, സുധീർ, സലിം, എസ്.സി.പി.ഒ മാരായ നന്ദകുമാർ, പ്രകാശ്, ഷാഡോ ടീം അംഗങ്ങളായ ഹരി, സീനു,മനു, ബൈജു, ജെറോം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.