ഭുവനേശ്വർ: ഉത്തർപ്രദേശിൽ നഷ്ടപ്പെട്ട പ്രതാപകാലം വീണ്ടെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധിയെ രാഷ്ട്രീയത്തിലേക്കിറക്കിയ കോൺഗ്രസിന്റെ നീക്കം ബി.ജെ.പിക്ക് തികഞ്ഞ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പ്രിയങ്ക നേതൃനിരയിലേക്ക് വന്നതിന് പിന്നാലെ ബി.ജെ.പി എം.പിയായ വരുൺ ഗാന്ധി കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒഡീഷയിൽ എത്തിയപ്പോഴാണ് രാഹുൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത്തരത്തിലുള്ള അഭ്യൂഹങ്ങൾ താൻ ഇതുവരെ കേട്ടിട്ടില്ലെന്നാണ് രാഹുലിന്റെ മറുപടി.
രാഹുൽ ഗാന്ധിയുടെ പിതൃ സഹോദരന്റെ മകനാണ് വരുൺ ഗാന്ധി. നിലവിൽ ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ എം.പിയായ വരുണിനെ ബി.ജെ.പിയിൽ തഴയുന്നെന്ന ആക്ഷേപമുണ്ട്. ഇത് കൈമുതലാക്കി കോൺഗ്രസിലേക്ക് എത്തിക്കാനാണ് പാർട്ടിയുടെ നീക്കം. എന്നാൽ വരുണിന്റെ അമ്മയായ മനേക ഗാന്ധി കേന്ദ്രമന്ത്രിയായിരിക്കുന്ന കാലത്തോളം ഈ നീക്കം നടക്കില്ലെന്നാണ് വിലയിരുത്തൽ.