തിരുവനന്തപുരം: സംവിധായകൻ പ്രിയനന്ദനെ ആക്രമിച്ചയാൾ പിടിയിൽ. തൃശൂർ വല്ലപ്പുഴ സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ സരോവർ ആണ് പൊലീസ് പിടിയിലായത്. കൊടുങ്ങല്ലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് പ്രിയനന്ദന് നേരെ ആക്രമണം നടന്നത്. ആർ.എസ്.എസുകാർ മർദ്ദിച്ചെന്നും തലയിൽ ചാണകവെള്ളം ഒഴിച്ചെന്നുമായിരുന്നു പ്രിയനന്ദന്റെ പരാതി.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു ആക്രമണം. വല്ലഞ്ചിറ ജംഗ്ഷനിലെ കടയിലേക്ക് പോകുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തിന് പിന്നിൽ പ്രദേശത്തെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പ്രിയനന്ദൻ ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം നേരിടേണ്ടി വന്നതിനെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിൻവലിച്ചിരുന്നു. എന്നാൽ പോസ്റ്റിലെ ഭാഷ മോശമെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിൻവലിച്ചതെന്നും നിലപാടിൽ മാറ്റമില്ലെന്നും ഇതിന്റെ പേരിൽ മാപ്പ് പറയില്ലെന്നും നേരത്തെ പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഭവത്തിന് പിന്നിൽ ആർ.എസ്.എസിനും ബി.ജെ.പിക്കും യാതൊരു ബന്ധമില്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രിയനന്ദനെ മർദ്ദിക്കണമെങ്കിൽ പണ്ടേ ആവാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനാധിപത്യ രീതിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. അന്ന് ആ പ്രകടനം പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് ഇതിന്റെ പേരിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.