sbi-attack

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം എസ്.ബി.ഐ ട്രഷറി ബ്രാ‌ഞ്ച് അടിച്ചുതകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സംഭവത്തിൽ അറസ്റ്റിലായ എട്ട് എൻ.ജി.ഒ യൂണിയൻ നേതാക്കളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പിഴയടയ്ക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല.

അതീവ ഗൗരവകരമായ കുറ്റമാണ് പ്രതികളായ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഇങ്ങനെ ചെയ്താൽ തെറ്രായ സന്ദേശ നൽകുമെന്നും കോടതി വിലയിരുത്തി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് പറഞ്ഞ കോടതി പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം ഏഴ് വരെ നീട്ടി.

ഈ മാസം 8, 9 തീയതികളിൽ നടന്ന ദേശീയപണിമുടക്കിനിടെയാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്തത്.ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ ട്രഷറി ഓഫിസിലെ ക്ലാർക്കും യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറിയുമായ എ.അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഫിസ് അറ്റൻഡന്റും യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.വി. ഹരിലാൽ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനിൽ കുമാർ, യൂണിയൻ പ്രവർത്തകരായ സുരേഷ്, വിനുകുമാർ, ബിജുരാജ്, ശ്രീവത്സൻ എന്നിവരാണ് അറസ്റ്റിലായത്.