priyanka

ഭുവനേശ്വർ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. '' പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശന തീരുമാനം കഴിഞ്ഞ പത്തു ദിവസംകൊണ്ട് കൈക്കൊണ്ടതാണെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ സത്യത്തിൽ ഇത് വർഷങ്ങൾക്കു മുമ്പ് എടുത്ത തീരുമാനമാണ്. എന്നാൽ മക്കൾക്കായി പ്രിയങ്ക മനഃപൂർവം മാറി നിൽക്കുകയായിരുന്നു"- ഭുവനേശ്വറിൽ നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇപ്പോൾ മക്കൾ സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തരായതോടെയാണ് പ്രിയങ്ക രാഷ്ട്രീയത്തിലെത്തിയതെന്നും രാഹുൽ പറഞ്ഞു. ഒഡിഷയിൽ പ്രിയങ്ക പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കുമെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പി മോഡലും ബി.ജെ.ഡി മോഡലും സമാനമാണെന്ന് പരാമർശിച്ച രാഹുൽ ഗുജറാത്ത് മോഡലിനെയും വിമർശിച്ചു. സംസ്ഥാനത്തെ പണക്കാരായ വ്യവസായികളാണ് ഗുജറാത്തിൽ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്കായി പണം നൽകുക. പിന്നീട് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ചുമതലകൾ അവരെ ഏൽപ്പിക്കും. ജനങ്ങളുടെ ആവശ്യങ്ങൾ എവിടെയും രേഖപ്പെടുത്താതെ പോകും. കോൺഗ്രസിന്റെ ഭരണം ഇതല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഞങ്ങൾ പരസ്പരം ബഹുമാനിച്ചു പ്രശസ്തമായ കുടുംബത്തിൽ നിന്ന് വരുന്നു എന്നു കരുതി എനിക്കും പ്രിയങ്കയ്ക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അച്ഛന്റെയും മുത്തശ്ശിയുടെയും കൊലപാതകങ്ങൾ മറികടക്കാൻ ഞങ്ങൾ ഏറെ പാടുപെട്ടു. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ പരസ്പരം താങ്ങും തണലുമായി. പരസ്പരം ബഹുമാനിച്ചു. അവരവരുടേതായ ഇടം നൽകി.