-abhilash-tomy

തിരുവനന്തപുരം : ഒറ്റയ്ക്കൊരു പായ്‌വഞ്ചിയിൽ രണ്ടാം വട്ടവും ഉലകം ചുറ്റാനിറങ്ങി മരണത്തെ മുഖാമുഖം കണ്ടിട്ടും തളരാത്ത മനസുമായി ജീവിതത്തിലേക്ക് തിരികെക്കയറിയ അഭിലാഷ് ടോമിയുടെ പോരാട്ടത്തിനുള്ള അംഗീകാരമാണ് രാഷ്ട്രപതിയുടെ നാവികസേനാമെഡൽ.

2013-ൽ ഒറ്റയ്ക്ക് പായ്‌വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച അഭിലാഷ് സമുദ്രസഞ്ചാരികളുടെ സ്വപ്നമായ ഗോൾഡൻ ഗ്ളോബ് റേസിനായാണ് കഴിഞ്ഞ ജൂലായ് ഒന്നിന് തൂരിയ എന്ന പായ്‌വഞ്ചിയിൽ യാത്ര തുടങ്ങിയത്. ആധുനിക യന്ത്ര ഉപകരണങ്ങളൊന്നുമില്ലാതെ റേഡിയോ സന്ദേശങ്ങളെമാത്രം ആശ്രയിച്ച് 30,000 മൈൽ പണ്ടുകാലത്തെ നാവികരെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പ്രയാണത്തിനിടെ സെപ്തംബർ 21ന് ദക്ഷിണ ഇന്ത്യൻ സമുദ്രത്തിൽ വച്ച് 14 മീറ്ററോളം ഉയർന്നുപൊങ്ങിയ തിരമാലകളിൽപ്പെട്ട് തൂരിയ തകർന്നു. അഭിലാഷിന് നടുവിന് പരിക്കേറ്റു. എഴുന്നേൽക്കാനാകാതെ മൂന്നുദിവസം നടുക്കടലിൽ ഒറ്റപ്പെട്ടുകിടക്കേണ്ടിവന്നു.അപകടസന്ദേശം ലഭിച്ച് മൂന്നുദിവസത്തിന് ശേഷമാണ് ഒരു ആസ്ട്രേലിയൻ കപ്പലെത്തി രക്ഷിച്ചത്.

ആ യാത്ര നൽകിയ ശാരീരികവേദനകളിൽ നിന്ന് മോചിതനായിവരുന്ന അഭിലാഷിന് ഇൗ പുരസ്കാരം പ്രോത്സാഹന സമ്മാനമാണ്. കാരണം കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ അഭിലാഷിന്റെ മനസിൽ അടുത്ത കടൽയാത്രയായിരുന്നു. അലറിവിളിക്കുന്ന തിരമാലകളെ കീറിമുറിച്ച് അറിയാത്ത കടലാഴങ്ങൾ തേടുവാൻ വെമ്പുകയാണ് ആ മനസ്. ആലപ്പുഴ ചെത്തിപ്പുഴയിലാണ് ജനിച്ചതെങ്കിലും നാവികസേനാ ഉദ്യോഗസ്ഥനായ പിതാവിനൊപ്പം ഇന്ത്യയിലെ കടലുകൾ കണ്ടറിഞ്ഞും മൊബിഡിക്കും മറ്റ് സാഹസികയാത്രാപുസ്തകങ്ങളും വായിച്ചറിഞ്ഞും കടലിനൊപ്പം കൂടിയ മനസാണ് അഭിലാഷിന്റേത്.

2000ത്തിൽ നാവികസേനയിൽ ചേർന്ന അഭിലാഷ് കഴിഞ്ഞ 18 വർഷത്തിനിടെ 52,000 നോട്ടിക്കൽ മൈലിലേറെയാണ് ഒറ്റയ്ക്ക് കടൽയാത്ര നടത്തിയത്. ഇപ്പോൾ നേവി കമാൻഡർ. 2013ൽ അഭിലാഷിനെ ലോകപര്യടനത്തിന് കീർത്തിചക്ര ജേതാവായി പ്രഖ്യാപിക്കുമ്പോൾ 39 വർഷത്തിന് ശേഷം നാവികസേനയിലേക്കെത്തുന്ന കീർത്തിചക്ര ആയിരുന്നു അത്. ടെൻ സിംഗ് നോർഗെ അവാർഡ്, മക്ഗ്രിഗോർ മെഡൽ തുടങ്ങിയവയും നേടിയിട്ടുണ്ട്.അടുത്തിടെ കടലിലൂടെ ലോകപര്യടനം നടത്തിയ ഐ.എൻ.എസ് തരിണിയിലെ വനിതാസംഘത്തിന് പരിശീലനം നൽകിയതും അഭിലാഷാണ്.ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര സെയ്ലിംഗ് മത്സരങ്ങളിലും പങ്കെടുത്തു.

2013ൽ ലോകം ചുറ്റിവന്ന അഭിലാഷിനെ സ്വീകരിക്കാനെത്തിയത് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയാണ്. ഇന്ന് രാഷ്ട്രപതിയുടെ മെഡലും.

6000ത്തിലധികം പേർ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്. എന്നാൽ പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് കടലിലൂടെ ലോക പര്യടനം നടത്തിയവർ വെറും 79 പേരാണ്. അതിൽ ഏക ഇന്ത്യക്കാരനാണ് അഭിലാഷ് ടോമിയെന്ന മലയാളി നാവികൻ