തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സാംസ്കാരിക പ്രവർത്തകനുമായ പ്രിയനന്ദനന് നേരെ നടന്ന ആക്രമണത്തിൽ ആർ.എസ്.എസിനെ വിമർശിച്ച് മന്ത്രി എം.എം മണി. പ്രിയനന്ദനെ ആക്രമിക്കുകയും ചാണകവെള്ളം ഒഴിക്കുകയും ചെയ്ത സംഭവം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് മണി ഫേസ്ബുക്കിൽ കുറിച്ചു. ആർ.എസ്.എസ് പ്രവർത്തകനാണ് മർദ്ദിച്ചതെന്ന് പ്രിയനന്ദൻ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു.
'പ്രിയനന്ദനനെ ആക്രമിച്ച നടപടിക്കെതിരെ സാംസ്കാരിക കേരളം ശക്തമായി മുന്നോട്ട് വരിക തന്നെ ചെയ്യും. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതാണോ അദ്ദേഹം ചെയ്ത തെറ്റ്? തങ്ങളുടെ നിലപാടുകളെ അംഗീകരിക്കാത്ത എല്ലാവരെയും ആക്രമിക്കുക, നിശ്ശബ്ദരാക്കുക എന്ന ഫാസിസ്റ്റ് ശൈലി കേരളത്തിലും നടപ്പാക്കാമെന്ന് ആർ.എസ്.എസും സംഘ് പരിവാർകാരും ധരിക്കുന്നുണ്ടെങ്കിൽ തെറ്റ്'. ഇത് കേരളത്തിൽ സാദ്ധ്യമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ പ്രിയനന്ദനൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ മോശം ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ഇതിനെ തുടർന്ന് താനുപയോഗിച്ച ഭാഷ കടുത്തതായിപ്പോയെന്നും പോസ്റ്റ് പിൻവലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തിലെ മുഖ്യപ്രതി സരോവറിനെ നേരത്തെ അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.