തിരുവനന്തപുരം: ഇംഗ്ലണ്ടിന്റെ സിംഹക്കുട്ടികൾക്ക് ഒന്ന് ഗർജ്ജിക്കാൻ പോലും അവസരം നൽകാതെ കാര്യവട്ടം സ്പോർട്സ് ഹബിൽ ദ്രാവിഡിന്റെ ചുണക്കുട്ടികൾ വീണ്ടും എ ക്ലാസ് ജയം നേടി. ഇന്നലെ നടന്ന ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം ഏകദിനത്തിൽ 138 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ എ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ലയൺസ് 37.4 ഓവറിൽ 165 റൺസിന് ആൾഔട്ടാവുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ എ ടീം 2-0ത്തിന് മുന്നിലെത്തി. അർദ്ധ സെഞ്ച്വറികളുമായി തിളങ്ങിയ അജിങ്ക്യ രഹാനെയും (91), ഹനുമ വിഹാരിയും (92), ശ്രേയസ് അയ്യറുമാണ് (65) ഇന്ത്യയുടെ വിജയ ശില്പികൾ.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്ടൻ സാം ബില്ലിംഗ്സ് ഇന്ത്യയെ ബാറ്രിംഗിന് അയക്കുകയായിരുന്നു. ഓപ്പണർ അൻമോൽ പ്രീത് സിംഗിനെ (7) പോർട്ടറുടെ പന്തിൽ ക്ലീൻബൗൾഡായി തുടക്കത്തിലേ നഷ്ടമായെങ്കിലും പിന്നീട് നായകൻ അജിങ്ക്യ രഹാനെയും മൂന്നാമനായെത്തിയ ഹനുമാ വിഹാരയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിന് ശക്തമായ അടിത്തറ പണിയുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 181 റൺസ് കൂട്ടിച്ചേർത്തു. 117 പന്ത് നേരിട്ട് 4 വീതം ഫോറും സിക്സും ഉൾപ്പെട്ടതാണ് രഹാനെയുടെ ഇന്നിംഗ്സ്. 83 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പെടെയാണ് വിഹാരി 92 റൺസ് അടിച്ചെടുത്തത്. അർഹിച്ച സെഞ്ച്വറിക്കരികിൽ വച്ച് ഇരുവരും പുറത്തായതിന് ശേഷം ഇന്ത്യൻ സ്കോറിംഗിൽ മന്ദത വന്നെങ്കിലും ഒരറ്രത്ത് പതറാതെ പൊരുതിയ ശ്രേയസ് അയ്യർ ആതിഥേയരെ 300 കടത്തി. 47 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ശ്രേയസിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ലയൺസിനായി സാക്ക് ചാപ്പലും ലൂയിസ് ഗ്രിഗറിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടർന്ന് ബാറ്രിംഗിനിറങ്ങിയ ലയൺസ് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ വലിയ ചെറുത്ത് നില്പില്ലാതെ കീഴടങ്ങുകയായിരുന്നു. ഇന്ത്യ എ യ്ക്കായി യുവസ്പിന്നർ മകരന്ദ് മർക്കണ്ടേ മൂന്ന് വിക്കറ്റ് വീഴ്ത്തി.അക്സർ, ഷർദ്ദുൾ എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി. 48 റൺസെടുത്ത അലക്സ് ഡേവിസാണ് ഇംഗ്ലണ്ട് ലയൺസിന്റെ ടോപ്സ്കോറർ. ഹനുമാ വിഹാരിയാണ് മാൻ ഒഫ് ദമാച്ച്. പരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ നടക്കും.