ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുവേലയ്ക്ക് നിറുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ നടി ഭാനുപ്രിയയ്ക്കെതിരെ പൊലീസ് കേസെടുത്തു. ബാലവേല നിരോധന നിയമപ്രകാരം പതിന്നാലു വയസിൽ താഴെയുള്ള കുട്ടികളെ ജോലിക്കു നിറുത്തുന്നതു രണ്ടു വർഷം തടവും അൻപതിനായിരം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. പെൺകുട്ടിയുടെ പ്രായം തനിക്കറിയില്ല എന്നാണ് ഭാനുപ്രിയയുടെ വിശദീകരണം. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന യുവതിയാണു തന്റെ മകളെ നടി ജോലിക്കു നിറുത്തി പീഡിപ്പിച്ചെന്ന പരാതിയുമായെത്തിയത്. പതിന്നാലു വയസ് മാത്രമുള്ള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. പെൺകുട്ടിക്കു മാസങ്ങളായി ശമ്പളം നിഷേധിച്ചെന്നും ഇവർ ആരോപിച്ചു. ഏജന്റ് മുഖേന ഭാനുപ്രിയയുടെ വീട്ടിലെത്തിയ പെൺകുട്ടിക്ക് മാസം 10,000 രൂപയായിരുന്നു ശമ്പളം ഉറപ്പുനൽകിയത്. എന്നാൽ പതിനെട്ടു മാസത്തോളം ശമ്പളം നൽകാതെ ക്രൂരമായി പീഡിപ്പിച്ചു. കുടുംബവുമായി ബന്ധപ്പെടാനും പെൺകുട്ടിയെ അനുവദിച്ചില്ല. ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി വീട്ടുകാർക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണു വീട്ടുകാർ ചെന്നൈയിലെ ഭാനുപ്രിയയുടെ വീട്ടിലെത്തിയത്. എന്നാൽ കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ പത്തുലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടെന്നും പ്രഭാവതി ആരോപിക്കുന്നു. പെൺകുട്ടി വീട്ടിൽ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചെന്ന് കാട്ടി ഭാനുപ്രിയ സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.