ayodhya-

ന്യൂഡൽഹി: അയോദ്ധ്യക്കേസ് പരിഗണിക്കുന്ന സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ജസ്​റ്റിസുമാരായ അശോക്​ ഭൂഷൺ, അബ്​ദുൾ നസീർ എന്നിവരെ ഉൾപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ​ ഭരണണഘടനാ ബെഞ്ച്​ പുന:സംഘടിപ്പിച്ചത്​. കേസ്​ ജനുവരി 29ന്​ കോടതി പരിഗണിക്കും.

ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോൾ അയോദ്ധ്യ ബെഞ്ചിൽ അംഗങ്ങളായിരുന്നവരാണ് ഇരുവരും. ചിഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് എസ്.എ. ബൊബ്ദെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂ‌‌‌ഡുമാണ് മറ്റു രണ്ട് അംഗങ്ങൾ.

കേസ് ജനുവരി 10-ന് പരിഗണിച്ചപ്പോൾ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് യു.യു. ലളിത് പിൻമാറിയിരുന്നു. യു. യു ലളിത് അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നപ്പോൾ അയോദ്ധ്യ തർക്ക കേസിൽ മുൻ യു.പി. മുഖ്യമന്ത്രി കല്യാൺ സിംഗിന് വേണ്ടി ഹാജരായിരുന്നു. ഇക്കാര്യം മുസ്ലിം സംഘടനകൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് യു.യു. ലളിത് പിൻമാറിയത്. ലളിതിനൊപ്പം നേരത്തെ അംഗമായിരുന്ന ജസ്റ്റിസ് എൻ.വി.. രമണയേയും മാറ്റിയിട്ടുണ്ട്.