voli

കോഴിക്കോട്:രണ്ട് വിദേശ താരങ്ങളുമായി രാജ്യത്തെ ആദ്യ പ്രോ വോളിബാൾ ലീഗിൽ ആരവം സൃഷ്ടിക്കാൻ കാലിക്കറ്റ് ഹീറോസ് തയ്യാറെടു ത്തതായി ക്ളബ് ഉടമ ബീക്കൺ സ്പോട്സ് ചെയർമാൻ പി.ടി സഫീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശീയ അന്തർ ദേശീയ താരങ്ങളുമായിട്ടാണ് കാലിക്കറ്റ് ഹീറോസ് കളിക്കളത്തിൽ ഇറങ്ങുന്നത്.യു.എസ് ദേശീയ ടീം അംഗവും ഇന്തോനേഷ്യയിലെ ലോകപ്രശസ്ത ക്ളബായ ജക്കാർത്ത ബി.എൻ.ഐ ടാപ്ളസിന്റെ മുൻനിര കളിക്കാരനുമായ പോൾ ലോട്‌മാൻ, റിപ്പബ്ളിക് ഒഫ് കോംഗോയിൽ നിന്നുള്ള 6 അടി 8 ഇഞ്ച് ഉയരമുള്ള ഇലൗനി ൻഗംപൗരു എന്നിവരാണ് വിദേശ താരങ്ങൾ.ഇന്ത്യയെ ബ്രിക്‌സ് 2018ൽ പ്രതിനിധീകരിച്ച ഗഗൻ കുമാർ, സർവീസസ് താരം നവീൻകുമാർ, വളരെ നേരം വായുവിൽ നിൽക്കാൻ കഴിവുള്ള അജിത് ലാൽ, റെയിൽവേ താരം വിപുൽകുമാർ തുടങ്ങിയ താരങ്ങളും കാലിക്കറ്റ് ഹീറോസിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങുന്നുണ്ട്.

പ്രോ വോളിബാൾ ലീഗ് ആരംഭിക്കുന്നതോടെ വോളിബാളിന്റെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

രാജ്യത്താകെയുള്ള ആറ് ടീമുകളിൽ രണ്ടും കേരളത്തിൽ നിന്നാണ്.അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, മുംബയ് എന്നിവിങ്ങളിൽ നിന്നാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ.കൊച്ചിയിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ടീം.

ആദ്യ മത്സരം ഫെബ്രുവരി 2ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ്.

പ്രകാശനം ചെയ്തു

കലിക്കറ്റ് ഹീറോസിന്റെ തീം സോംഗ് ഗോകുലം ഗോപാലനും ‌ടി.സി അഹമ്മദും ചേർന്ന് പ്രകാശനം ചെയ്തു.ഒാഡിയോ വീഡിയോ സി ഡികളാണ് പ്രകാശനം ചെയ്തത്.