ന്യൂഡൽഹി: തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി മുപ്പതിടങ്ങളിൽ സി.ബി.ഐയുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധന നടന്നു. ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട് ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയുടെ വീടിനു പരിസരത്തും സി.ബി.ഐ പരിശോധന നടത്തി.
കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേർണൽസിന് ഗുരുഗ്രാമിൽ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് എന്നാണ് സൂചന. ഈ കേസിൽ കഴിഞ്ഞയാഴ്ചയാണ് സി.ബി.ഐ കോടതി ഹൂഡയ്ക്ക് ജാമ്യം അനുവദിച്ചത്.
ചണ്ഡീഗഡ്, മൊഹാലി, റോത്തക്, ഗുരുഗ്രാം തുടങ്ങി മുപ്പതിടങ്ങളിലാണ് ഹരിയാനയിലെ ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടന്നത്. ഗുരുഗ്രാമിൽ 2009നും 12നുമിടയിൽ 1417 ഏക്കറോളം ഭൂമി അനധികൃതമായി കൈയേറിയ കേസിൽ ഹൂഡയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.സി.ഗുപ്ത, ഹരിയാന നഗര വികസന അതോറിട്ടി എന്നിവയ്ക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയ പഞ്ച്‌കുല ഭൂമി വിഭജന അഴിമതിക്കേസിലും ഗുരുഗ്രാമിലെ അനധികൃത ഭൂമി കൈയേറ്റ കേസിലും നേരത്തേ ഹൂഡയ്ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തിവരികയാണ്. രണ്ട് കേസുകളിലും സി.ബി.ഐ നേരത്തേ കുറ്രപത്രം സമർപ്പിച്ചിട്ടുണ്ട്.