തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ പ്രതികളെ തേടി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെ അർദ്ധരാത്രിയാണ് ഡി.സി.പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. ആദ്യം സി.പി.എം പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പീന്നീട് പൊലീസ് പരിശോധനയ്ക്ക് വഴങ്ങുകയായിരുന്നു. എന്നാൽ റെയ്ഡിൽ ആരെയും പിടികൂടാൻ പറ്റിയില്ല.
ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ഒൻപതോളം പേരടങ്ങിയ ഡി.വെെ.എഫ്.എെ സംഘം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. പോക്സോ കേസിൽ അറസ്റ്റിലായ ഡി.വെെ.എഫ്.എെ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്.
പ്രതികളെ തേടി രാത്രി 11:30 തോടെയാണ് പൊലീസ് സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിലെത്തിയത്. പ്രതികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച വിവരത്തെ തുടർന്നാണ് പാർട്ടി ഒാഫീസിലെത്തിയത്. പരിശോധന സമയത്ത് ഒാഫീസ് സെക്രട്ടറിയടക്കം കുറച്ച് പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പാർട്ടി ഒാഫീസിലെ എല്ലാ മുറികളും പരിശോധിച്ച പൊലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.