pranab-

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക്. അസമീസ് സംഗീതജ്ഞൻ ഭൂപൻ ഹസാരികയും സാമൂഹ്യപ്രവർത്തകൻ നാനാജി ദേശ്‌മുഖും ഭാരത രത്നയ്ക്ക് അർഹരായി. ഭൂപൻ ഹസാരികയ്ക്കും നാനാജി ദേശ് മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി. 1935 ഡിസംബർ 11ന് പശ്ചിമബംഗാളിലെ ബീർഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. പശ്ചിമ ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാൾ സ്വദേശിയെന്ന അംഗീകാരവും പ്രണബിനാണ്.

1969ൽ ആദ്യമായി രാജ്യസഭാംഗമായി. 1977ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം. 2004ൽ ലോക്സഭയിലെത്തി. 2008ൽ പത്മവിഭൂഷൺ ബഹുമതി.