 ബി.പി.സി.എൽ പെട്രോ കെമിക്കൽ കോംപ്ളക്‌സ്, ഏറ്റുമാനൂരിലെ സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ ശിലാസ്ഥാപനവും ഐ.ഒ.സിയുടെ മൗണ്ടഡ് എൽ.പി.ജി സ്‌റ്രോറേജിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും

കൊച്ചി: കൊച്ചി അമ്പലമേടിലെ ബി.പി.സി.എൽ റിഫൈനറിയിൽ 16,504 കോടി രൂപ നിക്ഷേപത്തോടെ നടപ്പാക്കിയ റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആർ.ഇ.പി) നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമർപ്പിക്കും. പദ്ധതിയോട് അനുബന്ധിച്ചുള്ള പെട്രോകെമിക്കൽ കോംപ്ളക്‌സിന്റെ ശിലസ്ഥാപനവും അദ്ദേഹം നിർവഹിക്കും. പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്കിടയിലെ ഏറ്റവും വലിയ റിഫൈനറിയാണ് ലോകോത്തര നിലവാരത്തിൽ കൊച്ചി റിഫൈനറിയിൽ ബി.പി.സി.എൽ ഒരുക്കിയിരിക്കുന്നത്.

പദ്ധതിയുടെ അടുത്തഘട്ടമാണ് പെട്രോകെമിക്കലുകളുടെ ഉത്‌പാദനം. ഉദയംപേരൂരിലെ ബോട്ടിലിംഗ് പ്ളാന്റിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സജ്ജമാക്കിയ മൗണ്ടഡ് എൽ.പി.ജി സ്‌റ്രോറേജിന്റെ ഉദ്ഘാടനവും ഏറ്റുമാനൂരിലെ സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്‌റ്രിറ്ര്യൂട്ടിന്റെ ശിലാസ്ഥാപനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിക്കും.

ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, എം.പിമാരായ ഇന്നസെന്റ്, കെ.വി. തോമസ്, കേന്ദ്ര പെട്രോളിയം മന്ത്രാലയ സെക്രട്ടറി ഡോ.എം.എം. കുട്ടി, ബി.പി.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡി. രാജ്‌കുമാർ, ഡയറക്‌ടർമാർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ദക്ഷിണേന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിച്ചുയർന്ന പശ്‌ചാത്തലത്തിലാണ് കൊച്ചി റിഫൈനറിയിലെ വിപുലീകരണ പദ്ധതിയിലേക്ക് (ഐ.ആർ.ഇ.പി) ബി.പി.സി.എൽ ചുവടുവച്ചത്. പരിസ്ഥിത സൗഹാർദ്ദമായ ഇന്ധനോത്‌പാദനവും ലക്ഷ്യമാണ്. പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ റിഫൈനറിയിലെ ഉത്‌പാദനശേഷി പ്രതിവർഷം 15.5 മില്യൺ മെട്രിക് ടണ്ണായി ഉയരും. ഐ.ആർ.ഇ.പിയുടെ നിർമ്മാണഘട്ടത്തിൽ 20,000 പേർക്കാണ് പരോക്ഷമായി തൊഴിൽ ലഭിച്ചത്.

ഐ.ആർ.ഇ.പിയിൽ പ്രതിവർഷം അ‌ഞ്ചുലക്ഷം മെട്രിക് ടൺ പ്രൊപ്പിലീൻ ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതിൽ നിന്നാണ് പെട്രോകെമിക്കൽ ഉത്‌പാദിപ്പിക്കുന്നത്. പെയിന്റ്, മഷികൾ, വിവിധ മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഓട്ടോമോട്ടീവ് പാർട്ടുകൾ തുടങ്ങിയവയുടെ അസംസ്‌കൃത വസ്‌തുവാണ് പെട്രോകെമിക്കലുകൾ.