sala-

കാറ്റലോണിയ: വിമാന അപകടത്തിൽപ്പെട്ട് കാണാതായ അർജന്റിനിയൻ ഫുട്ബോൾ താരം എമിലിയാനോ സാലയ്ക്കായുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ലയണൽ മെസി രംഗത്തെത്തി. താരത്തിന്റെ തിരിച്ചു വരവിനായി ആരാധകരും ലോകവും ഒരുപോലെ പ്രാർത്ഥിക്കുകയാണ്.

പ്രതീക്ഷയുടെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ എമിലിയാനോയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് മെസി ഇൻസ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടു. സാദ്ധ്യതയുള്ളിടത്തോളം അവനുവേണ്ടിയുള്ള തിരച്ചിൽ തുടരണം. അവന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നതായും മെസ് കുറിച്ചു. ‘പ്രേ ഫോർ സാല’ എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു മെസിയുടെ പോസ്റ്റ്.

തിങ്കളാഴ്ച മുതലാണ് സാലയെ കാണാതായത്. ലീഗ് വൺ ക്ലബീയ നാന്റെസിന്റെ താരമായ സാല പുതിയ ടീമായ കാർഡിഫിലേക്ക് പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിലാവുകയായിരുന്നു. മൂന്ന് ദിവസം തിരഞ്ഞിട്ടും സാലയും പൈലറ്റ് ഡേവിഡിനേയും കണ്ടെത്താനായിട്ടില്ല. ഇതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.


രക്ഷപ്പെടാനുള്ള സാദ്ധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അതേസമയം, തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാലയുടെ സഹോദരിയും രംഗത്തെത്തിയിരുന്നു

അർജന്റീനിയൻ താരങ്ങളായ സെർജിയോ അഗ്യൂറോ, നിക്കോളാസ് ഓട്ടമെന്റി എന്നിവരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ തിരച്ചിൽഅവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.