മൗണ്ട്മൗൻഗനൂയി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മൗണ്ട്മൗൻഗനൂയിയിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 7.30 മുതലാണ് മത്സരം. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തിൽ ആതിഥേയർക്കെതിരെ തകർപ്പൻ ജയം നേടാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. മറുവശത്ത് ന്യൂസിലൻഡ് തോറ്റിടത്തു നിന്ന് വിജയ വഴിയിലേക്കുള്ള തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്.
ഒന്നാം ഏകദിനത്തിൽ കളിച്ച അതേ ടീമിനെ തന്നെയാകും ഇന്ത്യ രണ്ടാം ഏകദിനത്തിലും ഇറക്കുകയെന്നാണ് വിവരം. സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ കിട്ടിയ വിലക്ക് നീക്കി ടീമിനൊപ്പം ചേരാൻ നിർദ്ദേശം കിട്ടിയ ഹാർദ്ദിക് പാണ്ഡ്യ ന്യൂസിലൻഡിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ച അവസാന രണ്ട് മത്സരങ്ങളിൽ പാണ്ഡ്യ കളിച്ചേക്കും.ന്യൂസിലൻഡ് നിരയിൽ ആദ്യ ഏകദിനത്തിൽ കളിച്ച ടീം സൗത്തിക്ക് പകരം സ്പിന്നർ ഇഷ് സോധി കളിക്കാൻ സാധ്യതയുണ്ട്.