shakeela-

സിനിമാജീവിതത്തിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഷക്കീല മനസു തുറന്നത്.

മലയാളത്തിൽ തന്നെ താരമാക്കിയ കിന്നാരത്തുമ്പികളിൽ അഭിനയിക്കുന്നത് അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണെന്ന് ഷക്കീല പറഞ്ഞു. എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആഗ്രഹിച്ച വേഷങ്ങൾ ഒന്നും കിട്ടിയില്ല. മലയാളത്തിൽ നിന്ന് തമിവിലേക്ക് വന്നപ്പോൾ അവസരങ്ങൾ കുറഞ്ഞെന്നും ഷക്കീല പറഞ്ഞു. നാല് വർഷം ജോലിയില്ലാതെ ഇരുന്നതായി ഷക്കീല പറഞ്ഞു.

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മീ ടൂ കാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്നും ഷക്കീല വെളിപ്പെടുത്തി.

'പഴയ കാര്യങ്ങള്‍ പറയുന്നതിൽ എനിക്ക് യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയിൽ ആരെങ്കിലും പെരുമാറിയാൽ അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു. എനിക്കും ദുരനുഭവങ്ങൾഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചു കാണിക്കുകയാണ് ചെയ്തതെന്ന് ഷക്കീല പറയുന്നു.

മലയാളത്തിൽ എന്റെ സിനിമകൾ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരായി മാറി. എന്നാൽ അവർക്കാർക്കും ഇന്ന് എന്നെ ഓർമയില്ല. മലയാള സിനിമയിൽ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ല.

കമൽഹാസന്റെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം നിൽക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഷക്കീല പറഞ്ഞു.