actor-mohanla

തിരുവനന്തപുരം: പത്മശ്രീ പുരസ്കാരത്തിന് പിന്നാലെ നീണ്ട വർഷത്തിന് ശേഷം പത്മഭൂഷൻ കൂടി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ മോഹൻലാൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'മരയ്ക്കാർ അറബക്കടലിന്റെ സിംഹം' എന്ന സിനിമ ഷൂട്ടിങ്ങിനിടെയാണ് പത്മഭൂഷൻ ലഭിച്ച വിവരം മോഹൻലാൽ അറിയുന്നത്. 40 വർഷമായി സിനിമയിൽ തുടരുന്ന ഒരാളെന്ന നിലയിൽ ഈ പുരസ്കാരം ലഭിച്ചതിന് തന്റെ ആരാധകരോടും പ്രേക്ഷകരോടും താരം നന്ദി അറിയിച്ചു.

പ്രിയദർശന്റെ മരയ്ക്കാറിന്റെ ഷൂട്ടിങ്ങിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. വർഷങ്ങൾക്ക് മുൻപ് പ്രിയദർശന്റെ തന്നെ കാക്കക്കുയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദാരാബാദിൽ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് എനിക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചതെന്ന് മോഹൻലാൽ പറഞ്ഞു. ഇതുവരെ ലഭിച്ച എല്ലാ അംഗീകാരങ്ങളും ഒരുപാട് ഊർജ്ജം നൽകിയിട്ടുണ്ട്. തീർച്ചയായും മുന്നോട്ടുള്ള യാത്രയിൽ ഈ പുരസ്കാരവും വലിയ പ്രചോദനമാവും എന്ന് പ്രതീക്ഷിക്കുന്നതായും മോഹൻലാൽ വ്യക്തമാക്കി.