mamankam

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചരിത്ര സിനിമയായ മാമാങ്കത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുള്ളതായി സംവിധായകൻ സജീവ് പിള്ള. തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സജീവ് പിള്ള പരാതി നൽകി.

കണ്ണൂരിൽ ആരംഭിച്ച ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളിൽ നിന്ന് തന്നെ നീക്കം ചെയ്തതതായി സജീവ് പിള്ള പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം. ആദ്യ രണ്ട് ഷെഡ്യൂളും സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. സംവിധായകൻ എം.പദ്മകുമാറാണ് മൂന്നാമത്തെ ഷെഡ്യൂളിന്റെ സംവിധായകൻ. തന്നെ മാറ്റി പദ്മകുമാറിനെ നിയോഗിച്ചതായി ചൂണ്ടിക്കാട്ടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കത്ത് അയച്ചിരുന്നുവെന്നും സജീവ് പിള്ള പറയുന്നു.

മാമാങ്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കായികമായി നേരിടുമെന്ന ഭീഷണി നേരത്തേ ഉണ്ടായിരുന്നുവെന്നും വിതുരയിലെ വീട്ടിൽ ജനുവരി 18ന് രണ്ട് യുവാക്കൾ സംശയാസ്പദമായ സാഹചര്യത്തിൽ വന്നിരുന്നുവെന്നും പരാതിയിൽ പറയുന്നു.

രണ്ട് യുവാക്കൾ പോസ്റ്റ്മാനെ ഫോൺ ചെയ്ത് എന്റെ വീടേതാണെന്ന് ചോദിച്ച് മനസിലാക്കി. ഇക്കാര്യം പോസ്റ്റ്മാൻ എന്നെ വിളിച്ചറിയിച്ചു. പോസ്റ്റ്മാനെ വിളിച്ച നമ്പരിലേക്ക് പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയാസ്പദവുമാണ്. എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവുമാണെന്ന് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്ന് പരാതിയിൽ പറയുന്നു.

യുവാക്കൾ എത്തിയ ഇന്നോവ കാറിന്റെ നമ്പരും പോസ്റ്റ്മാനെ ബന്ധപ്പെട്ട മൊബൈൽ നമ്പരും വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും അടക്കമാണ് സജീവ് പിള്ള പരാതി നല്‍കിയിരിക്കുന്നത്.

മാമാങ്കവുമായി ബന്ധപ്പെട്ട് നേരത്തേ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. യുവനടൻ ധ്രുവനെ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തതായിരുന്നു അതിൽ ആദ്യത്തേത്. ധ്രുവനെ മാറ്റിയത് തന്റെ അറിവോടു കൂടിയല്ല എന്നായിരുന്നു അന്ന് സജീവ് പിള്ളയുടെ വിശദീകരണം.