പച്ചപട്ടു ചുറ്റിനിൽക്കുന്ന ചെങ്കുത്തായ അഗസ്ത്യമലനിരകൾ, ഏതു മാന്ത്രികനെയും ആവാഹിച്ച് തന്നിലേക്ക് അലിയിക്കുന്ന യക്ഷിയെപ്പോലെ ഒരുങ്ങിനിൽക്കുന്ന ഇവളുടെ മാസ്മരിക സൗന്ദര്യം കണ്ട് മതിമറക്കാത്ത ഒരു യാത്രികൻ പോലുമുണ്ടാകില്ല. സൂര്യപ്രകാശത്തിന്റെ കണികയെപ്പോലും കടത്തിവിട്ട് തന്റെ മണ്ണിനെ അശുദ്ധമാക്കില്ലെന്ന പ്രതിജ്ഞയോടെ, പടർന്ന് പന്തലിച്ച് പരസ്പരം തണലായി തമ്മിലലിഞ്ഞ വടവൃക്ഷങ്ങൾ. പിരിയാൻ ആഗ്രഹിക്കാത്ത പ്രണയിതാക്കളെ ഓർമ്മിപ്പിക്കും വിധം ചുറ്റിപ്പിടിച്ച് ഒന്നിനൊന്നിൽ ചേർന്നു നിൽക്കുന്ന കാട്ടുവള്ളികൾ. ചീവിടിന്റേയും കാട്ടുകിളികളുടെയും ശബ്ദം പോലും പ്രകൃതിയിൽ നിന്നുള്ള സംഗീതമായി നിറഞ്ഞു നിൽക്കുന്ന അഗസ്ത്യമലയുടെ മടിത്തട്ടിൽ നിൽക്കുമ്പോൾ ഒരിക്കൽ പോലും ധന്യയ്ക്ക് പേടി തോന്നിയില്ല. ഒട്ടേറെ വർഷങ്ങൾക്കുശേഷം സ്ത്രീകൾക്കും ഇവിടേക്ക് പ്രവേശനമാകാമെന്ന ഹൈക്കോടതി വിധിയ്ക്ക് ശേഷം അഗസ്ത്യന്റെ മണ്ണിൽ കാലുകുത്തിയ 2012 ഐ.എ.എസ് ബാച്ചുകാരിയും പ്രതിരോധ സെക്രട്ടറിയുമായ ധന്യാസനൽ തന്റെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
അരികുവൽക്കരിക്കപ്പെടുന്ന പെൺമയിൽ നിന്ന് തന്റെ സഞ്ചാര സ്വാതന്ത്ര്യമടക്കമുള്ള അവകാശങ്ങളെ ആലിംഗനം ചെയ്യാൻ ഒരു കൂട്ടം പെണ്ണുങ്ങൾ നടത്തിയ സമര വിജയത്തിന്റെ കൊടുമുടിയിലേക്ക് കാൽവയ്ക്കാൻ എത്തുന്ന ആദ്യ വനിത എന്ന നിലയിൽ ധന്യയുടെ അഗസ്ത്യാർകൂട യാത്ര ഏറെ മാദ്ധ്യമ ശ്രദ്ധനേടിയിരുന്നു. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളോടും നേർക്കുനേരെ പടവെട്ടി പോരാടി ഇതുവരെ എത്തിയ ധന്യയ്ക്ക് മുന്നിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്ന മലകളോ കാടോ ഒന്നും പ്രതിസന്ധിയായി തോന്നിയതേയില്ല. ഓരോ ദുർഘട ഘട്ടങ്ങളേയും വെല്ലുവിളിച്ച് കൊണ്ട് ഒറ്റയ്ക്ക് തന്നെയാണ് മുന്നോട്ട് നടന്ന് ലക്ഷ്യം സ്വന്തമാക്കിയത്. കൗതുങ്ങൾ മാത്രം നിറച്ച മാന്ത്രികകുടമായ അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രയെയും അതേ മനസോടെയാണ് സമീപിച്ചതെന്ന് ധന്യ പറയുന്നു.
യാത്രകൾ പുസ്തകം പോലെയാണ്. ഓരോ പുസ്തകത്തിനും ഓരോരോ വായനാനുഭവമാണ്. പുസ്തകങ്ങളുടെ സഹയാത്രികയായ ധന്യയ്ക്ക് യാത്രകൾ പുതിയ കാര്യമല്ല. ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാറക്കോറത്തിലെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക ബേസ് ക്യാമ്പായ സിയാചിൻ മലനിരകൾ. അതിശൈത്യം മൂലം പേരിനു പോലും മനുഷ്യവാസമില്ലാത്ത സ്ഥലമാണത്. സിയാചിൻ പോലും കയറി ഇറങ്ങിയ ധന്യയ്ക്ക് അഗസ്ത്യാർകൂട യാത്ര ഒരു ചോദ്യചിഹ്നമായിരുന്നില്ല എന്നതാണ് സത്യം.
യാത്രയ്ക്കായി നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരം രാവിലെ ഏഴ് മണിക്ക് ബോണക്കാട്ടെ വനം വകുപ്പിന്റെ ഓഫീസിൽ സംഘാംഗമായ മൃദുലിനൊപ്പമാണ് ധന്യ എത്തിയത്. കാടിനുള്ളിൽ വിശപ്പിനേയും തണുപ്പിനേയും ചെറുക്കാൻ സർവ്വസന്നാഹവുമൊരുക്കിയ പത്ത് കിലോ ഭാരമുള്ള ബാഗുമുണ്ട്. ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന രസീത് കൗണ്ടറിൽ ഏൽപ്പിച്ച് കൂടെയുള്ള സത്യവാങ്മൂലം ഒപ്പിട്ട് നൽകുകയാണ് ആദ്യ ഘട്ടം. അതിൽ ഒപ്പിട്ട് നൽകുമ്പോൾ അതിലെ ഒരു വാചകത്തിൽ ധന്യയുടെ കണ്ണുടക്കി. 'യാത്രയിൽ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് പൂർണബോദ്ധ്യമുണ്ടെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ വനംവകുപ്പിന് ഉത്തരവാദിത്വം ഇല്ല" എന്നുമായിരുന്നു വാചകം. ആ വാക്കുകൾ പേടിയല്ല സമ്മാനിച്ചത്, മറിച്ച് അങ്ങനെ ഒരു ചിന്ത തന്നെ യാത്രയെ കൂടുതൽ ത്രില്ലടിപ്പിച്ചുവെന്നതാണ് ധന്യയുടെ അനുഭവം. ശബരിമലയിലെ യുവതീ പ്രവേശനം വിവാദം തുടരുന്ന സാഹചര്യമായതിനാലാകണം മാദ്ധ്യമങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു ധന്യയുടെ യാത്രയ്ക്ക് ഫ്ളാഗ് ഓഫ് നൽകാൻ. ഏതാണ്ട് എട്ടരയോടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ബോണക്കാടുള്ള വനംവകുപ്പിന്റെ കാന്റീനിൽ നിന്ന് ഊണും വാങ്ങി യാത്ര തുടങ്ങി.
'ഏതൊരു യാത്രയും തുടങ്ങുന്നത് തുടക്കക്കാരന്റെ ഭാഗ്യത്തോടെയാണ്, അവസാനം ജേതാവിന്റെ കണക്കിലെ കഠിന പരീക്ഷണത്തോടെയും"പൗലോ കൊയ്ലോ ആൽക്കെമിസ്റ്റിലെഴുതിയ വാചകങ്ങൾ. അഗസ്ത്യൻ തനിക്കായി ഒരുക്കി വച്ചിരിക്കുന്ന കഠിനപരീക്ഷണങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ തുടക്കക്കാരന്റെ ഭാഗ്യത്തിൽ ചവിട്ടി യാത്ര തുടങ്ങി. ഒപ്പം 20 പേരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ചില ഗൈഡുമാരും. നാട്ടിൻപുറ പാതകളെ അനുസ്മരിപ്പിച്ച യാത്ര പിന്നിട്ടപ്പോൾ വഴിയുടെയും കാടിന്റെയും രൂപം മാറി മാറി വന്നു. കൂടെയുണ്ടായിരുന്ന സംഘാംഗങ്ങൾ പലവഴിയായി പിരിഞ്ഞു. ചിലർ ഏറെ മുന്നിലെത്തി. യാത്രയിൽ തളർന്നവർ എവിടെയൊക്കെയോ ഇരുന്ന് ക്ഷീണം മാറ്റിക്കൊണ്ടിരുന്നു. കാട് കൂടുതൽ കൂടുതൽ തനിനിറം പുറത്തെടുത്തുകൊണ്ടിരുന്നു. ആ കാട്ടുവഴി അവസാനിച്ചത് തുള്ളിക്കുതിച്ചൊഴുകുന്ന കരമനയാറ്റിലാണ്. തളർന്ന ഞരമ്പുകളിലേക്ക് ലഹരി പടർത്തും വിധം വീര്യമുള്ള കാട്ടാറിന്റെ തണുപ്പും ഭംഗിയും സിരകളിൽ ഊർജമായി വന്നുപൊതിഞ്ഞു. കാട്ടുകൂവയുടെ ഇലയിൽ പൊതിഞ്ഞ ഉപ്പുമാവും പപ്പടവും അകത്താക്കി. ഭക്ഷണത്തിന് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു രുചി തോന്നിയെന്നത് നേര്. കാപ്പികുടി കഴിഞ്ഞപ്പോൾ കൈയിലുണ്ടായിരുന്ന കുപ്പിവെള്ളം കാലി. ഇനി കാട്ടരുവികളിലെ വെള്ളം തന്നെ ശരണം. അരുവിയിലെ വെള്ളമെടുക്കാൻ മടിച്ചു നിന്ന ധന്യയോട് സഹയാത്രികർ പറഞ്ഞു ''ഒരു മടിയും വിചാരിക്കേണ്ട വെള്ളമെടുത്തോ...
മുഴുവനും മിനറൽസാ."" ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000ത്തോളം മരുന്നു ചെടികളുടെ ആവാസമേഖലയായ അഗസ്ത്യകൂടത്തിന്റെ മടിത്തട്ടിൽ നിന്ന് ഒഴുകി വരുന്ന കരമനയാറിലെ തെളിനീരെന്ന അമൃത്. യാത്ര തുടർന്നു. ഇടയ്ക്കെപ്പഴോ ഉച്ചഭക്ഷണം. ഏഴ് കിലോ മീറ്ററോളം പിന്നിട്ടിരിക്കുന്നുവെന്ന് കയ്യിലെ ഹെൽത്ത് ബാൻഡിൽ നോക്കിയപ്പോൾ മനസിലായി. യാത്രയുടെ സുഗമമായ ഘട്ടം അട്ടയാർ പിന്നിട്ടപ്പോൾ കഴിഞ്ഞിരിക്കുന്നു. ഇനി പുൽമേടാണ്. മരങ്ങൾ പേരിനുപോലുമില്ലാത്തതിനാൽ സൂര്യൻ ഉച്ചിയിൽ തന്നെ സംഹാരമാടുന്നു. പ്രണയത്തിന്റെ വിളനിലമെന്ന് കവികൾ വാഴ്ത്തിപാടിയ പുൽമേടാണോ ഇതെന്ന് തോന്നിയാലും അത്ഭുതമില്ല. എത്രദൂരം അങ്ങനെ നടന്നുവെന്ന് അറിയില്ല. ഓരോ ചുവട് വയ്ക്കുമ്പോഴും വന്നുപൊതിയുന്ന ശുദ്ധവായു പുത്തൻ ഊർജം പകർന്ന് തന്നു. പുൽമേടിന്റെ രൗദ്രത കുറഞ്ഞെന്ന് തോന്നിയപ്പോൾ മാത്രമാണ് വഴിയരികിൽ ഇരുന്നത്. ഇപ്പോഴുള്ള സ്ഥലം ഏഴു മുടുക്കാണെന്ന് യാത്രികരിൽ ആരോ പറയുന്നുണ്ടായിരുന്നു. ചെങ്കുത്തായ കയറ്റങ്ങളും തണൽ മരങ്ങൽ നിഴൽ വിരിക്കാത്ത വഴികളുമുള്ള മൊട്ടമലകൾ.
ഇനിയാണ് ശരിയായ പരീക്ഷണഘട്ടം. മുട്ടിടിച്ചാൻ പാറ. പേര് പോലെ തന്നെ ശരിക്കും മുട്ട് നെഞ്ചിലിടിക്കുന്ന രീതിയിലുള്ള അതികഠിനമായ കയറ്റം. ഓരോ ചുവടും വക്കുമ്പോൾ ശരീരത്തിലെ ഊർജ്ജം പതിയെ ചോർന്ന് പോകും. പതുക്കെ സമയമെടുത്ത് കയറിയാൽ മതിയെന്ന സഹയാത്രികരുടെ ഉപദേശം പരിഗണിച്ച് കൊണ്ടുതന്നെ പതുക്കെ കയറി. കഷ്ടിച്ച് ഒരു കിലോ മീറ്ററോളം പിന്നിട്ടാൽ ആദ്യത്തെ ലക്ഷ്യസ്ഥാനമായ അതിരുമലയിലെ ബേസ് ക്യാമ്പാണ്. കടയറ്റ് വീണ് കിടക്കുന്ന മരങ്ങളെ മറികടന്ന് മുന്നോട്ട്. ഗതകാലം അയവിറക്കി നിൽക്കുന്ന തീണ്ടപ്പെട്ട ഒരു കാവും കണ്ട് ബേസ് ക്യാമ്പിൽ വിശ്രമം.
അഗസ്ത്യാർകൂടമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. തെല്ലൊന്നുമല്ല അഭിമാനം തോന്നിയത്. നൂറോളം പുരുഷന്മാർക്കിടയിൽ സ്ത്രീയായി താനൊരാൾ മാത്രം. കാട്ടിനുള്ളിലെന്ന ചിന്ത ഒരിക്കൽ പോലും പേടിപ്പിച്ചില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് എത്രയോ ആളുകൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ആണുങ്ങളുടെ കൂടെ ഒറ്റയ്ക്ക് താമസിച്ചാൽ അവർ പീഡിപ്പിക്കില്ലേ എന്ന ചോദ്യമായിരുന്നു കൂടുതൽ. നൂറുപേരും ഒരുമിച്ച് പീഡിപ്പിക്കില്ലല്ലോ എന്ന് മറു ചോദ്യമെറിഞ്ഞപ്പോൾ രണ്ടു പേർ പീഡിപ്പിക്കുമ്പോൾ 98 പേർ നോക്കിനിന്നാലും മതിയല്ലോ എന്നായിരുന്നു മറുപടി. കാന്റീനിൽ വൈകിട്ട് കട്ടൻ ചായയും കട്ടൻ കാപ്പി മാത്രം. ശേഷം നല്ല രസികൻ കഞ്ഞിയും കുടിച്ച് മരംകോച്ചുന്ന തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ സ്ലീപ്പിംഗ് ബാഗിലേക്ക് ഇഴഞ്ഞ് കയറി നാളത്തെ യാത്ര സ്വപ്നം കണ്ട് സുഖമായി ഉറങ്ങി. അതിരുമലയിലെ ക്യാമ്പിൽ നിന്ന് ഉപ്പുമാവ് അടങ്ങിയ പൊതിയുമായി ആറര കിലോമീറ്റർ താണ്ടേണ്ട രണ്ടാം ദിവസത്തെ യാത്ര. കാടും മനുഷ്യനും തമ്മിൽ അക്ഷരാർത്ഥത്തിൽ മല്ലിട്ട് മുന്നോട്ട് നീങ്ങി. കാട് ഊർജം വലിച്ചെടുത്ത് കൊണ്ടേയിരുന്നു. യാത്രയുടെ ആദ്യ ലക്ഷ്യം പൊങ്കാലപ്പാറയായിരുന്നു. സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നത് ഇവിടെ വരെ മാത്രമാണ്. മഞ്ഞ് വഴിക്കിരുവശവും ഒരുക്കങ്ങളുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. എ.സി കാടുകൾ എന്ന് അറിയപ്പെടുന്ന പ്രദേശം കൂടി കഴിയുമ്പോൾ പിന്നെ യാത്രയ്ക്ക് റോപ്പിന്റെ സഹായം തേടി. രണ്ട് പാറകൾ ഇത്തരത്തിൽ റോപ്പിൽ പിടിച്ച് കയറുമ്പോൾ തന്നെ ആകാശത്തിന് മുകളിൽ എത്തിയത് പോലെ തോന്നും. ഇടയ്ക്ക് കൂടെയുണ്ടായിരുന്ന യുവാക്കളുടെ സംഘത്തെ കാണാതെയായി. കൂടെയുള്ള ഒരാൾക്ക് എന്തോ പരിക്ക് പറ്റി. ട്രെക്കിംഗ് പോലുള്ള ഇത്തരം സാഹസിക യാത്രകളിൽ ഇങ്ങനെ പരസ്പരം സഹായിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നതാണ് സത്യം. ഒരു പാറ കൂടി കടന്നാൽ ചരിത്രത്തിലേക്ക് നടന്നുകയറാമെന്ന ചിന്ത വീണ്ടും ഉന്മേഷം തന്നുകൊണ്ടേയിരുന്നു. അവസാനത്തെ പാറയും കയറി അഗസ്ത്യമലയുടെ നെറുകയിലെത്തിയതിന് പിന്നാലെ തറയിലേക്ക് ആത്മഹർഷത്തോടെ വീഴുകയായിരുന്നു ധന്യ.
വർഷങ്ങളായി പെൺപാദ സ്പർശമേൽക്കാത്ത പാറകളിൽ ചുംബിച്ചു. വിണ്ണും മണ്ണും പരസ്പരം ചുംബിച്ച് നിൽക്കുന്ന സ്വർഗം. പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നി. ആകാശത്തിൽ കൂടി പറന്ന് നടക്കുകയാണെന്ന് തോന്നി. എല്ലാവർക്കും നന്ദിയെന്ന ബോർഡ് ഉയർത്തി വിജയചിഹ്നം കാട്ടി. അഗസ്ത്യമുനിയുടെ മുന്നിൽ തൊഴുകൈകളോടെ പ്രാർത്ഥിച്ചു. ശേഷം മടക്കം. കയറുന്നതിനേക്കാൾ പ്രയാസമാണ് ഇറക്കം. ചെങ്കുത്തായ പാതയിൽ കരിങ്കല്ലുകൾക്ക് മീതെയാണ് താഴേക്ക് ഇറങ്ങേണ്ടത്. കൈയ്യിൽ കരുതിയിരുന്ന ട്രെക്കിംഗ് സ്റ്റിക്കാണ് താഴേക്ക് എത്തിച്ചതെന്നതാണ് സത്യം. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പ് അതിരുമല ക്യാമ്പിലെത്തിയാൽ തിരിച്ച് ബോണക്കാട്ടേക്ക് ഇന്ന് തന്നെ പോകാൻ കഴിയും. എന്നാൽ രണ്ടര മണിയോടെ അതിരുമലയിലെത്തിയപ്പോൾ തുടർയാത്രയ്ക്ക് മനസുണ്ടായില്ല. ഒരുദിവസം കൂടി അതിരുമലയിൽ കഴിഞ്ഞ് നാളെയാകാം യാത്രയെന്ന് നിശ്ചയിച്ചു.
ലോകം കീഴടക്കിയ പോരാളിയെപ്പോലെ സുഖമായുറങ്ങി. രാവിലെ ഏഴരയോടെ മടക്കയാത്ര ആരംഭിച്ചു. പതിനൊന്നു മണിക്ക് ബോണക്കാട് എത്തണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ മടക്കയാത്ര പതുക്കെയാകുമെന്നതിനാൽ ബോണക്കാട് എത്തിയപ്പോൾ ഉച്ചയ്ക്ക് ഒരു മണി. അങ്ങനെ സ്വപ്ന ലക്ഷ്യം പൂർത്തിയാക്കി. കഴിയുമെങ്കിൽ വരും വർഷങ്ങളിലും മുടങ്ങാതെ അഗസ്ത്യനെ കാണാനെത്തണമെന്നുറപ്പിച്ച് മടക്കം. മലപ്പുറം സ്വദേശിയായ ധന്യാ സനൽ തിരുവനന്തപുരം കവടിയാറിലാണ് താമസം. ദിവസവുമുള്ള ഒന്നര മണിക്കൂർ നടത്തവും ചില്ലറ ട്രെക്കിംഗുകളും ഭക്ഷണചിട്ടയുമാണ് യാത്രയ്ക്കായി നടത്തിയ ആകെ ഒരുക്കങ്ങളെന്ന് ധന്യ പറയുന്നു.
t