കേരള നവോത്ഥാന ചരിത്രത്തിൽ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും തമസ്കരിക്കപ്പെട്ടവർ ഏറെയുണ്ട്. അവരിൽ പ്രമുഖനാണ് ടി.കെ. നാരായണൻ എന്ന ബഹുമുഖ പ്രതിഭ. അത്യപൂർവമായ പ്രതിഭാവിലാസവും ഉജ്ജ്വലമായ വ്യക്തിത്വവും ആദരണീയമായ ആദർശശുദ്ധിയുമാണ് ടി.കെ. നാരായണനെ സാധാരണക്കാരുടെ ഇടയിലെ അസാധാരണക്കാരനാക്കി മാറ്റിയത്. ശ്രീനാരായണ ഗുരുദേവന്റെ ആദ്യ ജീവചരിത്രകാരൻ, നിർഭയനായ പത്രാധിപർ, സമുന്നതനായ സാഹിത്യകാരൻ, എസ്.എൻ.ഡി.പി യോഗത്തിന്റെ സമാരംഭം മുതലുള്ള നേതാവ്, ഉജ്ജ്വലനായ വാഗ്മി, സാമൂഹിക ചിന്തകൻ എന്നീ നിലകളിലെല്ലാം അനിഷേധ്യനായിരുന്നു നാരായണൻ.
ബാല്യം , വിദ്യാഭ്യാസം
കൊല്ലം പരവൂരിലെ പ്രശസ്തമായ കാർത്തിക്കഴികത്ത് വീട്ടിലെ കാരണവരുടെ മകൾ ഭഗവതിയുടെയും കൊല്ലം മുണ്ടയ്ക്കൽ കാക്കവീട്ടിൽ കുത്തകക്കാരൻ കൃഷ്ണന്റെയും ദ്വിതീയ പുത്രനായി 1882 ജൂൺ 25 ന് പരവൂരിൽ ഭൂജാതനായി. അദ്ദേഹത്തിന്റെ സഹോദരി ടി.കെ. മീനാക്ഷിയാണ് കേരളകൗമുദിയുടെ ആദ്യകാല പത്രാധിപ സമിതി അംഗമായിരുന്ന കവികോകിലം പരവൂർ കെ.കെ. രാഘവപ്പണിക്കരുടെ സഹധർമ്മിണി.
കൊല്ലം ഇംഗ്ളീഷ് മിഷനറി സ്കൂളിൽ ചേർന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ലോവർ സെക്കൻഡറി പാസായതിനുശേഷം മദ്രാസിൽ നിന്ന് എഫ്.എ പരീക്ഷയും പാസായി മടങ്ങിയെത്തിയ അദ്ദേഹം കൊല്ലം ക്രേവൻ സ്കൂളിൽ അധ്യാപകനായി. അക്കാലത്ത് ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിരുന്ന അദ്ദേഹം സ്കൂളിലെ ജോലി ഉപേക്ഷിക്കുകയും 'ഇംഗ്ളീഷ് ട്യൂഷൻ ഹോം" എന്ന പേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലത്ത് സ്ഥാപിക്കുകയും ചെയ്തു. അത് വൻവിജയമായിരുന്നുവെങ്കിലും സ്വാതന്ത്ര്യകാംക്ഷിയായ അദ്ദേഹം അതും നിർത്തൽ ചെയ്തു. തന്റെ മനസിനിണങ്ങിയ പത്രപ്രവർത്തനത്തിൽ വ്യാപരിച്ചു തുടങ്ങുകയാണ് പിന്നീട് ചെയ്തത്.
പത്രപ്രവർത്തനം
തിരുവിതാംകൂറിലെ ഈഴവരുടെ ആദ്യപത്രമായ 'സുജനാനന്ദിനി" പരവൂർ കേശവനാശാൻ (1892) പരവൂരിൽ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. വിവിധ മേഖലകളിൽ ഒരേസമയം വ്യാപൃതനായിരുന്ന കേശവനാശാന് പത്രത്തിന്റെ ചുമതലയേല്പിക്കാൻ പ്രഗത്ഭനും വിശ്വസ്തനുമായിരുന്ന ടി.കെ. നാരായണനേക്കാൾ പ്രബലനായ ഒരു യുവാവിനെ കിട്ടാനില്ലായിരുന്നു. അങ്ങനെ സുജനാനന്ദിനിയുടെ സാരഥ്യം ഏറ്റെടുത്തുകൊണ്ട് ടി.കെ. നാരായണൻ 1902 ൽ തന്റെ ഇരുപതാമത്തെ വയസിൽ പത്രപ്രവർത്തനത്തിൽ വ്യാപരിച്ചു തുടങ്ങി. പക്ഷേ 1907 ലെ കുപ്രസിദ്ധമായ നായരീഴവ ലഹളക്കാലത്ത് സുജനാനന്ദിനി പത്രമാഫീസും പ്രസും തീവച്ചു നശിപ്പിക്കപ്പെട്ടു.
1903 ൽ ശ്രീനാരായണഗുരുവിന്റെ നവോത്ഥാന ബോധത്തിലുദയം ചെയ്ത ശ്രീനാരായണ ധർമ്മ പരിപാലനയോഗം ആവിർഭവിച്ചു. യോഗത്തിന്റെ ശക്തിമത്തായ ഒരു വാഗിന്ദ്രിയമായിരിക്കുകയെന്ന നിലയിലാണ് വിവേകോദയം 1904 ൽ പ്രസിദ്ധീകരണം ആരംഭിച്ചത്. ഇന്നലെവരെ അവഗണിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്ന ഒരു സമുദായത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കാഹളധ്വനിയായിരുന്നു വിവേകോദയം. ആദ്യം ഗോവിന്ദൻ വക്കീലിന്റെ പത്രാധിപത്യത്തിലാണ് ആരംഭിച്ചത്. പക്ഷേ മുഴുവൻ ചുമതലയും ജനറൽ സെക്രട്ടറിയായിരുന്ന കുമാരനാശാന് തന്നെയായിരുന്നു. മാനേജർ പേട്ട പി. മാധവൻ വൈദ്യരായിരുന്നു. അധികം താമസിയാതെ ഔദ്യോഗികമായും എൻ. കുമാരനാശാൻ പത്രാധിപത്യം ഏറ്റെടുത്തു. പിന്നീട് മാനേജരായി ടി.കെ. നാരായണൻ നിയമിക്കപ്പെട്ടു.
ആശാനും ടി.കെയും ചേർന്ന് സംഘടനാർത്ഥം പര്യടനം നടത്തപ്പെട്ടിരുന്ന തിരുവിതാംകൂറിന്റെ എല്ലാഭാഗത്തും വിവേകോദയത്തിന് സ്ഥിരം വരിക്കാരെ ഉണ്ടാക്കാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. സുജനാനന്ദനിയുടെ പത്രാധിപരുമായിരുന്ന നാരായണന് അക്കാലത്തെ കവികളുമായി നല്ല ബന്ധം ഉണ്ടായിരുന്നതുകൊണ്ട് അവരെയൊക്കെ വിവേകോദയത്തിലേക്ക് ആനയിക്കാൻ പ്രയാസമുണ്ടായില്ല. മഹാകവി കുമാരനാശാനും ടി.കെ. നാരായണനുമുണ്ടായിരുന്ന ആ ആത്മബന്ധം ആശാന്റെ അന്ത്യദിനം വരെയും തുടർന്നുപോന്നു.
1911 ൽ കേരളകൗമുദി മയ്യനാട് നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ ടി.കെ. നാരായണൻ അതിന്റെ പ്രധാന ലേഖകനായി. അന്നത്തെ കേരളകൗമുദി ലേഖകരെക്കുറിച്ച് പ്രചരണത്തിലുണ്ടായിരുന്ന ഒരു ശ്ലോകം സി.കേശവന്റെ 'ജീവിതസമര"ത്തിൽ ഉദ്ധരിച്ചിരിക്കുന്നത് കാണാം.
'ടി.കെ.എൻ. തീയനും
പിന്നമലഗുണമെഴും സിംഹളൻ രാമചന്ദ്രനും
പി.കെയും സാധുഭക്തൻ
ഭരത, തരുണനും, ഭട്ടി ഭാഷാഭിമാനി."
ഇതിലെ പ്രഥമ നാമധേയം ടി.കെ. നാരായണന്റേതാണ്. അദ്ദേഹം ആ സമയത്ത് കേരളകൗമുദിയിൽ ലേഖനങ്ങൾ കൂടാതെ അമ്മുക്കുട്ടി, ഭാനുവൈദ്യൻ മുതലായ ചെറുകഥകളും എഴുതിയിരുന്നു. അതിലെ ടി.സി, ടി.സി രാമനും മറ്റുള്ള പേരുകളെല്ലാം സി.വി. കുഞ്ഞുരാമന്റെ തൂലികാ നാമങ്ങളും ആയിരുന്നു. അക്കാലത്ത് പ്രചരിച്ചിരുന്ന അനേകം പത്രങ്ങൾ ടി.കെ. നാരായണന്റെ ലേഖനങ്ങളാൽ സമ്പന്നമായിരുന്നു. 1915 ഏപ്രിൽ 15 ന് ദേശാഭിമാനി പത്രം കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾ ഇതിനകം തന്നെ ഒന്നാന്തരം എഴുത്തുകാരനും പത്രപ്രവർത്തകനെന്നും ഖ്യാതി നേടിയിരുന്ന ടി.കെ.നാരായണൻ അതിന്റെ പ്രിന്ററും പബ്ലിഷറും പത്രാധിപരും ആയതിൽ അതിശയോക്തിയില്ല. ഇതോടെ 'പത്രാധിപർ" എന്ന വിശേഷണം കൂടാതെ അദ്ദേഹത്തിന്റെ പേര് പറയുന്നവർ ചുരുക്കമായി. ടി.കെ. മാധവൻ അതിനുശേഷമാണ് 'പത്രാധിപർ" എന്ന വിശേഷണത്താൽ വിഖ്യാതനായത്.
വിദ്യാഭ്യാസകാലം മുതൽ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടിരുന്ന ടി.കെ. നാരായണൻ 'ഹിന്ദു", 'സ്വരാജ്" തുടങ്ങിയ ഇംഗ്ളീഷ് പത്രത്തിന്റെയും ലേഖകനായിരുന്നു. ടി.കെ.നാരായണൻ എന്നും ജാതി വ്യവസ്ഥിതിക്കെതിരായിരുന്നു. ഇംഗ്ളീഷ് പത്രങ്ങളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഉത്തരേന്ത്യയിലും അലയടിച്ചു. ശ്രീനാരായണ ഗുരുവിന്റെ ഉത്തമശിഷ്യനായിരുന്ന നാരായണൻ ജാതിമത ചിന്തകൾക്കതീതനുമായിരുന്നു. അതിനുദാഹരണമായ ഒരു സംഭവമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലുമായി ബന്ധപ്പെട്ടുണ്ടായത്. 1910 സെപ്തംബർ 26ന് രാമകൃഷ്ണപിള്ളയെ തിരുവിതാംകൂർ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ തിരുവിതാംകൂറിൽ നിന്നും നാടുകടത്തി. വ്യക്തിസ്വാതന്ത്ര്യം ജീവവായുവായി കരുതിയിരുന്ന ടി.കെ. നാരായണൻ എന്ന മനുഷ്യൻ ആ രാജവിളംബരം കേട്ടു ഞെട്ടി. ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന ടി.കെ. അതൊക്കെ തൃണവൽഗണിച്ചുകൊണ്ട് ആ നടപടിക്കെതിരെ പ്രതികരിക്കുക തന്നെ ചെയ്തു. മദ്രാസിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇംഗ്ളീഷ് ദിനപത്രമായ ഹിന്ദുവിൽ 1910 സെപ്തംബർ 28ന് തന്നെ സർക്കാരിനെതിരെ അതിനിശിതമായ ഭാഷയിൽ ഒരു ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചു.
ടി.കെ. നാരായണനും
എസ്.എൻ.ഡി.പി യോഗവും
'1903 കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവും സാമൂഹ്യവുമായ പരിവർത്തനത്തിന്റെ പടവുകളിലേക്ക് മുന്നേറ്റത്തിലേക്ക് കാലുകുത്തിയ വർഷമാണ് എസ്.എൻ.ഡി.പി യോഗം നിലവിൽ വന്ന വർഷം." യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കുമാരനാശാന്റെ വാക്കുകളാണ് മേലുദ്ധരിച്ചത്. ആചാരലംഘനത്തിൽ നിന്ന് ഗുരുദേവൻ ആചാരപരിഷ്കരണത്തിലേക്കാണ് കടന്നത്. അതിന്റെ വേദിയായി ഗുരു തിരഞ്ഞെടുത്തത് പരവൂർ ആയിരുന്നു. 1904 ഒക്ടോബർ 16ന് ഈഴവ സമുദായത്തെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ഒരു ദിവസമായിരുന്നു. ശ്രീനാരായണ ധർമ്മ പരിപാലനത്തിന്റെ സ്ഥിരാദ്ധ്യക്ഷനായ ശ്രീനാരായണഗുരുവിന്റെ അദ്ധ്യക്ഷതയിൽ പരവൂരിൽ വച്ച് അന്ന് ഒരു മഹാസമ്മേളനം നടന്നു.
ആ സമ്മേളനത്തിൽ വച്ചാണ് താലികെട്ട്, തിരണ്ടുകുളി, പുളികുടി മുതലായ അനാചാരങ്ങൾ നിർത്തൽ ചെയ്യുന്നതിനും സമുദായത്തിന്റെ പുതിയ വിവാഹരീതി വ്യവസ്ഥ ചെയ്യുന്നതിനുള്ള മഹത്തായ തീരുമാനം ഗുരുദേവന്റെ അജ്ഞാനുസരണം ആദ്യമായെടുത്തതും. ഈ ചരിത്ര സംഭവത്തിന് വീഥിയൊരുക്കുവാൻ പരവൂർ കേശവനാശാനും സി.വി. കുഞ്ഞുരാമനും ഒപ്പം യുവാവായ ടി.കെ. നാരായണനുമുണ്ടായിരുന്നു. അന്ന് പ്രായത്തിൽ കവിഞ്ഞ ഗൗരവബുദ്ധിയും കാര്യശേഷിയുമുള്ള ടി.കെ. നാരായണനെക്കുറിച്ച് ഗുരു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. 'ബാലനാണെങ്കിലും പ്രൗഢമനസ്കനും പ്രാപ്തനുമാണ്. യോഗവാർഷികത്തിന്റെ കാര്യദർശിത്വം ഏൽക്കട്ടെ."
സാഹിത്യകാരൻ
ആ കാലഘട്ടത്തിൽ ജ്വലിച്ചു നിന്നിരുന്ന തദ്ദേശീയരും വിദേശികളുമായ മിക്ക മഹാന്മാരുടെയും ജീവചരിത്രങ്ങൾ രചിച്ച് മലയാള സാഹിത്യത്തിന് അമൂല്യ സംഭാവന നൽകിയ ഒരു സമുന്നത സാഹിത്യകാരനായിരുന്നു നാരായണൻ. ഏറ്റവും പ്രധാനമായത് ഗുരുദേവൻ സശരീരനായിരിക്കുമ്പോൾ തന്നെ (1921) രചിച്ച 'ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്രസംഗ്രഹം" ആണ്. ഈ സുപ്രധാനകൃതിയിൽ ഗുരുദേവനെ സംബന്ധിച്ച ചില പ്രധാന വസ്തുതകൾ മനസിലാക്കുവാൻ കഴിയുന്നുണ്ട്. ഒന്നാമതായി ഗുരുദേവന്റെ ജന്മവർഷം 1032 (A.D 1857) ആണെന്ന സത്യം ഗുരുദേവൻ തന്നെ അംഗീകരിച്ചിരിക്കുന്നു. രണ്ടാമത്തേത് ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചാണ്. അവർ ആത്മസുഹൃത്തുക്കൾ മാത്രമായിരുന്നുവെന്ന് ഉദാഹരണസഹിതം സ്ഥാപിച്ചിട്ടുണ്ട്.
മറ്റു ജീവചരിത്രങ്ങൾ ശ്രീരാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ (1910) രാജാറാം മോഹൻ റോയ്, പരവൂർ വി. കേശവനാശാൻ, കാറൽ മാർക്സ്, ലെനിൻ എന്നിവരുടേതാണ്. ആര്യസമാജത്തിൽ ചേർന്ന ടി.കെ. നാരായണൻ സമാജത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ സത്യാർത്ഥ വേദപ്രകാശം, ഓംകാരം, സന്ധ്യ എന്നിവ പരിഭാഷപ്പെടുത്തി. ഷേക്സ്പിയറിന്റെ 'ദി ടെമ്പസ്റ്റ് " എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷ 'മന്ദാകിനി" എന്ന പേരിൽ 1917ൽ പ്രസിദ്ധീകരിച്ചു. കൂടാതെ ഷേക്സ്പിയർ നാടകങ്ങൾക്ക് ചാൾസ് ലാംബും സഹോദരിയും ചേർന്ന് എഴുതിയ ഗദ്യാവിഷ്കാരങ്ങളുടെ പരിഭാഷ (1911) ഇന്ത്യൻ ഭാഷകളിലും മലയാളത്തിലും ആദ്യമായിരുന്നു. 'ജീവകാരുണ്യം" എന്ന ബാലസാഹിത്യകൃതിയും അദ്ദേഹം എഴുതിയിട്ടുണ്ട്.
ദേശീയത
സ്വാതന്ത്ര്യ കാംക്ഷിയായ ടി.കെ. നാരായണൻ ഇന്ത്യൻ ദേശീയതയിൽ അടിയുറച്ചു വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് സ്യൂട്ടും കോട്ടുമായിരുന്നു വേഷം. പിന്നീട് ശുഭ്ര ഖദർ ധാരിയായി. ചെറുപ്പകാലം മുതൽ ഗാന്ധിയൻ തത്വസംഹിതയിൽ വിശ്വസിച്ചിരുന്നു. വർണാശ്രമ ധർമ്മത്തിൽ അടിയുറച്ചിരുന്ന 'ഗാന്ധിജിയുടെ ചില നിലപാടുകളോട് നാരായണൻ യോജിച്ചിരുന്നില്ല. അതിനോട് വിയോജിച്ചുകൊണ്ട് " ലേഖനങ്ങളെഴുതുകയും ചെയ്തിരുന്നു. ദേശീയതയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ടി.കെ. ഗാന്ധിജിയോടൊപ്പം നിൽക്കുകയും ചെയ്തു. ഗാന്ധിജിയുടെ തിരുവിതാംകൂർ സന്ദർശന വേളയിൽ കൊല്ലത്തു വച്ച് ഗാന്ധിജിക്ക് ഒരു വമ്പിച്ച സ്വീകരണം നൽകിയിരുന്നു. അതിന്റെ മുഖ്യ സംഘാടകനും സ്വീകരണ സംഘാദ്ധ്യക്ഷനും ടി.കെ. നാരായണനായിരുന്നു. ഗാന്ധിസത്തിൽ വിശ്വസിച്ചിരുന്ന നാരായണൻ മാർക്സിയൻ തത്വശാസ്ത്രത്തെയും നന്നായി മനസിലാക്കിയിരുന്നു. പൊതു ജീവിതത്തിലെ പ്രശ്ന പരിഹാരത്തിന് അതും ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. അതിനു തെളിവാണ് 1920ൽ എച്ച് & സി തൊഴിലാളികളെ സംഘടിപ്പിച്ച് ഒരു പണിമുടക്ക് നടത്തിയത്. അത് വിജയത്തിലെത്തിക്കുകയും ചെയ്തു.
കുടുംബം
പന്തളം -കൈതപ്പുഴ കറുത്തേരിയിൽ കുടുംബത്തിലെ ടി.കെ. നാരായണി അമ്മയായിരുന്നു അദ്ദേഹത്തിന്റെ ധർമ്മപത്നി. അവർക്ക് എട്ടു സന്താനങ്ങളായിരുന്നു. ഏറ്റവും ഇളയമകൻ കെ.എൻ. ബാൽ ഐ.പി.എസ് (റിട്ട.) ആണ്. 'ബാൽ" എന്നാൽ 'കർത്താവ് " എന്നർത്ഥം ബൈബിളിലെ പഴയ നിയമത്തിൽ 'ബാൽ" ഒരു ദൈവമാണ്. പ്രിയപുത്രന് പേരിടുമ്പം മതേതരത്വം അദ്ദേഹം മുറുകെ പിടിച്ചിരിക്കുന്നു.