അമ്പലപ്പുഴ വഴി വാഹനത്തിൽ പോകുന്നവർക്ക് ബഷീർ സുപരിചിതൻ. വിശ്വാസി, സരസൻ, സഹൃദയൻ എന്നീ വിശേഷണങ്ങൾ നന്നായി ചേരും. ഏതെങ്കിലും സ്ഥലത്തെക്കുറിച്ചോ തിരിയേണ്ട മാർഗത്തെക്കുറിച്ചോ ചോദിച്ചാൽ വ്യക്തമായ വിവരം കിട്ടും. എത്ര കിലോമീറ്റർ എത്ര മീറ്റർ എന്നുവരെ ദൂരം പറഞ്ഞുകൊടുക്കും. ഒരിക്കൽ സംസാരിക്കുന്നവർക്ക് പെട്ടെന്ന് മറക്കാനാകാത്ത പെരുമാറ്റം.
വാഹനങ്ങൾക്കുള്ള ലൂബ്രിക്കന്റ്സ് വിൽക്കുന്ന സ്ഥാപന ഉടമയാണ് ബഷീർ. അതു വാങ്ങാൻ വരുന്നവരോടും തത്വചിന്താപരമായ കാര്യങ്ങൾ കൂട്ടിയിണക്കാൻ പ്രത്യേക പാടവം തന്നെയുണ്ട്. നീർക്കുന്നത്തെ ഇജാബ പള്ളി കമ്മിറ്റി ഭാരവാഹി കൂടിയാണ്. എല്ലാ മതങ്ങളോടും പുരാണങ്ങളോടും പ്രത്യേക മമത. ഖുർ ആനും ബൈബിളും ഭഗവത് ഗീതയും വായിക്കും. അവ തമ്മിലെ അദൃശ്യമായ സ്നേഹച്ചരട് കാട്ടിക്കൊടുക്കും.
വാഹനയന്ത്രങ്ങൾക്ക് യഥാസമയം ഗ്രീസും എണ്ണയും നൽകിയില്ലെങ്കിൽ അവ പിണങ്ങും. ഏതു റോഡിൽ വച്ച് ഏതു സമയത്തും അത് സംഭവിക്കാം. മനുഷ്യഹൃദയങ്ങളും അതുപോലെ. യഥാ സമയം പരിഗണനയും പരിചരണവും സ്നേഹവും കിട്ടിയില്ലെങ്കിൽ സ്വഭാവം തന്നെ പ്രതികൂലമാകും. പറയുന്നതും ചിന്തിക്കുന്നതുമെല്ലാം തല തിരിഞ്ഞതാകും. വാക്കിനെക്കാൾ ഇക്കാര്യത്തിൽ യന്ത്രങ്ങൾക്ക് അയവ് നൽകുന്ന ദ്രാവകങ്ങൾ പോലെ സുപ്രധാനമാണ് സ്നേഹമയമായ പെരുമാറ്റം.
അതിന് ഉദാഹരണം നിരത്താനും ബഷീറിന് അനുഭവ പരമ്പരകളുണ്ട്.
കുട്ടനാട്ടിൽ പ്രളയം ബാധിച്ചപ്പോൾ നീർക്കുന്നം പള്ളിയിൽ അഭയം പ്രാപിച്ചവർക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല. അതുവരെ പരസ്പരം കണ്ടാലും മിണ്ടാതെ ചെറു ചിരിയോടെ പോകുന്നവർ സ്ഥാനമാനങ്ങളിലും തസ്തികകളിലും അഭിരമിക്കുന്നവർ. അവരെല്ലാം ഒരേ മനസുള്ളവരായി. ഈശ്വരൻ സ്നേഹമായി പരിണമിക്കുന്നതും ഹൃദയങ്ങളെ സംയോജിപ്പിക്കുന്നതും അനുഭവിച്ചറിഞ്ഞു. ബഷീറിന്റെ വീട്ടിലുമുണ്ടായിരുന്നു നാലഞ്ചു കുടുംബങ്ങൾ. ബഷീറിന്റെ ഭാര്യയുടെ കൈപ്പുണ്യം അവർ രുചിച്ചറിഞ്ഞു. ബഷീറിന്റെ മേൽക്കൂര അവരുടെയും മേൽക്കൂരയായി. അവിടത്തെ വെള്ളം, വായു, കിടക്ക, ഉറക്കം എല്ലാം ഒരേ ദൈവത്തിന്റെ സംഭാവനയാണെന്ന് മനസിലാക്കി. പത്തുദിവസത്തെ സ്നേഹമസൃണമായ കൂട്ടുകുടുംബ ജീവിതത്തിന്റെ ആഹ്ലാദത്തിൽ നിന്ന് മടങ്ങാൻ നേരം എല്ലാവരും കരഞ്ഞുപോയി.
തീവ്രമായ ഒരു ദുരന്താനുഭവം അവരെ പലതും പഠിപ്പിച്ചു. ജീവിക്കാൻ വേണ്ടി പലരും പല ഗൗണുകൾ ധരിക്കുന്നു. നാട്, മതം, ജാതി, രാഷ്ട്രീയം, കുടുംബമഹിമ എല്ലാം പുറമേയുള്ള വസ്ത്രങ്ങളാണ്. അതെല്ലാം മാറിക്കഴിഞ്ഞാൽ എല്ലാരുടെയുംഹൃദയത്തിന്റെ നഗ്നത ഒരുപോലെയാണ്. പത്തുനാൾ ഒത്തുജീവിച്ചവർ ഇപ്പോഴും ഇടക്കിടെ തന്റെ വീട്ടിൽ സന്ദർശനം നടത്താറുണ്ട്. അപ്പോൾ തന്റെ വീട് ഒരു ദേവാലയമായി മാറുമെന്ന് ഗദ്ഗദത്തോടെ ബഷീർ പറയും.
(ഫോൺ : 9946108220)