'അപ്പച്ചാ, എനിക്കൊരു ഡോക്ടറാകണം..."
കുഞ്ഞുവായിൽ വലിയ കാര്യം പറയുന്നോ എന്നായിരുന്നു ഒൻപതുകാരനായ പാപ്പച്ചനോട് പിതാവ് സഖറിയയുടെ ചോദ്യം. പാപ്പച്ചൻ ഉറച്ചു തന്നെയായിരുന്നു, ഡോക്ടറാകണം. സ്കൂൾ ക്ളാസുകളിൽ പഠനത്തിൽ ഒന്നാമനായി. ഉപരിപഠനത്തിൽ റാങ്കുകളുടെ തിളക്കം. എം.ബി.ബി.എസിനു പഠിക്കുമ്പോൾ ഇടവേളകളിൽ രോഗികൾക്കൊപ്പമായിരുന്നു പാപ്പച്ചൻ. അവരുടെ വേദനയും കണ്ണീരും ആ വിദ്യാർത്ഥിക്ക് ജീവിതപാഠങ്ങളായി.
താലോലിക്കാനും താങ്ങാവാനും തലമുറകളില്ലതെ വരുമെന്ന ആശങ്കയോടെ കഴിഞ്ഞ നിരവധിയാളുകൾക്ക് ഇന്ന് ഭൂമിയിലെ ദൈവമാണ് വന്ധ്യതാ ചികിത്സാ രംഗത്തെ വിദഗ്ദ്ധനായ ഡോ. പാപ്പച്ചൻ. അടൂർ ലൈഫ് ലൈൻ അവർക്ക് ദേവസ്ഥാനവുമാണ്.
പത്തനംതിട്ടയിലെ മങ്ങാട് കാലായിൽ വീട്ടിൽ സഖറിയയുടെയും ശോശാമ്മയുടെയും മൂത്തമകനായ പാപ്പച്ചന്റെ മനസിലെ വലിയ മനുഷ്യൻ അയലത്തെ ദാമോദരൻ ഡോക്ടറായിരുന്നു. മരുന്നുകൊണ്ടും മനസുകൊണ്ടും രോഗികൾക്ക് സാന്ത്വനമേകിയ ദാമോദരൻ ഡോക്ടറാണ് പാപ്പച്ചന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകിയത്.
1975ൽ ബി.എസ് സി സുവോളജിയിൽ റാങ്കോടെ പാസായ പാപ്പച്ചന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു. ഗൈനക്കോളജിയിൽ ഉപരിപഠനത്തിനു ചേർന്നപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും അമ്പരന്നു. സ്ത്രീകൾക്കായുളള ഗൈനക്കോളജിയിൽ ഡോക്ടറാകാൻ ഒരു പുരുഷനോ ? ബന്ധുക്കളും സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്തിയെങ്കിലും തീരുമാനത്തിൽ പാപ്പച്ചൻ ഉറച്ചുനിന്നു. പഠനം പൂർത്തിയാക്കിയ 1984 ൽ ഡോ. പാപ്പച്ചന് കോന്നി ഗവ. ആശുപത്രിയിൽ ആദ്യ നിയമനം. കൃഷി ചെയ്തു ജീവിക്കുന്ന ഗ്രാമീണരാണ് അധികവും. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് എത്തിയത് നാട്ടുകാർക്ക് ഉപകാരമായി. കോന്നിക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായി പാപ്പച്ചൻ.ജനസംഖ്യാ പെരുപ്പത്തിന് മുളനുള്ളാൻ സർക്കാർ ആവിഷ്കരിച്ച വന്ധ്യംകരണ പദ്ധതിയിൽ ഡോ. പാപ്പച്ചൻ സജീവ സാന്നിധ്യമായി. ഗ്രാമവികസനത്തിന് ജനസംഖ്യാ വളർച്ച പിടിച്ചുനിർത്തേണ്ടത് ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. അതിനായി ക്യാമ്പുകൾ സംഘടിപ്പിച്ചു. അൻപതിനായിരത്തോളം വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തി വാർത്തകളിൽ ഇടം നേടി. സർക്കാർ സംവിധാനങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടായിരുന്നു ഡോ. പാപ്പച്ചൻ ഈ നേട്ടം കൈവരിച്ചത്. റാന്നി, പത്തനംതിട്ട, അടൂർ തുടങ്ങിയ ആശുപത്രികളി
ലും ഡോ. പാപ്പച്ചൻ സേവനമനുഷ്ഠിച്ചു.
വന്ധ്യത എന്ന കണ്ണുനീർ
ഒരു ഭാഗത്ത് ജനസംഖ്യ നിയന്ത്രിക്കാൻ സർക്കാർ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ കുട്ടികൾ ഉണ്ടാകാത്തതിന്റെ സങ്കടങ്ങൾ ഉള്ളിലൊതുക്കി പ്രതീക്ഷകൾ കൈവിട്ട നിരവധി ദമ്പതിമാരെ ഡോ. പാപ്പച്ചൻ നേരിൽ കണ്ടു. ഗർഭം ധരിക്കാത്തതിന്റെ പേരിൽ വീട്ടിലും നാട്ടിലും ഒറ്റപ്പെട്ട സ്ത്രീകൾ, കുഞ്ഞുങ്ങളുണ്ടാകാത്തതിനാൽ ഭർത്താവ് ഉപേക്ഷിച്ചവർ, ഗൈനക്കോളജി ക്ളാസിൽ പഠിച്ചതിലുമേറെ ആശങ്കാജനകമായിരുന്നു വർദ്ധിച്ചുകൊണ്ടിരുന്ന വന്ധ്യതയുടെ കണക്കുകൾ. കുഞ്ഞിക്കാലുകാണാൻ മോഹിച്ച് ചികിത്സതേടി എത്തുന്ന ദമ്പതിമാരുടെ എണ്ണം നാൾക്കുനാൾ ഏറിവന്നു. മരുന്നു നൽകി മടക്കി അയയ്ക്കേണ്ട അവസ്ഥയായിരുന്നു സർക്കാർ ആശുപത്രികളിൽ. വന്ധ്യതയകറ്റാൻ ആധുനിക ചികിത്സ സർക്കാർ ആശുപത്രികളിൽ ലഭ്യമായിരുന്നില്ല.
ഡോ. പാപ്പച്ചൻ സർക്കാർ ജോലി ഉപേക്ഷിച്ച് വന്ധ്യതാ ചികിത്സയിലെ ആധുനിക മാർഗങ്ങളിൽ ഗവേഷണം തുടങ്ങി. ചികിത്സയ്ക്ക് ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനുളള ശേഷി അന്ന് സ്വകാര്യ ആശുപത്രികൾക്കാണ് കൂടുതലായി ഉണ്ടായിരുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി സേവനം തുടർന്നു. ജർമ്മനിയിലും ആസ്ട്രേലിയയിലും ഉപരി പഠനം നടത്തി. ഡൽഹി, മുംബയ്, ചെന്നൈ, ആഗ്ര എന്നിവിടങ്ങളിൽ നിന്ന് വിദഗ്ദ്ധ പരിശീലനവും നേടി. തിരികെ നാട്ടിലെത്തുമ്പോൾ സ്വന്തമായൊരു വന്ധ്യത ചികിത്സാകേന്ദ്രം എന്ന ആശയമായിരുന്നു ഡോ. പാപ്പച്ചന്റെ മനസിൽ.
പ്രതീക്ഷയുടെ ലൈഫ് ലൈൻ
2005 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. അത്യാധുനിക വന്ധ്യതാ ചികിത്സാ സംവിധാനങ്ങളുമായി അടൂർ-കായംകുളം റൂട്ടിലെ പതിനാലാം മൈലിൽ ലൈഫ് ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് തുടക്കമായി. അഞ്ച് ഡോക്ടർമാരും അൻപത് കിടക്കകളുമാണ് ആദ്യമുണ്ടായിരുന്നത്.വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് ലൈഫ് ലൈനിലെ ചികിത്സയിലൂടെ ഫലം കണ്ടു. ജില്ലകൾക്കപ്പുറത്തേക്ക് ആശുപത്രിയുടെ പേരും പെരുമയുമെത്താൻ അധികകാലം വേണ്ടിവന്നില്ല. കൂടുതലാളുകൾ ചികിത്സ തേടി ലൈഫ് ലൈനിൽ എത്താൻ തുടങ്ങിയതോടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. കൂടുതൽ ബെഡുകളും അത്യാധുനിക ഉപകരണങ്ങളും ഡോക്ടർമാരുമെത്തി. ലൈഫ് ലൈൻ ലോക നിലവാരത്തിലേക്ക് ഉയർന്നു. അത്യാധുനിക സംവിധാനമായ എംബ്രിയോസ്കോപ്പ് (ഭ്രൂണം സൂക്ഷിക്കുകയും അതിന്റെ വളർച്ച പരിശോധിക്കുകയും ചെയ്യുന്ന സംവിധാനമാണ് എംബ്രിയോസ്കോപ്പ്). കേരളത്തിൽ ആദ്യമായി എംബ്രിയോസ്കോപ്പ് സംവിധാനം സ്ഥാപിച്ചത് ലൈഫ് ലൈനിലാണ്.
ഒാപ്പറേഷൻ തീയേറ്റർ
അത്യാധുനിക സൗകര്യങ്ങളുള്ള ഒാപ്പറേഷൻ തീയേറ്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. മെട്രോ നഗരങ്ങളിൽ മാത്രം ലഭ്യമായ ചികിത്സാ ഉപകരണങ്ങൾ. മികച്ച ഡോക്ടറുടെ സാന്നിധ്യത്തിൽ ആധുനിക സംവിധാനങ്ങളോടെ നടത്തപ്പെടുന്ന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പ്രശ്നങ്ങളെ പൂർണ്ണമായി ഒഴിവാക്കുന്നു. ശസ്ത്രക്രിയാ വേളയിലുണ്ടാകുന്ന രക്തനഷ്ടവും ഒഴിവാക്കുന്നു. ആശുപത്രി വാസ നാളുകൾ കുറയ്ക്കുന്നു. ത്രീഡി കാമറ, മോണിറ്റർ, ലാപ്രോസ്കോപ്പിക് ഹോർമോണിക് സ്കാൽപെൽ, ഗ്യാസ്ട്രോസ്കോപ്പ് എന്നിവ സർജറിയെ സുരക്ഷിതവും അനായാസവുമാക്കുന്നു. ആയിരത്തിലേറെ ടെസ്റ്റ് ട്യൂബ് ശിശുക്കൾക്ക് അടൂർ ലൈഫ് ലൈൻ ജൻമം നൽകി. ബീജത്തിൽ ഒട്ടും അണുക്കളില്ലാത്തവർക്ക് മൈക്രോടെസി ശസ്ത്രക്രിയവഴി അച്ഛനാകാം. പരിസ്ഥിതി സൗഹൃദ ആശുപത്രിക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.
അടൂർ-കായംകുളം റൂട്ടിൽ പതിനാലാം മൈൽ ജംഗ്ഷനിലാണ് ലൈഫ് ലൈൻ ആശുപത്രി. ഫോൺ: 04734 223377, ഡോ. പാപ്പച്ചൻ 9447091144, ഡോ. സിറിയക് പാപ്പച്ചൻ 8281264784,9497529017.
ഗർഭം ധരിക്കുമ്പോൾ തന്നെ ശിശുവിന്റെ വൈകല്യം കണ്ടെത്താം
ഗർഭം ധരിക്കുമ്പോൾ തന്നെ കുട്ടിയിൽ വൈകല്യമുണ്ടെങ്കിൽ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലാദ്യമായി അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സജ്ജമാക്കി. ആർ.ജി.സി.എസ് (റീപ്രൊഡക്ടീവ് ജനറ്റിക്സ് ആൻഡ് കാൻസർ സൊലൂഷൻസ്) എന്ന ചികിത്സാ രീതി വിദേശത്ത് വൻ ചെലവേറിയതാണ്. ചെലവ് കുറച്ച് ഗുണമേൻമ ഉറപ്പുവരുത്തുന്ന രീതിയിലാണ് അടൂർ ലൈഫ് ലൈനിൽ ആർ.ജി.സി. എസ് ചികിത്സ ആരംഭിച്ചത്. ജനിതക തകരാറുകളും അർബുദ സാധ്യതകളും അമ്മ ഗർഭം ധരിക്കുമ്പോൾ തന്നെ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണ് പുതിയ ചികിത്സാ രീതിയെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.പാപ്പച്ചൻ പറഞ്ഞു. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഡി. എൻ.എ അമ്മയുടെ രക്തത്തിലുണ്ടാകും.
അമ്മയുടെ രക്തം പരിശോധിച്ചാണ് തകരാർ കണ്ടെത്തുന്നത്. പാരമ്പര്യമായും അല്ലാതെയും ഉണ്ടാകാവുന്ന കാൻസറിനെ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് മാറ്റുന്നതാണ് ആർ. ജി. സി. എസ് ചികിത്സ. രണ്ടരമാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ വൈകല്യമാണ് കണ്ടെത്താൻ കഴിയുന്നത്. വിദേശങ്ങളിൽ വളരെ ചെലവേറിയ ഈ ചികിത്സ ലൈഫ് ലൈനിൽ കുറഞ്ഞ ചെലവിൽ താമസം കൂടാതെ ചെയ്യാൻ സാധിക്കും.