ചിലപ്പോൾ തോന്നും ഫഹദ് ഫാസിൽ ശരിക്കും ഒരു 'പിടികിട്ടാപ്പുള്ളി"യാണെന്ന്. അടുത്ത സുഹൃത്തുക്കൾക്കല്ലാതെ അധികമാർക്കും അത്രയെളുപ്പം ഫഹദിലേക്ക് എത്തിപ്പെടാൻ പറ്റില്ല. താൻ റീച്ചബിൾ ആണെന്ന് ഫഹദ് പറയുമെങ്കിലും അത്ര ഈസിയല്ല ഫഹദിലേക്കുള്ള വഴി. പുതിയ സിനിമയുടെ പുതിയ കഥാപാത്രത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിലും സംസാരിക്കാൻ ഫഹദ് സമയം കണ്ടെത്തി.
സത്യൻ അന്തിക്കാടിന്റെ സിനിമയിൽ വീണ്ടും അഭിനയിച്ചതിന്റെ അനുഭവങ്ങൾ?
ഞാൻ പ്രകാശൻ എന്നെ സംബന്ധിച്ചിടത്തോളം പുതിയതാണ്. ഒരു ഇന്ത്യൻ പ്രണയ കഥയിലാണ് ഇതിന് മുൻപ് ഞങ്ങൾ ഒരുമിച്ചത്. ആ സിനിമയിൽ നിന്ന് വളരെ വ്യത്യസ്തമാണ് 'ഞാൻ പ്രകാശൻ." കരിയറിലെ ഈ സ്റ്റേജിൽ സത്യേട്ടനും ശ്രീനിയേട്ടനും ഒരുമിച്ച് ചെയ്യുന്നൊരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. പ്രകാശൻ എന്നു പേര് പഴഞ്ചനായിപ്പോയെന്ന കാരണംകൊണ്ട് ഗസറ്റിൽ പരസ്യം ചെയ്ത് പി.ആർ. ആകാശ് എന്ന പേരുമാറ്റിയ ആൾ എന്നാണ് സത്യേട്ടൻ ഞാൻ പ്രകാശനെപ്പറ്റി ആദ്യമെന്നോട് പറയുന്നത്. ആറേഴ് മാസങ്ങൾക്കു മുൻപായിരുന്നു അത്. അപ്പോൾ തന്നെ കഥാപാത്രത്തെക്കുറിച്ച് നമുക്കൊരു ഏകദേശ ധാരണ കിട്ടും.നമുക്കറിയാവുന്നതോ കേട്ടിട്ടുള്ളതോ ആയ ആളുകളുമായി സാമ്യത തോന്നും. സംവിധായകർ നമ്മളെ ഫീഡ് ചെയ്തു തരുന്ന രീതിയാണ് പ്രധാനം.
കഥാപാത്രം നമ്മളിലേക്ക് വരികയാണോ അതോ കഥാപാത്രത്തിലേക്ക് നമ്മൾ ഇറങ്ങിച്ചെല്ലുകയാണോ വേണ്ടത്?
കഥാപാത്രത്തിലേക്ക് നമുക്ക് പോകാൻ പറ്റില്ല. കഥാപാത്രത്തെ നമ്മളിലേക്ക് വരുത്തുകയാണ് നല്ലത്. ഒരു ആക്ടറാണ്, അഭിനയിക്കുകയാണ് എന്ന ബോധത്തോട് കൂടിത്തന്നെയാണ് പെർഫോം ചെയ്യുന്നത്. ആ ഒരു രീതിയാണ് ഞാൻ പ്രാക്ടീസ് ചെയ്തിട്ടുള്ളത്.
മണിരത്നത്തിന്റെ സിനിമ വേണ്ടെന്ന് വയ്ക്കുന്നു. റോൾ മോഡൽസ് പോലെയുള്ള സിനിമകൾ ചെയ്യുന്നു.
എന്താണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം?
നമുക്ക് ഇഷ്ടമുള്ള സിനിമകളാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ട സിനിമകളല്ല. കുറസോവയുടെയോ മറ്റോ അങ്ങനെയൊരു പ്രശസ്തമായ 'ക്വാട്ട്" തന്നെയുണ്ട്. മണിരത്നം സിനിമ വേണ്ടെന്ന് വച്ചിട്ട് ഞാൻ ചെയ്ത സിനിമ വരത്തനാണ്. എനിക്കതുകൊണ്ട് ഒരു നഷ്ടവും സംഭവിച്ചില്ല.
വിജയ് സേതുപതിയുടെ സൂപ്പർ ഡീലക്സിൽ അഭിനയിക്കാനുള്ള കാരണം?
ത്യാഗരാജൻ കുമാരരാജ എന്ന സംവിധായകന്റെ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹത്തിൽ ഞാൻ ചെയ്ത സിനിമയാണത്. ചാപ്പാ കുരിശിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായി ബന്ധപ്പെട്ട് ചെന്നൈയിൽ പോയപ്പോഴാണ് ഞാൻ കുമാരരാജ സംവിധാനം ചെയ്ത 'ആരണ്യകാണ്ഡം" കണ്ടത്. പത്തുവർഷത്തോളമായിക്കാണും. അന്ന് എന്നെ ഞെട്ടിച്ച സിനിമയാണത്. ഇനിയൊരു പത്തുവർഷം കൂടി കഴിഞ്ഞാലും ആ സിനിമ എന്നെ ഞെട്ടിക്കും.
കുമാരരാജയെ ഒന്നു കാണണമെന്നും പരിചയപ്പെടണമെന്നും ആഗ്രഹിച്ചെങ്കിലും നടന്നില്ല. പിന്നീട് ഭാഗ്യംപോലെ അദ്ദേഹത്തിന്റെ ഫോൺകാൾ എന്നെ തേടിവന്നു. രണ്ട് മൂന്ന് കഥകൾ ഞങ്ങൾ ഡിസ്കസ് ചെയ്തു. ഒരു വലിയ സിനിമയാണ് അന്ന് പ്ലാൻ ചെയ്തത്. പല കാരണങ്ങളാലും അത് നീണ്ടപ്പോൾ കുമാരരാജ ഒരു ചെറിയ സിനിമ ആലോചിച്ചു. ഫഹദിന് ചെയ്യാമോയെന്ന് ചോദിച്ചു. ആ സിനിമയാണ് സൂപ്പർ ഡീലക്സ്.വിജയ് സേതുപതിയെ വ്യക്തിപരമായി ആ സിനിമ ചെയ്യും മുൻപേ അറിയാം. വല്ലപ്പോഴുമൊക്കെ ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. സിനിമകളെപ്പറ്റിയാവും കൂടുതലും സംസാരിക്കാറ്. തന്റേതായ ഒരു സ്റ്റൈലുണ്ട് വിജയ് സേതുപതിക്ക്. ഇത്ര അർപ്പണബോധമുള്ള ആർട്ടിസ്റ്റുകൾ സിനിമയിൽ അധികമുണ്ടാവില്ല.ഒരു സീൻ ചെയ്യുമ്പോൾ മനസിൽ എന്തായിരുന്നു എന്നൊക്കെ വിജയ്സേതുപതി ചോദിക്കാറുണ്ട്. പെർഫോം ചെയ്യുമ്പോഴുള്ള തോട്ട് പ്രോസസിനെക്കുറിച്ച് അറിയാനും പറയാനും എനിക്കും ഇഷ്ടമാണ്.
ഇപ്പോൾ അഭിനയിക്കുന്ന കുമ്പളങ്ങി നൈറ്റ് സിനെക്കുറിച്ച്?
കുമ്പളങ്ങി നൈറ്റ്സ് ശ്യാം (ശ്യാം പുഷ്കരൻ) ഇതുവരെ എഴുതിയ സിനിമകൾ പോലെയോ ഞാൻ ഇതുവരെ അഭിനയിച്ച സിനിമകൾ പോലെയോയുള്ള ഒരു സിനിമയല്ല. കുമ്പളങ്ങി നൈറ്റ്സ് സൗബിന്റെയും ഷെയ്നിന്റെയും സിനിമയാണ്. ഞാനതിലൊരു ഭാഗമാവുന്നുവെന്നേയുള്ളൂ. ദിലീഷും (ദിലീഷ് പോത്തൻ) ശ്യാമും എന്നോട് അഭിനയിക്കാൻ വേണ്ടിയാണ് കഥ പറഞ്ഞത്. കഥ കേട്ടപ്പോൾ ആ സിനിമയുടെ നിർമ്മാണത്തിലും പങ്കാളിയാകണമെന്ന് തോന്നി.
നടനായി നിൽക്കാൻ ആഗ്രഹിക്കുന്ന ഫഹദിനെ താരമായി ആഘോഷിച്ച സിനിമയാണ് വരത്തൻ?
ഇമേജ് പൊലിപ്പിക്കാൻ വേണ്ടി വരത്തനിൽ ഒന്നും ചെയ്തിട്ടില്ല. വരത്തൻ ഇഫക്ട് എന്റെ വരാൻ പോകുന്ന സിനിമകളെ ഒരു രീതിയിലും ബാധിക്കുമെന്ന് കരുതുന്നില്ല.ഓരോ സിനിമകൾക്കും ഓരോ സ്വഭാവമുണ്ട്. അത് തീരുമാനിക്കുന്നത് ആ സിനിമയുടെ റൈറ്ററും ഡയറക്ടറുമാണ്.ഞാൻ ചെയ്തു കഴിഞ്ഞ സിനിമയ്ക്കോ ചെയ്യാൻ പോകുന്ന സിനിമകൾക്കോ വരത്തന്റെ സ്വാധീനമുണ്ടാവില്ല. അങ്ങനെയുണ്ടാകാനും പാടില്ല. ചില സിനിമകൾ മറ്റൊരു നിർമ്മാതാവിനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ബുദ്ധിമുട്ടായിരിക്കും. 'ഇയ്യോബിന്റെ പുസ്തക" ത്തിൽ നിർമ്മാണ പങ്കാളിയായത് അങ്ങനെയാണ്. ഇപ്പോൾ വരത്തനിലും. നമുക്ക് വിശ്വാസമുള്ള എന്നാൽ മറ്റൊരാളെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടുള്ള പ്രോജക്ടുകൾ നിർമ്മിക്കുമ്പോൾ സ്വാതന്ത്ര്യം കൂടും. സമ്മർദ്ദം കുറയുകയും ചെയ്യും.