ആറ് വർഷം മുമ്പാണ്. 'ഒരു ക്രോക്കഡൈൽ ലൗ സ്റ്റോറി" എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മലമ്പുഴ ഡാമിൽ നിന്ന് ഒരു ജീപ്പിലാണ് ആർട്ട് വിഭാഗത്തിലെയാളുകൾ മടങ്ങിയത്. പാലക്കാട് എത്തിയപ്പോൾ സംഘത്തെ നാട്ടുകാർ തടഞ്ഞു. ഒരു മുതലയുടെ വാലും കാലുകളും ജീപ്പിന് പിന്നിൽ തള്ളി നിന്നതു കണ്ടാണ് നാട്ടുകാർ വണ്ടി തടഞ്ഞത്. ഡാമിൽ നിന്ന് മുതലകളെ കടത്തുന്ന സംഘത്തെ കൈയോടെ പിടി കൂടിയ ത്രില്ലിലായിരുന്നു നാട്ടുകാർ.
ജീപ്പിലുണ്ടായിരുന്ന മുതലയുടെ ഉടമസ്ഥൻ ചേർത്തല പൂച്ചാക്കൽ സ്വദേശി സജയ് മാധവന് തന്റെ മുതല ഒറിജിനലല്ല, വെറും ഡ്യൂപ്പാണെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ ഉദാഹരണ സഹിതം ക്ലാസ് എടുക്കേണ്ടി വന്നു. മലയാള സിനിമയ്ക്ക് ഇനിയുമത്ര പരിചയമായിട്ടില്ലാത്ത ആനിമട്രോണിക്സ് എന്ന കലാ വിരുതിൽ ഇന്നേറെ ചർച്ച ചെയ്യപ്പെടുന്ന മലയാളി പേരുകളിലൊന്നാണ് സജയ് മാധവൻ. മലയാളത്തിൽ ആനിമട്രോണിക്സിന്റെ സാദ്ധ്യത ഇനിയുമത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിലും തമിഴിൽ സൂപ്പർ ഹിറ്റാണ്. സജയ് തമിഴിലെത്തിയത് ഷങ്കർ ചിത്രമായ 2.0 വിലൂടെയാണ്. യന്തിരന്റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിൽ അക്ഷയ് കുമാറിന്റെ തോളിൽ വന്ന് ഇരിക്കുന്നതുൾപ്പെടെ ഏഴ് പക്ഷികൾക്ക് രൂപവും ജീവനും നൽകിയത് സജയാണ്. 'മെർസൽ" എന്ന ചിത്രത്തിലെ നവജാത ശിശുവിനെ ഒരുക്കിയതിലൂടെ സജയ് തമിഴകത്ത് തിരക്കുള്ള ആനിമട്രോണിക്സ് വിദഗ്ദ്ധനായി മാറിക്കഴിഞ്ഞു. ഇപ്പോൾ മിഷ്കിൻ സംവിധാനം ചെയ്യുന്ന 'സൈക്കോ" എന്ന ചിത്രത്തിന്റെ തിരക്കിലാണ്.
ജീവനുള്ള മൃഗങ്ങളും പക്ഷികളും
ഈ സിനിമയുടെ ചിത്രീകരണത്തിനായി മൃഗങ്ങളെയോ പക്ഷികളെയോ ദ്രോഹിച്ചിട്ടില്ല. സിനിമയുടെ തുടക്കത്തിൽ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമെന്ന് നിർബന്ധമായും എഴുതി പ്രദർശിപ്പിക്കുന്നപോലെ ഈ വരികളും വേണമെന്ന നിയമം വന്നതാണ് ആനിമട്രോണിക്സ് എന്ന കലാവിരുതിന് ഇന്ത്യൻ സിനിമയിൽ ഭാവി തെളിഞ്ഞത്. സിലിക്കോൺ എന്ന മെറ്റീരിയൽ ഉപയോഗിച്ച് യഥാർത്ഥ ജീവികളെപ്പോലെയുള്ള ഡ്യൂപ്പുകളെ തയ്യാറാക്കുന്നു. ഇതോടൊപ്പം കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയുപയോഗിച്ച് ഇവയ്ക്ക് ജീവൻ നൽകുന്നു. ഇങ്ങനെയാണ് ആനിമട്രോണിക്സ് സിനിമയുടെ സാങ്കേതിക വിദ്യയായി മാറിയത്.
അകലെയുള്ള സ്വപ്നം
പൂച്ചാക്കൽ ഓളേപ്പിൽ നല്ലാഞ്ഞിലിക്കൽ മാധവന്റെയും ജാനകിയുടെയും മകന് സിനിമ കുട്ടിക്കാലം മുതൽ മനസിൽ കയറിയതാണ്. ചിത്രരചനയിലും ശില്പ നിർമ്മാണത്തിലും താത്പര്യമുണ്ടായിരുന്നു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലും തൃപ്പൂണിത്തുറ ആർ.എൽ.വിയിലും ചേരാൻ പഠിച്ച പണി പതിനെട്ടും നോക്കി, നടന്നില്ല. ഒടുവിൽ ബംഗളൂരുവിന് വിട്ടു. കാനറ ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർട്ടിസാൻസിൽ നിന്ന് ഡിപ്ളോമ നേടി. ബംഗളൂരുവിലെ ജീവിതമാണ് ആനിമട്രോണിക്സിലേക്ക് എന്നെ എത്തിച്ചത്.
ജുറാസിക് പാർക്കിന്റെ ആർട്ട് വിഭാഗം തലവനായ സ്റ്റാൻ വിൻസ്റ്റണിന്റെ സ്കൂൾ നടത്തുന്ന ഓൺലൈൻ കോഴ്സ് പൂർത്തിയാക്കിയതോടെയാണ് ആനിമട്രോണിക്സ് രംഗത്തേക്ക് വരാൻ ധൈര്യം കിട്ടിയത്. ഇതിനിടെ തമിഴ്നാട്ടിലെ കാരക്കുടിയിലെ ഫൈൻ ആർട്സ് കോളേജിൽ ഫാക്കൽറ്റിയായി. അപ്പോഴും സിനിമ ഒരു സ്വപ്നമായിരുന്നു. അപ്പോഴാണ് 'ഒരു ക്രോക്കഡൈൽ ലൗ സ്റ്റോറി"യിലെ മുതല എന്നെ തേടി വന്നത്. യന്തിരന്റെ ഗ്രാഫിക്സ് ഹെഡ് ശ്രീനിവാസ് മോഹൻ സാറാണ് എന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. ഷങ്കർ സാറിനെ പരിചയപ്പെടുത്തിയതും സാറാണ്. സിനിമയിലെ പരിചയത്തിന്റെ ബലത്തിൽ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞാൻ. പപ്പടം ഷാജിയെന്നു പേരിട്ട ഈ സിനിമയ്ക്ക് ശേഷം ഇ വേൾഡ് എന്നൊരു ബിഗ് ബഡ്ജറ്റ് ചിത്രം മനസിലുണ്ട്. ആനിമട്രോണിക്സിന്റെ സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുന്ന ഒരു സർവൈവൽ മൂവി. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. സജയ് സ്വപ്നം വെളിപ്പെടുത്തുന്നു.
സൈക്കോയെക്കുറിച്ച്
ഉദയനിധി സ്റ്റാലിനാണ് നായകൻ. സൈക്കോ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിനുവേണ്ടി കുറേ തലകൾ ഒരുക്കുന്ന പണിയിലാണ്. മനുഷ്യന്റെ ത്വക്കിനു സമാനമായ ടോണും മുടിയും ഒക്കെ ചേർത്ത് ഫിനിഷിംഗ് വരുത്തുന്ന ജോലികൾ നടക്കുന്നു. ഇതിനപ്പുറം ആ സിനിമയെ കുറിച്ച് ഒന്നും ചോദിക്കരുത്.
കോട്ടയം കല്ലറ സ്വദേശിനിയായ സുകന്യയാണ് സജയിന്റെ ഭാര്യ. സഹോദരൻ സണ്ണി കന്നട സംഗീത സംവിധായകനും നടനുമാണ്.