തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിശദീകരണം തേടി.വ്യാഴാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു ചൈത്ര തെരേസയുടെ നേതൃത്വത്തിൽ പൊലീസ് സി.പി.എം ഓഫീസിൽ റെയ്ഡ് നടത്തിയത്. വിവാദമായതോടെ സംഭവം അന്വേഷിക്കാൻ കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ട് പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റ ഉത്തരവിട്ടു.ആർ. ആദിത്യ ശബരിമല ഡ്യൂട്ടിയിലായതിനാലാണ് ചൈത്രയ്ക്ക് ചുമതല നൽകിയിരുന്നത്. ഇന്നലെ തന്നെ ഡി.സി.പിയുടെ അധിക പദവി ചൈത്ര ഒഴിഞ്ഞു.നിലവിൽ ചൈത്ര കന്റോൺമെന്റ് എ.സി.പിയാണ്.
ഭരണ സിരാകേന്ദ്രത്തിലെ പാർട്ടി ജില്ലാ ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തിയത് രാഷ്ട്രീയക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തിരഞ്ഞാണ് പൊലീസ് മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. പ്രതികളുടെ വീടുകളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. പ്രതികളിലൊരാളെ ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയിരുന്നു.പൊലീസ് എത്തുമ്പോൾ ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്‌പേർ മാത്രമേ ജില്ലാ കമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു.തുടർന്ന്
.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഡി.ജി.പിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി ചൈത്രയോടു വിശദീകരണം ചോദിച്ചിരുന്നു.തനിക്കു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് ഡി.ജി.പിയോടും മുഖ്യമന്ത്രിയോടും ചൈത്ര മറുപടി നൽകിയതെന്നാണ് അറിയുന്നത്.
സംഭവത്തിനാധാരമായ കേസ്
കഴിഞ്ഞ ചൊവ്വാഴ്ച പോക്‌സോ കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞു. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളൊരാളായ ഡി.വൈ.എഫ്.ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആരാണ് ചൈത്ര തെരാസ ജോൺ
കോഴിക്കോട് സ്വദേശി. ഐ.പി.എസ് പരീക്ഷ 111-ാം റാങ്കോടെ പാസായി. 2015 ലെ ഐ.പി.എസ് ബാച്ചിൽ മികച്ച ഓൾ റൗണ്ടർ വനിത പ്രൊബേഷണർ, മികച്ച വനിത ഔട്ട് ഡോർ പ്രൊബഷണർ എന്നീ പദവികൾ സ്വന്തമാക്കി.മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിൽ ആദ്യമായി വനിതാ സ്റ്റേഷൻ ഓഫീസറായി ചൈത്ര ചാർജെടുത്തു.