cm-pinarayi-vijayan

തിരുവനന്തപുരം: ശബരിമല കർമസമിതി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലായിരുന്നു പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്കു നയിക്കാനുള്ള ശ്രമം സംഘപരിവാർ നേരത്തേ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നത്. സമത്വത്തിനു വേണ്ടിയുള്ള സ്ത്രീ ഇടപെടലിൽ ഏറ്റവും കരുത്തുറ്റതാണ് വനിതാമതിൽ. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയിൽ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ച് സംശയം ഇല്ലായിരുന്നു. എതിർപ്പുകൾ പോലും പ്രചാരണമാകുന്ന കാഴ്ചയാണു കണ്ടത്. ഇനി വിപുലീകൃത രൂപത്തിൽ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണു വേണ്ടത്. നവോത്ഥാന മൂല്യങ്ങൾ അതേരീതിയിൽ വീണ്ടും ഉയർത്തിക്കൊണ്ടുവരിക എന്നതാണു പ്രധാനം. തുടർനടപടികളിൽ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടാക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.


വനിതാമതിലിന്റെ പ്രവർത്തനങ്ങളിൽ തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ അണിനിരന്നിരുന്നു.. തുടർപ്രവർത്തനം എല്ലാ മേഖലകളിലുമുണ്ടാകും. സമൂഹത്തിനകത്തെ ഇടപെടലും അവബോധവുമാണ് പ്രധാനം. നവോത്ഥാന സംഘടനകൾ ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീപുരുഷ തുല്യതയ്ക്കും സർക്കാർതലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. വളർന്നുവരുന്ന തലമുറയ്ക്കു നവോത്ഥാന മൂല്യങ്ങൾ വളർത്താൻ അക്കാദമിക ഇടപെടലുകൾ ഉണ്ടാകും. അധ്യാപകർക്കും ബോധവത്കരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.