തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സി.പി.എം നേതാവ് എം.എ.ബേബി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇനി യുവാക്കളുടെ സാന്നിധ്യമാണ് വേണ്ടത്. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യമുള്ള സ്ഥാനാർത്ഥി പട്ടികയാവും ഇടത് മുന്നണിയും സി.പി.എമ്മും പുറത്തിറക്കുന്നത്. തന്നെപ്പോലുള്ള വയസന്മാർ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പിൽ ദേശീയ നേതാക്കൾ മത്സരിക്കുമെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ കെ.സി.വേണുഗോപാലിനെതിരെ ആലപ്പുഴയിൽ എം.എ.ബേബിയെ മത്സിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തികച്ചും അനുകൂലമായ അന്തരീക്ഷമാണ് ആലപ്പുഴയിൽ ഉരുത്തിരിഞ്ഞിരിക്കുന്നതെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ഇപ്പോൾ തിരിച്ചുപിടിച്ചില്ലെങ്കിൽ അടുത്തകാലത്തൊന്നും ഒരു ചുവന്ന എം.പി ആലപ്പുഴയിൽ നിന്നുണ്ടാവില്ല എന്നാണ് പാർട്ടി ജില്ലാ നേതൃത്വം കരുതുന്നത്. തുടർച്ചയായി രണ്ട് തവണ വിജയശ്രീലാളിതനായി നിൽക്കുന്ന കോൺഗ്രസിലെ കെ.സി. വേണുഗോപാലിനെ വെട്ടാൻ കരുത്തനായ എതിരാളിയെയാണ് മത്സരത്തിനിറക്കുക. മണ്ഡലത്തിലെ സർവസമ്മതൻ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന വേണുഗോപാലിനെ വീഴ്ത്തണമെങ്കിൽ എതിരാളി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിട്ടുള്ളതാവണം. ആ വിലയിരുത്തലിൽ പാർട്ടിയുടെ കണ്ണ് ചെന്നെത്തി നിൽക്കുന്നത് പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയിലാണെന്നായിരുന്നു റിപ്പോർട്ടുകൾ.
ബേബിയെ ഇറക്കിയാൽ വീണ്ടും ചെങ്കൊടി പാറിപ്പിക്കാനാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു. ബേബി മുമ്പ് ഇവിടെ ജില്ലാ സെക്രട്ടറിയായിരുന്നതിന്റെ പരിചയമാണ് സ്ഥാനാർത്ഥിയാക്കാൻ കരുത്തേകുന്നത്. ആലപ്പുഴയിലെ വോട്ടർമാരിൽ വലിയൊരു വിഭാഗം ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരാണ്. ബേബിയെ ഇറക്കിയാൽ ക്രിസ്ത്യൻ വോട്ടുകൾ ഏകോപിപ്പിക്കാനും വിജയം ഉറപ്പിക്കാനും കഴിയുമെന്നാണ് കരുതുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.