ബാങ്കോക്കിലെത്തി വിസ സ്റ്റാമ്പ് ചെയ്ത് വിമാനത്താവളത്തിൽ നിന്നിറങ്ങുമ്പോൾ സ്വീകരിക്കാനായി നിന്നയാളെ കണ്ടപ്പോൾ തോന്നി ഹാ കൊള്ളാലോ... നല്ല സുന്ദരി തന്നെ.. പരിചയപ്പെടുന്നതിനിടയിലാണ് ഒന്നു മനസിലായത് കക്ഷി പെണ്ണല്ല ഹിജഡയാണ്. പലവട്ടം സൂക്ഷിച്ച് നിരീക്ഷിച്ചിട്ടും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല, മുന്നിൽ നിൽക്കുന്നയാൾ ഹിജഡയാണെന്ന്. പിന്നീടാണ് ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്ന ഇടമാണ് ബാങ്കോക്ക് എന്ന സത്യം അറിയുന്നത്.
തായ്ലാന്റിലെ രാജഭരണകൂടം സ്വവർഗാനുരാഗികളോടും ഹിജഡകളോടുമെല്ലാം മൃദുസമീപനമാണ് കൈക്കൊള്ളുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച് ഹിജഡകൾക്ക് ഇവിടെ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളിലും സ്‌കൂൾ, വാർത്താമാധ്യമങ്ങൾ എന്നീ മേഖലകളിലും ഇവർക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്.
മൂന്നാംലിംഗക്കാരെ സ്ത്രീ /പുരുഷൻ എന്ന പോലെ തായ്സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ലേഡി ബോയ് എന്നാണ് ഇവരെ വിളിക്കുക. ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പട്ടായയിലേക്കുള്ള യാത്രയിലെ കാഴ്ചകൾ മലയാളികളെ അത്ഭുതപ്പെടുത്തും. കാരണം കേരളത്തെ ഓർമ്മപ്പെടുത്തും വിധമാണ് ഇവിടുത്തെ ഭൂപ്രകൃതി. ഒരു പക്ഷേ കേരളത്തോട് ഇത്രയധികംസാമ്യമുള്ള മറ്റൊരു നാട് കാണുവാൻ കഴിഞ്ഞെന്ന് വരില്ല. വാഹനങ്ങൾ ചീറിപ്പായുന്ന ആറുവരി പാതയ്ക്ക് ഇരുവശവും തെങ്ങിൻ തോട്ടവും കപ്പത്തോട്ടവും ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയുമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
സമയ കണക്കിൽ ഇന്ത്യയും തായ്ലന്റും തമ്മിൽ ഒന്നരമണിക്കൂറിന്റെ വ്യത്യാസമുണ്ട്. നമ്മളേക്കാൾ ഒന്നരമണിക്കൂർ മുന്നേ പായുന്നവരാണ് തായ്ലന്റുകാർ. പൊതുവേ പട്ടായയെന്നു കേൾക്കുമ്പോൾ യുവാക്കളുടെ ഉള്ളിലുണ്ടാകുന്ന ചിരിയുണ്ടല്ലോ... അത് അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്ന ഒന്നുമാത്രമാണ്, അല്ലെങ്കിൽ കേട്ടുകേൾവികളിൽ വിശ്വസിക്കുന്നത് കൊണ്ടു മാത്രമാണ്. പട്ടായ മനുഷ്യമാംസത്തിന് വില പറയുന്ന നാട് മാത്രമല്ല,കുടുംബസമേതം സഞ്ചരിക്കാൻ കൊള്ളാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ലെന്നതാണ് സത്യം. തായ്ലാന്റിന്റെ കടലോരമേഖലയാണ് പട്ടായ എന്ന കൊച്ചുപട്ടണം. ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ പട്ടായയും നഗരസൗന്ദര്യം ആസ്വദിക്കാൻ ബാങ്കോക്കുമാണ് വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുക.
രാത്രിയുടെ മുഖം
മനോഹരമായ കടൽത്തീരങ്ങൾ, വൃത്തിയുള്ള റോഡുകൾ, സുഖകരമായ കാലാവസ്ഥ, രസകരമായ വിനോദങ്ങൾ, വ്യത്യസ്തമായ കാഴ്ചകൾ, പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എല്ലാ അർത്ഥത്തിലും സുഖിക്കാൻ വന്നിറങ്ങുന്ന സ്ഥലം അതാണ്പട്ടായ. മസാജിന് പേരു കേട്ട സ്ഥലം കൂടിയാണ്. രാവിലെ തുറക്കുന്ന മസാജ് പാർലറുകൾ രാത്രി പുലരുവോളം തുറന്നിരിക്കും. വ്യത്യസ്ത ഡ്രസ് കോഡിലുള്ള അർദ്ധനഗ്നരായ പെൺകുട്ടികൾ സഞ്ചാരികളെ കാത്ത് മസാജ് പാർലറുകൾക്ക് മുന്നിൽ നിരന്നിരിക്കുന്ന കാഴ്ച നഗരത്തിന്റെ എല്ലാം മുക്കിലും മൂലയിലും കാണുവാൻ കഴിയും. മണിക്കൂറിന് 200 മുതൽ 400 ബാത്ത് (ബാത്ത് തായ്ലാന്റ് കറൻസിയാണ്. ഒരു ബാത്ത് 1.87 ഇന്ത്യൻ രൂപയാണ്) വരെയാണ് ചാർജ്. പകൽ ഉറക്കവും രാത്രി ഉണരുകയും ചെയ്യുന്ന നഗരമാണ് പട്ടായ. പകൽ സമയം റോഡുകളിൽ വാഹനങ്ങൾ തീരെക്കുറവാണ്. പകൽ സഞ്ചാരികൾ കൂടുതലും ബീച്ചുകളിൽ വാട്ടർ സ്‌പോർട്സ് ഇനങ്ങളിലും വെയിൽ കായലിലുമായി സമയം ചെലവഴിക്കുക. രാത്രിയാകുന്നതോടെ നഗരത്തിന്റെ കെട്ടുംമട്ടും മാറും.
രതി എന്ന ചിന്തയാണ് നഗരം സഞ്ചാരികൾക്ക് സമ്മാനിക്കുക. ഡാൻസ് ബാറുകളും നൈറ്റ് ക്ലബ്ബുകളും ഉണരുകയായി. ബാറുകളിലും തായിറെസ്റ്റാറന്റുകളിലും അർദ്ധനഗ്നരായ പെൺകുട്ടികൾ മേശയ്ക്ക് മുകളിൽ നിന്ന് നൃത്തം ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഇവിടുത്തെ മിക്ക ഡാൻസ് ബാറുകളും തായി റെസ്‌റ്റേറന്റുകളും നമ്മുടെ നാട്ടിലെ പോലെ നാലുചുവരുകൾക്കുള്ളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതല്ല. ചുവരുകൾക്ക് പകരം തൂണുകളിൽ തീർത്ത ഓപ്പൺ കൊട്ടിടങ്ങളാണ് ഭൂരിഭാഗവും. ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്നതിന്റെ ലക്ഷ്യവും സഞ്ചാരികളായ വഴിയാത്രകരുടെ ശ്രദ്ധ അങ്ങോട്ടേയ്ക്ക് ആകർഷിക്കുക എന്നതു തന്നെ. രണ്ടരകിലോമീറ്റർ ദൂരം നീണ്ട് കിടക്കുന്ന വാക്കിംഗ് സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ചുവന്നതെരുവാണ് പട്ടായ നഗരത്തിന്റെ പ്രധാന ആകർഷണം. ഇന്ത്യയിലെ ചുവന്ന തെരുവുപോലെ പാൻ മുറുക്കുന്ന യുവതികളും വൃത്തിഹീനവും ഇടുങ്ങിയതും ഭീതിപ്പെടുത്തുന്നതുമായ വഴികളോ ആളുകളോ ഇവിടെയില്ല. ആരും നിർബന്ധിച്ച് വലിച്ചുകൊണ്ടുപോകുകയോ ശല്യപ്പെടുത്തുകയോ കൊള്ളയടിക്കുകയോ ചെയ്യില്ല. നേരെ മറിച്ച് വൃത്തിയുള്ളതും കസ്റ്റമറെ ബഹുമാനിക്കുകയും ചെയ്യുന്ന പോലീസ് കാവലിൽ നടക്കുന്നതുമായ മാംസവ്യാപാര കേന്ദ്രമാണ് ഇവിടെയുള്ളത്. ഈ കേന്ദ്രത്തിൽ വാഹനങ്ങൾക്ക്പ്രവേശനമില്ല. പേരുപോലെ തന്നെ നടന്നു നീങ്ങാനുള്ള തെരുവാണിത്. തിങ്ങിനിറഞ്ഞ നിരത്തിലൂടെ നടന്ന് നീങ്ങുന്നതും കുറച്ച് പാടുള്ള കാര്യം തന്നെയാണ്. രതി നുകരാൻ വരുന്നവർ മാത്രമല്ല,
ചുവന്നതെരുവ് കാണുവാൻ വരുന്നവരുമുണ്ട് ഇവിടെ. ഇന്ത്യക്കാർക്ക് വേണ്ടിയുള്ള സ്ഥലങ്ങളുമുണ്ട് തെരുവിൽ. ഇവിടെ സാരി അണിഞ്ഞ ഇന്ത്യൻ യുവതി കടയ്ക്കുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലുകൂട്ടിൽ നിന്ന് നൃത്തം വയ്ക്കുന്നുണ്ട്. ഡാൻസ് ബാറുകളിൽ ബീയറിന് വിലക്കുറവ് എന്ന ബോർഡുവയ്ച്ച് ആളുകളെ ആകർഷിക്കാൻ ഉടമകൾ ശ്രമം വിജയിക്കുന്നുണ്ടെന്ന് ബാറിനുള്ള് കണ്ടാൽ അറിയാം. ഇവിടെ നിന്ന് ബീയർ വാങ്ങിക്കുന്ന ആളുകൾക്ക് മറ്റൊരു ഓഫറുകൂടിയുണ്ട് ബീയർ ഗ്ലാസിൽ പകർത്തുന്ന യുവതിയെ ഇഷ്ടപ്പെട്ടാൽ അകത്ത് മുറികൾ ഒരുങ്ങും. പക്ഷേ എക്സ്ട്രാ ചാർജ് ഈടാക്കുമെന്ന് മാത്രം. ചുവന്നതെരുവിൽ ശരീരം വിൽക്കുന്നവർ മാത്രമല്ല ഉള്ളത്. ഭക്ഷണശാലകളും നൃത്തശാലകളും വഴിയരികിൽ നിന്ന് മാജിക്ക് കാണിക്കുന്നവരും പൊയ്ക്കാലിൽ നടക്കുന്നവരും ഭീകരരൂപികളുടെ വേഷം കെട്ടിയവരുമായി അനേകം പേർ നിത്യജീവിതത്തിനുള്ള പണം ഇവിടെ നിന്ന് കണ്ടെത്തുന്നുണ്ട്. ഹോട്ടൽ റിസപ്ഷനിൽ 300 മുതൽ 500 വരെ ബാത്ത് മുൻകൂട്ടി നൽകിയാൽ ആഗ്രഹിക്കുന്നത് ലഭിക്കും. പറ്റിക്കപ്പെടുമോ എന്ന പേടി വേണ്ട കാരണം പെൺകുട്ടിക്ക് തിരിച്ചുപോകണമെങ്കിൽ കസ്റ്റമറുടെ അനുമതി റിസപ്ഷനിലെ ജീവനക്കാർക്ക് ലഭിക്കണം. അതുവരെ പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ് റിസപ്ഷനിൽ പണയവസ്തുവായി ഇരിക്കും.
ബോയ്സ് സ്ട്രീറ്റും അൽകസർ ഷോയും
പെൺകുട്ടികളെ താത്പര്യമില്ലാത്തവർക്കായി ഒരു സ്ട്രീറ്റ് തന്നെ ഇവിടെയുണ്ട്. സ്വവർഗാനുരാഗികൾക്ക് മാത്രമായുള്ള തെരുവാണ് ബോയ്സ് സ്ട്രീറ്റ്. പട്ടായയുടെ മറ്റൊരു മുഖ്യ ആകർഷണം അൽകസർ ഷോയാണ്. തായ്ലാന്റിന്റെ എല്ലാവിധ സംസ്‌കാര, ടൂറിസമനോഭാവം പ്രകടമാക്കുന്ന ഒരുമണിക്കൂർ നേരത്തെ സ്‌റ്റേജ് ഷോയാണ് അൽകസർ ഷോ. നമ്മുടെ നാട്ടിൽ സ്റ്റേജ് ഷോകൾ അവതരിപ്പിക്കുമ്പോൾ രംഗം മാറ്റുന്നതിന് ലൈറ്റ് അണക്കുകയാണ് പതിവ്. അല്ലെങ്കിൽ ആർട്ടിസ്റ്റുകൾ വന്ന് രംഗം ഒരുക്കും. എന്നാൽ ഒറ്റ സ്റ്റേജിൽ ഒരുമണിക്കൂർ തുടർച്ചയായി നിരവധി രംഗങ്ങൾ സിനിമ കാണുന്നപോലെയിരുന്ന് കാണുവാൻ സാധിക്കുമെന്നതാണ് അൽകസർ ഷോയുടെ പ്രത്യേകത. നഗ്നതാപ്രദർശനം എന്നു വേണമെങ്കിൽ വിളിക്കാവുന്ന ഈ സ്‌റ്റേജ് പെർഫോമൻസിൽ പങ്കെടുക്കുന്ന സുന്ദരികൾ എല്ലാവരും ലിംഗമാറ്റം നടത്തിയവരാണ്. ഷോ കണ്ടാൽ ഇവർ പെൺകുട്ടികൾ അല്ല എന്ന സത്യം വിശ്വസിക്കാൻ പ്രയാസമാണ്.
പകലിന്റെ മുഖം
രാത്രിക്കും പകലിനും ഈ നഗരത്തിന് രണ്ടുമുഖമാണ് ഉള്ളത്. പകൽ കുടുംബസമേതം ആഘോഷിക്കാൻ കടലിന് നടുവിൽ പാരച്യൂട്ടിൽ പറക്കാനും കടലിനടിയിൽ പോയി പവിഴപ്പുറ്റുകളും മത്സ്യങ്ങളും കാണുവാൻ അവസരമുണ്ട്. ബസ് ഇല്ലാത്ത നഗരമാണ്പട്ടായ. പിക്കപ്പ് വാൻ പോലുള്ള ഷേയർ ടാക്സികളാണ് ഇവിടെ കൂടുതലും ടാക്സി ബൈക്കുകൾ, തുക എന്ന പേരിൽ അറിയപ്പെടുന്ന ഒട്ടോറിക്ഷകളുമാണ് പ്രധാന യാത്രാമാർഗം. ജീവിതച്ചെലവ് വളരെ കുറഞ്ഞ നഗരം കൂടിയാണ് പട്ടായ. താമസം, ആഹാരം, മദ്യം എല്ലാറ്റിനും ഇവിടെ വിലക്കുറവാണ്. ത്രീസ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിന് ഭക്ഷണം അടക്കം 2000 ബാത്ത് ചെലവ് വരുകയേ ഉള്ളൂ. മിനിബാറുകൾ എല്ലായിടത്തും ലഭ്യമാണ്. പെട്ടികടകളിൽ തുടങ്ങി സ്റ്റാർ ഹോട്ടലുകളിൽ വരെ മദ്യം സുലഭമാണ്. 38 ബാത്തിന്റെ ബിയർ മുതൽ 1200 ബാത്തിന്റെ സ്‌കോച്ച് വിസ്‌കിവരെ ഇവിടെ കിട്ടും. അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കുമുന്നിലും ചെറിയ ബുദ്ധക്ഷേത്രം ഉണ്ടെന്നതാണ്. രാവിലെ ഈ ക്ഷേത്രങ്ങളിൽ ആഹാരവസ്തുക്കൾ അർപ്പിച്ച ശേഷമേ ഇവർ അന്നത്തെ ദിവസം ആരംഭിക്കുകയുള്ളൂ. നിരവധി മത്സ്യത്തൊഴിലാളിഗ്രാമങ്ങളും കൃഷിയിടങ്ങളും പട്ടായയിൽ ഉണ്ട്. ഇവിടുത്തെ യഥാർത്ഥ ഗ്രാമീണരുടെ ജീവിതവും ആഘോഷങ്ങളും അതിലാണ്. അറുപതുകളിൽ കേവലം മീൻപിടിത്ത ഗ്രാമം മാത്രമായിരുന്ന പട്ടായയിലേക്ക് ബാങ്കോക്കിൽ നിന്നു ആളുകൾ അവധി ആഘോഷിക്കാൻ എത്തിത്തുടങ്ങിയതോടെയാണ് പുതിയ മുഖമുണ്ടായത്. പതിയ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പട്ടായ വളരുകയായിരുന്നു. വിയറ്റ്നാം യുദ്ധവേളയിൽ അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദകേന്ദ്രമായിരുന്നു. ഇന്നിപ്പോൾ പട്ടായയിലെ രാത്രികളാണ് ഈ നഗരത്തിന്റെ പ്രധാന ആകർഷണം. കേരളത്തിൽ കാണുന്ന മാങ്ങ, ചക്ക, വാഴപ്പഴം തുടങ്ങിയ പല പഴവർഗങ്ങളും ഇവിടെ സുലഭമാണ്.
കോറൽ ദ്വീപ്
പട്ടായ നഗരത്തിൽ നിന്ന് അധികം അകലെയല്ലാത്ത കോറൽ ദ്വീപിൽ സ്പീഡ് ബോട്ടിൽ പോകാനുള്ള സൗകര്യമുണ്ട്. ചെറുകുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന കോറൽ ദ്വീപ് ബീച്ചിൽ എല്ലാവിധ ജലവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. അഞ്ചു കിലോവരെ തൂക്കം വരുന്ന കൂറ്റൻ കൊഞ്ചുകൾ, ഞണ്ടുകൾ, നീരാളികൾ, കക്കകൾ, വിവിധതരം മത്സ്യങ്ങൾ തുടങ്ങിയവ മാടിവിളിക്കുന്ന ഭക്ഷണശാലകൾ ഉണ്ട്. കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, തായി പഴവർഗങ്ങൾ, കടൽ വിഭവങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളാണ് ബീച്ച് കൈയേറിയിരിക്കുന്നത്.
ഫ്‌ളോട്ടിംഗ് മാർക്കറ്റ്
പട്ടായിലെ മറ്റൊരു പ്രധാന ആകർഷണം ഒരുലക്ഷം സ്‌ക്വയർഫീറ്റിൽ വ്യാപിച്ച് കിടക്കുന്ന ഫ്‌ളോട്ടിംഗ് മാർക്കറ്റാണ്. വെള്ളത്തിൽ മരത്തടിയാൽ നിർമിച്ചിട്ടുള്ള ഈ മാർക്കറ്റ് ഒരു സ്വകാര്യവ്യക്തിയുടെതാണ്. അതുകൊണ്ടു തന്നെ ഇവിടെ പ്രവേശിക്കണമെങ്കിൽ പാസ് എടുക്കണം. തോണിയിൽ വേണമെങ്കിൽ സഞ്ചരിക്കാം ഇല്ലെങ്കിൽ കടകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുവഴിയിലൂടെ സഞ്ചരിക്കാം. ഒഴുകുന്ന കടകൾ ആണ് പ്രധാന ആകർഷണം. ചെറുവള്ളത്തിലാണ് ഇവിടുത്തെ കച്ചവടം. കരകൗശല വസ്തുക്കൾ, ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് ഈ മാർക്കറ്റിൽ കിട്ടുക. മുതല ഫ്രൈ കിട്ടുന്ന കട തുടക്കത്തിൽ തന്നെയുണ്ട്. പുഴു, തേൾ, പാറ്റ, പുൽച്ചാടി തുടങ്ങി ജീവികളെ രുചിച്ചു നോക്കേണ്ടവർക്ക് ഇവിടെ അവയെല്ലാം ലഭിക്കും. ഒരു പ്ലേറ്റ് പുഴു വറുത്തതിന് 150 ബാത്തും ഒരു ബോട്ടിൽ പുഴു ഉണങ്ങിയതിന് 450 ബാത്തുമാണ് വില. മലയാളികൾ വേയിസ്റ്റായിട്ട് കളയുന്ന കോഴിയുടെ പാദം, പന്നിയുടെ ചെവി, മൂക്ക്, വാല് തുടങ്ങിയവ ഇവിടെ വറുത്ത് വിൽപനയ്ക്ക് വച്ചിട്ടുണ്ട്. എണ്ണയിൽ ഇട്ടു വറത്ത് എടുക്കുന്നതിലും കൂടുതൽ തീക്കനലുകൾ നിരത്തി അതിന് മുകളിൽ ഗ്രിൽ നിരത്തി ചുട്ട് എടുക്കുകയാണ് ചെയ്യുക.
വ്യത്യസ്തങ്ങളായ പലഹാരങ്ങൾ വള്ളത്തിൽ ഇരുന്ന് ഉണ്ടാക്കി വിൽപനയ്ക്കായി നിരത്തി വച്ചിട്ടുണ്ടെങ്കിലും തായ് ഭക്ഷണം ഉണ്ടാക്കുന്ന മണം അടിച്ചാൽ പിന്നീട് ഭക്ഷണം എന്ന വാക്കുതന്നെ വെറുത്ത് പോകും. ഇവിടുത്തെ മറ്റൊരു സ്‌പെഷ്യൽ വിഭവമാണ് ഞണ്ട് ഉപ്പിലിട്ടത്. നമ്മുടെ നാട്ടിൽ വഴിയരികിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന കൊതിയൂറും വിഭവമായ മാങ്ങ, നെല്ലിക്കാ, മുളക് ഉപ്പിലിട്ടത് പോലെ ഇവിടെ ഞണ്ടാണ് ഭരണികൾക്കുള്ളിലാക്കി ഉപ്പിലിട്ടുവച്ചിരിക്കുന്നത്. ഉപ്പിലിട്ട ഞണ്ട് കഴിക്കുന്നത് മാങ്ങയും നെല്ലിക്കയും മുളകും കഴിക്കുന്നപോലെയല്ലെന്നു മാത്രം. ഓർഡർ ചെയ്താൽ ഞണ്ടിനെ ഭരണിയിൽ നിന്ന് എടുത്ത് മുറുക്കാൻ ഇടിക്കുന്ന പോലത്തെ ചെറിയ ഒരു കല്ലിലിട്ട് ഇടിച്ച് മുളകും വെള്ളരിക്ക കഷ്ണവും ചേർത്ത് ചെറിയ പ്ലേയ്റ്റിലാക്കിത്തരും. പട്ടായയിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഫ്‌ളോട്ടിംഗ് മാർക്കറ്റ്. സാഹസികരായ സഞ്ചാരികൾ ഇവിടെയെത്തിയാൽ പട്ടായ നിരാശരാക്കില്ല കാരണം പട്ടായ പാർക്ക് ടവർ ഇവരെയും കാത്തുനിൽപ്പുണ്ട്. ടവർ ജംപ്, സ്‌കൈ റോപ്പ്, കറങ്ങുന്ന ഭക്ഷണശാല തുടങ്ങിയവ ഇവിടെയുണ്ട്. 1200 ബാത്താണ് ഈ സാഹസവിനോദങ്ങൾക്ക് ഇടാക്കുന്ന ചാർജ്. പാർക്ക് ടവറിന് മുകളിൽ നിന്നാൽ പട്ടായ നഗരം മുഴുവൻ കാണുവാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ രത്ന നിർമാണശാലയും ഇവിടെയാണ്. സന്ദർശകർക്ക് രത്നം ഉണ്ടാക്കുന്നത് മുതൽ അത് ആഭരണം ആയി തീരുന്ന വരെയുള്ള കാര്യങ്ങൾ ഇവിടെ കാണാനാകും. വിശാലമായ രത്ന ആഭരണ ഷോറൂമും ചെറിയ കടകളും ഇതിനകത്തുണ്ട്. കൈയിൽ കാശുണ്ടെങ്കിൽ ഒറിജിനൽ രത്നം വാങ്ങി പോരുകയും ചെയ്യാം. ബാങ്കോക്കിലേയ്ക്ക് തിരിച്ച് യാത്രയാകുമ്പോൾ കേട്ടറിഞ്ഞതിലും മനോഹരമായിരുന്നു ഈ തീരനഗരം. ഇനിയും വരാം എന്നു പറഞ്ഞ് തൽകാലം പട്ടായയോട് വിടവാങ്ങി.