തിരുവനന്തപുരം: നമ്പി നാരായണന് പത്മ അവാർഡ് നൽകിയതിനെതിരെ മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാർ രംഗത്തെത്തിയിരുന്നു. നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നൽകിയിട്ടില്ലെന്നും ടി.പി സെൻകുമാർ പറഞ്ഞിരുന്നു. ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാർശ ചെയ്തത്. അവർ തന്നെ ഇതിൽ വിശദീകരണം നൽകണമെന്നും ടി.പി സെൻകുമാർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ വി.സി അഭിലാഷ് രംഗത്തെത്തിയിരിക്കുന്നു.
നമ്പി നാരായണൻ രാജ്യത്തിന് നൽകിയ സംഭാവനകളെ ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകൻ വി.സി അഭിലാഷിന്റെ വിമർശനം. ശ്രീമാൻ സെൻകുമാർ അറിയാൻ, മിനിഞ്ഞാന്ന് രാത്രിയുടെ അന്ത്യയാമങ്ങളിൽ അതായത്, താങ്കൾ മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങുന്ന ആ പാതിരാനേരത്ത് ഇന്ത്യ ഒരു റോക്കറ്റ് മാനത്തേക്ക് വിജയകരമായി പറഞ്ഞു വിട്ടു. അതിന്റെ പേര് പി.എസ്.എൽ.വി സി 44. ഈ റോക്കറ്റ്, നിങ്ങൾ പരിഹസിച്ച നമ്പി നാരായണൻ ദശാബ്ദങ്ങൾക്ക് മുമ്പ് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന് നൽകിയ മഹത്തായ സംഭാവനയാണ് എന്ന കാര്യം നിങ്ങൾക്കറിയാമോ?' എന്നായിരുന്നു ഫേസ്ബുക്കിലൂടെ അഭിലാഷ് സെൻകുമാറിനോട് ചോദിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീമാൻ സെൻകുമാർ അറിയാൻ,
മിനിഞ്ഞാന്ന്,
രാത്രിയുടെ അന്ത്യയാമങ്ങളിൽ
അതായത്, താങ്കൾ മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങുന്ന ആ പാതിരാനേരത്ത്
ഇന്ത്യ ഒരു റോക്കറ്റ് മാനത്തേക്ക് വിജയകരമായി പറഞ്ഞു വിട്ടു.
അതിന്റെ പേര് PSLV C 44.
ഈ റോക്കറ്റ്, നിങ്ങൾ പരിഹസിച്ച
നമ്പി നാരായണൻ ദശാബ്ദങ്ങൾക്ക് മുമ്പ് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന് നൽകിയ മഹത്തായ സംഭാവനയാണ് എന്ന കാര്യം നിങ്ങൾക്കറിയാമോ?
ആ റോക്കറ്റിലെ Second Stage - ലെ
നാല് എൻജിനുകൾ
നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ പ്രതിഭയുടെ സൃഷ്ടിയാണ്.
ഇന്നോളം
ഒരു പരാജയവും നേരിടാത്ത,
മംഗൾയാനടക്കം ഉയരങ്ങളിലേക്ക് കൊണ്ടുപോയ,
വികാസ് എൻജിന്റെ
ചരിത്രം
സമയം കിട്ടുമ്പോൾ
ഗൂഗിളിൽ തപ്പി നോക്കുക.
അങ്ങനെ ഏമാന് വിവരം വയ്ക്കട്ടെ.