തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെങ്കിൽ മുൻ ഡി.ജി.പി ടി.പി.സെൻകുമാർ അത് പുറത്തുവിടണമെന്ന് നമ്പി നാരായണന്റെ മറുപടി. ഇത്രയും പ്രമാദമായ കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെങ്കിൽ അത് ടി.പി.സെൻകുമാർ കോടതിയിൽ ഹാജരാക്കണം. അല്ലാതെ അവ വച്ചിരിക്കുന്നത് കോടതി അലക്ഷ്യമാമെന്നും നമ്പി നാരായണൻ കൂട്ടിച്ചേർത്തു.
പദ്മഭൂഷൺ ലഭിക്കാൻ തനിക്ക് അർഹതയില്ലെന്ന് പറഞ്ഞ സെൻകുമാറിനോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ എന്നും നമ്പി നാരായണൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ എവിടെപ്പോയാലും സെൻകുമാറിന് വോട്ട് കിട്ടില്ല. വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പ്രതികരിക്കാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നൽകിയിട്ടില്ലെന്നും ടി.പി സെൻകുമാർ പറഞ്ഞിരുന്നു. ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാർശ ചെയ്തത്. അവർ തന്നെ ഇതിൽ വിശദീകരണം നൽകണമെന്നും ടി.പി സെൻകുമാർ ആവശ്യപ്പെട്ടു. ഈ പരാമർശത്തിലാണ് നമ്പി നാരായണന്റെ പ്രതികരണം.