advocate-jayasankar

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ തിരച്ചിൽ നടത്തിയതിന് പിന്നാലെ ഡി.സി.പി ചൈത്രാ തെരേസ ജോണിനെ ചുമതലയിൽ നിന്ന് മാറ്റിയതിനെതിരെ രൂക്ഷവിമർശനവുമായി അഭിഭാഷനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കർ രംഗത്തെത്തി. ചോരത്തിളപ്പിന്റെ കരുത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പ്രതികളെ പിടിക്കാമെന്ന് കരുതേണ്ടെന്നും അങ്ങനെ വിചാരിച്ചാൽ തോമസ് ഐസക്കിന്റെ അനുഭവം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്‌റ്റിന്റെ പൂർണരൂപം

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തിൽ കയറി കൊത്താമെന്ന് ആരും കരുതരുത്.

ചൈത്ര തെരേസ ജോൺ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകൾ കണ്ട ഓർമകളും ഉണ്ട്.

എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാൻ ഇത് ശബരിമല സന്നിധാനമല്ല.

സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഡോ. ജേക്കബ് തോമസിൻ്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്.