narendra-modi-kerala

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊച്ചി നാവികസേനാ വിമാനത്താളത്തിൽ ഉച്ചയ്‌ക്ക് 1.55ന് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെ വിപൂലികരിച്ച പ്ളാന്റ് ഉദ്‌ഘാടനം ചെയ്യും. നാവികസേനാ വിമാനത്താളത്തിൽ നിന്നും ഹെലികോപ്‌ടറിൽ രാജഗിരി കോളജ് മൈതാനത്തേക്ക് എത്തുന്ന മോദി അവിടെ നിന്നും റോഡ് മാർഗമാണ് കൊച്ചി റിഫൈനറിയിൽ എത്തുക. പിന്നീട് വൈകിട്ട് 4.15ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ യുവമോർച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും.

എൽ.പി.ജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂർ സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം എന്നീ ചടങ്ങുകളും പ്രധാനമന്ത്രി നിർവഹിക്കും. യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവുമാണ് തൃശൂരിലെ പരിപാടി. തുടർന്ന് അഞ്ച് മണിയോടെ കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും മടങ്ങും.

പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ചടങ്ങിൽ പ്രവേശനം. പ്രത്യേക പാസ് മൂലമാണ് ഇവർക്ക് പ്രവേശനം അനുവദിക്കുക. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എം.എൽ.എമാർ, മറ്റു വിശിഷ്‌ടാതിഥികൾ എന്നിവർ പങ്കെടുക്കും.